CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 28 Minutes 12 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് 10 നാളുകള്‍ കൂടി ; തിരുന്നാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമാകും

യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ കാത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഇനി 10 നാളുകള്‍ മാത്രം അവശേഷിക്കേ വിശ്വാസ സമൂഹത്തെ എതിരേല്‍ക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങി.തിരുനാളിലെ ഏറ്റവും അനുഗ്രഹ ദായകമായ പ്രദക്ഷിണം ഏറ്റവും ഭക്തിയില്‍ ചിട്ടയായി നടത്തുന്നതിന് വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.

5ാംതിയതി ശനിയാഴ്ച രാവിലെ കൊടിയേറ്റിനെ തുടര്‍ന്ന് 10ന് നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ ബിജിനേര്‍ രൂപതാ മാര്‍ ബിഷപ്പ് മാര്‍ ഗ്രേഷ്യസ് മുണ്ടാടന്‍ ,ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിഡ് എന്നിവരും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വദീകരും കാര്‍മ്മികരാകും.തിരുന്നാള്‍ കുര്‍ബ്ബാനയെ തുടര്‍ന്നാണ് പൗരാണികതയും അടിയുറച്ച വിശ്വാസം വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാവുക.

കൊടി തോരണങ്ങളാല്‍ അലങ്കരിച്ച് മോടിയില്‍ നില്‍ക്കുന്ന പ്രദക്ഷിണ വഴികളില്‍ കൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ഏന്തി ഭക്തിപൂര്‍വ്വം നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിന് ആത്മ നിര്‍വൃതിയാണ്. മാഞ്ചസ്റ്ററിന് തിലകക്കുറിയായ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്നും ആരംഭിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം സെന്റ് ആന്റണീസ് സ്‌കൂള്‍ റോഡ് വഴി പോയി മെയിന്‍ റോഡില്‍ എത്തിയശേഷമാണ് പള്ളിയില്‍ പ്രവേശിക്കുക.പ്രദക്ഷിണ സമയം പോലീസ് ഗതാഗതം നിയന്ത്രിച്ച് പ്രദക്ഷിണത്തിന് വഴിയൊരുക്കും.ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും റോഡിന് ഇരുവശത്തു നിന്ന് ആദരവ് പ്രകടിപ്പിക്കും.സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും പ്രദക്ഷിണത്തിന്റെ മുന്‍ നിരയില്‍ പതാകകള്‍ ഏന്തി നീങ്ങുമ്പോള്‍ പ്രദക്ഷിണത്തിന്റെ മധ്യഭാഗത്ത് പൊന്‍ വെള്ളി കുരിശുകള്‍ അണിനിരക്കും. ഇതിന് ഇരുവശങ്ങളിലുമായി നൂറുകണക്കിന് മുത്തുകുടകളും നിരനിരയായി നീങ്ങുമ്പോള്‍ മേളപ്പെരുക്കം തീര്‍ത്ത് ചെണ്ട മേളങ്ങളും സ്‌കോര്‍ട്ടിഷ് പൈപ്പ് ബാൻഡും പ്രദക്ഷിണത്തിന് ഒപ്പം ചേരും.

പ്രദക്ഷിണത്തിന്റെ മുന്‍ ഭാഗത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിക്കുമ്പോള്‍ ഏറ്റവും പിന്‍ഭാഗത്തായി വിശുദ്ധ തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിക്കും.പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിയുടെ പാരമ്യത്തില്‍ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം കണ്‍കുളിര്‍ക്കെ കണ്ട് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ തേടി ആയിരങ്ങള്‍ അന്നേ ദിവസമായ മാഞ്ചസ്റ്ററിൽ എത്തിച്ചേരും. ജൂലൈ 5 ശനിയാഴ്ചയാണ് വിഖ്യാതമായ മാഞ്ചസ്റ്റര്‍ തിരുന്നാൾ നടക്കുക. പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശിർവാദവും തുടർന്ന് ഊട്ട് നേർച്ചയും നടക്കും. തുടർന്ന് സെന്റ്‌ ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ ഫണ്‍ ഫെയറിനു തുടക്കമാകും. ഇവിടെ നിന്നും മിതമായ വിലക്ക് ഭക്ഷണ സാധനങ്ങളും മറ്റും ലഭ്യമാണ്. 

3 മണി മുതൽ സെന്റ്‌ ആന്റണീസ് ഓഡിറ്റോറിയത്തിൽ സണ്‍‌ഡേ സ്കൂൾ വാർഷികാഘോഷങ്ങൾക്കും ഫാമിലി ഡേക്കും   തുടക്കമാകും. ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ മാറ്റുരക്കുന്ന തിളക്കമാർന്ന ഒരു പിടി കലാപരിപാടികൾ വേദിയിൽ അരങ്ങേറും. കുടുംബ സമ്മതം എത്തി ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ വേണ്ട ക്രമീകരണങ്ങളാണ് തിരുന്നാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. തിരുന്നാളിൽ പങ്കെടുത്തു വിശുദ്ധന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.          




കൂടുതല്‍വാര്‍ത്തകള്‍.