CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 24 Seconds Ago
Breaking Now

പ്രവാസികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി വര്‍ദ്ധിച്ചു: അഡ്വ. സജീവ് ജോസഫ്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവാസികളുടെ പ്രസക്തി വര്‍ദ്ധിച്ചുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്. ഒ.ഐ.സി.സി യു.കെ നാഷണല്‍ കമ്മറ്റി സ്റ്റഫോര്‍ഡില്‍ വച്ച് നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നു തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം ഉടന്‍ തന്നെ ഒരുങ്ങും. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി ഈ സൗകര്യം പ്രവാസി മലയാളികള്‍ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കിയ യു.പി.എ സര്‍ക്കാരിന്റെ നടപടികള്‍ അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്താന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോട് കൂടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പ്രവാസികളുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചുവെന്ന് അഡ്വ. സജീവ് ജോസഫ്  ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും എം.പിമാരും പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി പ്രശംസനീയമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

മൂന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ഇന്ത്യയിലെ ജനാധിപത്യ-മതേതര വിശ്വാസികളായ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്ന് തര്‍ക്കമില്ലാത്ത കാര്യമാണെന്നും അഡ്വ. സജീവ് ജോസഫ് പറഞ്ഞു. 2004, 2009 വര്‍ഷങ്ങളില്‍ നടന്ന ലോക്​സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്നു ഇന്ത്യയിലെ പ്രമുഖ സര്‍വേകളും മാധ്യമങ്ങളുമെല്ലാം പ്രവചിച്ചിരുന്നതാണ്. എന്നാല്‍ എല്ലാ പ്രവചനങ്ങളേയും അതിജീവിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് രണ്ടു തവണയും കാലാവധി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇന്ത്യന്‍ ജനത കോണ്‍ഗ്രസില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. മാധ്യമങ്ങളേയും സര്‍വേ ഫലങ്ങളേയും സ്വാധീനിക്കുവാന്‍ കഴിയുന്ന ചിലര്‍ നടത്തുന്ന തെരഞ്ഞെടുപ്പുകാലത്തെ പ്രവചന നാടകങ്ങള്‍ക്ക് ഫലപ്രഖ്യാപനം വരെ മാത്രമേ ആയുസ്സ് ഉണ്ടാവുകയുള്ളൂ. ജനങ്ങള്‍ ആഗ്രഹിക്കുന്ന മൂന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തില്‍ ഇത്തവണ കോണ്‍ഗ്രസ്സും യു.ഡി.എഫും മികച്ച നേട്ടം കൈവരിക്കുമെന്ന് അഡ്വ. സജീവ് ജോസഫ് ചൂണ്ടിക്കാട്ടി. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും യു.ഡി.എഫിന് അനുകൂലമായിരുന്നു. സി.പി.എം ത്രിപുരയിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം തകര്‍ന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. കേരളത്തില്‍ കഴിഞ്ഞ തവണ വിജയിച്ചതില്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ യു.ഡി.എഫിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി യു.കെയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കെ.പിസി.സിയ്ക്ക് വേണ്ടി പ്രത്യേക നന്ദി അറിയിച്ചു. സോഷ്യല്‍ നെറ്റ്​വര്‍ക്ക് സൈറ്റുകളിലൂടെയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഒ.ഐ.സി.സി യു.കെ നടത്തിയിട്ടുള്ളത്. ഒ.ഐ.സി.സി. യു.കെയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലേയ്ക്ക് സൗജന്യമായി വിളിക്കുവാന്‍ കഴിയുന്ന 'ടെലഫോണ്‍ കോളിങ് കാമ്പയിന്‍' നടപ്പിലാക്കിയത് ഏറെ പ്രശംസനീയമാണെന്നും പ്രവാസി മലയാളികള്‍ക്കിടയില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിച്ചെടുക്കുന്നതിനും നാടുമായുള്ള ബന്ധം കൂടുതല്‍ ഉൗഷ്മളമായി നിലനിര്‍ത്തുന്നതിനു ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഒ.ഐ.സി.സി യു.കെ ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു. ഹൃസ്വസന്ദര്‍ശനത്തിനായി യു.കെയിലെത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഒ.ഐ.സി.സി യു.കെ നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതില്‍ കമ്മറ്റിയുടെ പ്രത്യേക നന്ദി ജെയ്സണ്‍ അറിയിച്ചു. പടിപടിയായി വിദ്യാര്‍ത്ഥി യുവജന രംഗത്തു കൂടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി, നെഹ്റു യുവകേന്ദ്രയുടെ ദേശീയ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലെത്തിയ സജീവ് കോണ്‍ഗ്രസിലെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് എന്നും മാതൃകയാണെന്നും ജെയ്സണ്‍ ചൂണ്ടിക്കാട്ടി.

ഒ.ഐ.സി.സി യു.കെ സ്റ്റഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആതിഥേയത്വത്തിലാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. അഡ്വ. സജീവിന്റെ ജന്മദേശമായ കണ്ണൂര്‍ ഉളിക്കലില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറിയും ഒ.ഐ.സി.സി യു.കെ സ്റ്റഫോര്‍ഡ് കൗണ്‍സില്‍ കമ്മറ്റി ട്രഷററുമായ ശിവദാസ് കുമാരന്‍ സ്വാഗതപ്രസംഗം നടത്തി. ആതിഥേയര്‍ക്ക് വേണ്ടി കൗണ്‍സില്‍ കമ്മറ്റി പ്രസിഡന്റ് ജോബിന്‍ ജോര്‍ജ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയെ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ചു. കുമാരി ഡൈന ദാസ് ബൊക്കെ നല്‍കി. അഡ്വ. സജീവിനൊപ്പം കെ.എസ്.യു ജില്ലാ ഭാരവാഹിയായിരുന്ന അനു ജോസഫ് കലയന്താനം, ഇരിക്കൂര്‍ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റി മുന്‍ സെക്രട്ടറി ബിജു ചാണ്ടി എന്നിവര്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു.

ഒ.ഐ.സി.സി യു.കെ ഫേസ്ബുക്ക് പേജിന് ആയിരം ലൈക്കുകള്‍ തികഞ്ഞതിന്റെ സന്തോഷം പങ്കിടുന്നതിനായി പ്രത്യേകം ഡിസൈന്‍ ചെയ്തു തയ്യാറാക്കിയ കേക്ക് അഡ്വ. സജീവ് ജോസഫ് മുറിച്ചു. ഒ.ഐ.സി.സി യു.കെ ദേശീയ വൈസ്  പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അഡ്വ. സജീവ് ജോസഫിന് കേക്ക് നല്‍കി മധുരവിതരണത്തിനു തുടക്കമിട്ടു. ഒ.ഐ.സി.സി യു.കെ ഇത്തവണ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ദേശീയ ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയ്ക്ക് കൈമാറി. കെ.പി.സി.സി പ്രസിഡന്റ് ശ്രീ. വി.എം സുധീരന്റെ നിര്‍ദേശപ്രകാരമാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്റിനു കൈമാറുമെന്ന് അഡ്വ. സജീവ് അറിയിച്ചു. ഒ.ഐ.സി.സി നേതാക്കളായ ഇഗ്നേഷ്യസ് പെട്ടയില്‍, അബ്രാഹം ജോര്‍ജ്, റെന്‍സണ്‍ സഖറിയാസ്, ജോയ് ഗോപുരന്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോബിന്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.