CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 42 Minutes 51 Seconds Ago
Breaking Now

തൃശൂര്‍ ജില്ല സൗഹൃദ വേദി ജൂലൈ 5 ന് . രാജിവ് ഔസേപ്പ് ഉത്ഘാടനം ചെയ്യും.

ആദ്യ തൃശൂര്‍ ജില്ല കുടുംബ സംഗമത്തിന് അരങ്ങുണരാൻ ഇനി മൂന്നാഴ്ച മാത്രം. ആദ്യ സംഗമം എന്ന നിലയ്ക്ക് യുകെയില്‍ ഉള്ള തൃശൂർ ജില്ലക്കാരുടെ ഒത്തു കൂടലിന് വിപുലമായ ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമായി . തൃശൂര്‍ സ്വദേശിയായ യുകെയിലെ ഏറ്റവും പ്രശസ്തന്‍ ആയ മലയാളി രാജിവ് ഔസേപ്പ് ഉത്ഘാടകന്‍ ആകുന്നു എന്നത് തന്നെ തൃശൂർ ജില്ല സൗഹൃദ വേദിയുടെ തുടക്കം തന്നെ ശ്രദ്ധിക്കപ്പെടാന്‍ കാരണമാകുകയാണ്. നാട്ടുകാരുടെ ഒത്തു കൂടല്‍ നടക്കുമ്പോള്‍ ജില്ലക്കാരുടെ സ്വന്തം പാട്ടുകാരന്‍ ആയ ഫ്രാങ്കോ നാട്ടില്‍ നിന്നും സ്‌നേഹന്വേഷണവും ആയി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത . തീർന്നില്ല , യുകെ മലയാളികള്‍ക്കിടയില്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുന്ന ക്രോയ്‌ടോന്‍ മേയർ മഞ്ജു ഷഹുല്‍ ഹമീദും കൂടി വിശിഷ്ട വ്യക്തികളുടെ നിരയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആദ്യ സമ്മേളനം അവിസ്മരണീയം ആകുകയാണ് . 

ഇനി നാട്ടുകാരുടെ പങ്കാളിത്തം കൂടി റെക്കോര്‍ഡ് സൃഷ്ടിക്കുമോ എന്നാണ് അറിയാന്‍ ബാക്കിയാകുന്നത്. ഏകദേശം 400 ഓളം ജില്ല നിവാസികളെയാണ് സംഘാടകര്‍ സമ്മേളന വേദിയില്‍ പ്രതീക്ഷിക്കുന്നത് . തൃശ്ശൂര്‍ ജില്ല സൗഹൃദ വേദി എന്ന പേരിൽ അറിയപ്പെടുന്ന   തൃശ്ശൂര്‍ ജില്ലാക്കാരുടെ ആദ്യ കുടുംബ സംഗമത്തിനു ജൂലൈ 5ന് ശനിയാഴ്ച ലണ്ടനിലെ ഈസ്റ്റ്ഹാം സാക്ഷ്യം വഹിക്കും. രാവിലെ 11 മണി മുതല്‍ 5 മണി വരെയുള്ള പരിപാടികളില്‍ കുടുംബങ്ങളുടെ പരിചയപ്പെടലും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ആദ്യ സംഗമം തന്നെ മറക്കാനാകാത്ത അനുഭവം ആക്കി മാറ്റാന്‍ ഉള്ള അണിയറ പ്രവർത്തനം ഏറെക്കുറെ പൂര്‍ത്തിയായതായി മുഖ്യ സംഘാടകരില്‍ ഒരാളായ അഡ്വ. ജെയ്‌സണ്‍ ഇരിഞ്ഞാലക്കുട അറിയിച്ചു . തൃശൂരിന്റെ സവിശേഷമായ സാംസ്‌ക്കാരിക പൈതൃകം അനുസ്മരിപ്പിക്കുന്ന കാഴ്ചകള്‍ സമ്മേളനത്തില്‍ ദൃശ്യമാക്കാനും ശ്രമമുണ്ട് . 

