CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 10 Minutes 43 Seconds Ago
Breaking Now

ബ്രിസ്‌കയെ ബ്രിസ്റ്റോളിന്റെ ഹൃദയത്തുടിപ്പാക്കിയ ഭാരവാഹികള്‍ സ്ഥാനമൊഴിയുന്നു

ബ്രിസ്‌റ്റോള്‍ മലയാളികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തി നിരവധി കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ബ്രിസ്‌ക ഭാരവാഹികള്‍ അഭിമാനത്തോടെ പടിയിറങ്ങുന്നു. പ്രസിഡന്റ് ജോജിമോന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെ ചലിച്ചുകൊണ്ടിരുന്ന കമ്മറ്റിയാണ് പുതിയ കമ്മറ്റിക്ക് നേതൃത്വം കൈമാറി പടിയിറങ്ങുന്നത്.

ബ്രിസ്‌റ്റോളിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശീക അസോസിയേഷനുകളെയും അയല്‍ക്കൂട്ടങ്ങളെയും കോണ്‍ഫെഡറേഷന്‍ കൂടിയായ ബ്രിസ്‌കയുടെ നവീന കാഴ്ചപ്പാടുകള്‍ മലയാളി സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ജാതി മത പ്രാദേശീക ചിന്താഗതികള്‍ക്ക് അതീതമായി ബ്രിസ്റ്റോള്‍ മലയാളികളെ ഒന്നായി കാണുന്ന മനോഭാവമാണ് അംഗീകാരത്തിന്റെ കാരണമെന്ന് പ്രസിഡന്റ് ജോജിമോന്‍ കുര്യാക്കോസ്, സെക്രട്ടറി കിഷാന്‍ പയ്യാന, വൈസ്പ്രസിഡന്റ് ജോണ്‍സണ്‍ തോമസ്, ട്രഷറാര്‍ പികെ രാജുമോന്‍, പിആര്‍ഒ മാനുവല്‍ മാത്യു, സ്‌പോര്‍ട്ട്‌സ് സെക്രട്ടറി ബാബു ആളിയത്ത്, ആര്‍ട്‌സ് സെക്രട്ടറി ബിനു ജേക്കബ്ബ്, റെജി ജോണ്‍, തോമസ് മാത്യു, രാജേഷ് ജോസഫ്, ജോസ് തോമസ്, ബിനോയി മാണി, സണ്ണി ജോസഫ്, ജോര്‍ജ്ജ് ലൂക്ക്, ജോസി നെടുംതുരുത്തില്‍, സജി വര്‍ഗ്ഗീസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.


2013 ഫെബ്രുവരിയില്‍ നടന്ന പൊതുയോഗത്തില്‍ ജോജോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രഥമ കമ്മറ്റിയില്‍ നിന്നും ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ മുതല്‍ വിശ്രമമില്ലാതെയുള്ള പൊതുജന സേവനമാണ് ബ്രിസ്‌കയെ ജനഹൃദയങ്ങളിലെത്തിച്ചത്. കമ്മിറ്റിയുടെ ആദ്യ പരിപാടിയായ കുടുംബമേളയും സ്‌പോര്‍ട്ട്‌സ് ദിനവും വന്‍ജനപങ്കാളിത്തത്തോടും കൂടി അവിസ്മരണീയമായപ്പോള്‍ എല്ലാവര്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിച്ചു. തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ നടന്ന കലാമേളയും വ്യത്യസ്തത നിറഞ്ഞ മത്സരങ്ങളാലും മത്സരാര്‍ത്ഥികളുടെ എണ്ണത്താലും ശ്രദ്ദേയമായി. 924 പേര്‍ പങ്കെടുത്ത ഓണസദ്യയയും കലാപരിപാടികളും നിമിത്തം ശ്രദ്ധേയമായ തിരുവോണ മഹോത്സവം ആരും വിസ്മരിക്കാനിടയില്ല. ഒക്ടോബറില്‍ നടന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്‍ും കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം നടത്തിയ ക്രിക്കറ്റ് ക്ലബ്ബും ബ്രിസ്‌കയുടെ പെരുമ വാനോളമുയർത്തി.


മലയാളി മനസ്സില്‍ ഗ്രഹാതുരത്വത്തിന്റെ മധുരനൊമ്പരക്കാറ്റ് വീശിയ കേരളപ്പിറവി ആഘോഷം വേറിട്ട ഒരു അനുഭവമായി മാറി.  അന്നേ ദിവസം ഉത്ഘാടനം ചെയ്ത മലയാളം ക്ലാസ്സില്‍ സൗത്ത്മേഡ്, ഫിഷ്‌പോണ്ട്സ് സെന്ററുകളിലായി 134 കുട്ടികള്‍ പഠനം തുടരുന്നു. കൂടാതെ ബ്രിസ്റ്റോള്‍ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ള ഡാന്‍സ് സ്‌കൂള്‍, ഫുട്‌ബോള്‍ ട്രെയിനിംഗ്, ക്രിക്കറ്റ് ക്ലബ്ബ്, യോഗ ക്ലാസ്സ് എന്നിവയും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ കമ്മറ്റിക്ക് കഴിഞ്ഞു. 


ബ്രിസ്‌കയുടെ കാരുണ്യത്തിന്റെ മുഖമായി മാറിയ സ്പര്‍ശം 2014 ഉദ്ദേശ ശുദ്ധികൊണ്ടും വന്‍ സഹകരണം കൊണ്ടും പ്രത്യേക പരിപാടിയായി മാറി. അതിലൂടെ കിട്ടിയ പണം മുഴുവനായും നേരത്തെ പ്രഖ്യാപിച്ച ജീവകാരുണ്യ സൊസൈറ്റിക്ക് കൈമാറി. വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള ബന്ധത്തിന്റെ മാഹാത്മ്യം തുറന്ന് കാട്ടിയ മാതൃകാപരമായ പ്രവര്‍ത്തനമാണ് ബ്രിസ്‌ക കാഴ്ച വെച്ചത്. വാക്കുകളിലും കടലാസിലും ഒതുക്കാതെ പരിമിതമായ സാഹചര്യങ്ങളും സമയവും പരമാവധി ചൂഷണം ചെയ്യുവാനും അത് സമൂഹ നന്മക്കായി മാറ്റുവാനും കഴിഞ്ഞുവെന്ന് ഭാരവാഹികൾ അഭിമാനിക്കുന്നു.    


കമ്മറ്റിയുടെ സമാപനവും അവലോകനവും ഉദ്ദേശിച്ച് കഴിഞ്ഞ ഏപ്രിലില്‍ സൌത്ത്മീട്    കമ്മ്യൂണിറ്റി സെന്ററില്‍ പൊതുയോഗം നടത്തി. പ്രസിഡന്റ് ജോജിമോന്‍ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ജനറല്‍ സെക്രട്ടറി കിഷന്‍ പയ്യന റിപ്പോര്‍ട്ടും ട്രഷറര്‍ രാജുമോന്‍ പി.കെ  ഓഡിറ്റിന് വിധേയമാക്കിയ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് വിശദമായ അവലോകന ചർച്ചകൾ നടന്നു. വൈസ് പ്രസിഡന്റ്‌ ജോണ്‍സൻ തോമസ്‌ സാഗതവും പി.ആർ.ഒ മാനുവൽ മാത്യു നന്ദിയും പറഞ്ഞു.

14 മാസങ്ങളായി നിലവിലുള്ള കമ്മറ്റിക്ക് നല്‍കുന്ന സര്‍വ്വ പിന്തുണകള്‍ക്കും ബ്രിസ്കയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നത്തിൽ കമ്മിറ്റിയെ സഹായിക്കുന്ന യൂറോപ്പ് മലയാളി  ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കും പ്രത്യേകം നന്ദി പറയുന്നതായി പ്രസിഡന്റ് ജോജിമോന്‍ കുര്യാക്കോസ്, പി.ആര്‍.ഒ  മാനുവല്‍ മാത്യു എന്നിവർ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.