യുകെയിലെ ബാഡ്മിന്‍ഡന്‍ കളിക്കാര്‍ക്കിടയില്‍ ഒന്നാം നമ്പർ സ്ഥാനം കണ്ടെത്തിയ രാജിവ് ഔസേപ്പ് പങ്കെടുക്കുന്ന ആദ്യ മലയാളി പൊതു പരിപാടി എന്ന നിലയില്‍ കൂടി ശ്രദ്ധേയമാവുകയാണ് തൃശ്ശൂര്‍ ജില്ല സൌഹൃദ വേദി . ഏതു വേദിയിലും തന്റെ കേരള ബന്ധം അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന രാജിവിനു യുകെയില്‍ ആദ്യമായി തൃശ്ശൂര്‍ നിവാസികളുടെ ഇടയില്‍ കടന്നു വരുമ്പോള്‍ കുടുംബ വീട്ടില്‍ എത്തിയതിനു തുല്ല്യമായ സാഹചര്യം സൃഷ്ടിക്കാന്‍ തയ്യാറാകുകയാണ് സംഘാടകര്‍ . കഴിഞ്ഞ പത്തു വർഷമായി യുകെ ബാഡ്മിന്‍ഡന്‍ രംഗത്ത് പേര് പതിപ്പിച്ചിരിക്കുന്ന രാജിവ് ലോക മലയാളികൾക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. രാജിവിന്റെ സാന്നിധ്യത്തിലൂടെ തൃശ്ശൂര്‍ക്കാരുടെ ഒത്തു ചേരല്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ് . 

ഏതാനും ആഴ്ച മുന്‍പ് അധികാരത്തില്‍ ഏറിയ ക്രോയ്‌ടോന്‍ മേയർ മഞ്ജു ഷാഹുല്‍ ഹമീദും സംഗമ വേദിയില്‍ അതിഥി ആയെത്തും . യുകെ മലയാളികള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയ മഞ്ജുവിന്റെ സാന്നിധ്യം ക്രോയ്‌ടോന്‍ കൗന്‍സിലുമായി ബന്ധപ്പെട്ടു ഉറപ്പാക്കിയിട്ടുണ്ട് . മേയർ എന്ന ഔദ്യോഗിക നിലയില്‍ തന്നെയാണ് മഞ്ജു പരിപാടിയില്‍ പങ്കെടുക്കുന്നത്. മേയർ പദവി ഏറ്റ ശേഷം ക്രോയ്‌ടോനിനു പുറത്തു മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ പരിപാടി ആയി മാറുകയാണ് തൃശ്ശൂര്‍ ജില്ല സൌഹൃദ വേദി . 

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാള പിന്നണി ഗാന രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന ഫ്രാങ്കോ കൂടി സമ്മേളനത്തില്‍ എത്തുമ്പോള്‍ നാട്ടുകാരുടെ ആവേശം പൂര ലഹരി പോലെ കാത്തിരിപ്പിന്റെ ദിനങ്ങളിലേക്ക് വഴി മാറുകയാണ് . ഇതിനകം അന്‍പതിലധികം സിനിമകളില്‍ 85 പാട്ടിലൂടെ മലയാളിയുടെ പ്രിയ ഗായകന്‍ ആയി മാറിയിരിക്കുന്ന ഫ്രാങ്കോ നാട്ടുകാരുടെ മുന്നിൽ പാടി സമ്മേളനത്തില്‍ ഉത്സവ പ്രതീതി സൃഷ്ടിക്കും . തൃശൂരിന്റെ സ്വന്തം എന്ന് പറയാവുന്ന ചെണ്ടയും പുലിക്കളിയും ഒക്കെയായി നാട്ടുകാഴ്ചകളുടെ വ്യത്യസ്തതയും സമ്മേളനത്തെ വേറിട്ടതാക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.