CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 38 Seconds Ago
Breaking Now

റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷത്തിന് യുക്മയുടെ ഓണസമ്മാനം

ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും കൂട്ടായ്മയുടേയും ആഘോഷമായ തിരുവോണ നാളില്‍ റിഥം ഹോര്‍ഷത്തിന് യുക്മയുടെ ഓണസമ്മാനം,തുടര്‍ച്ചയായി രണ്ടാം പ്രാവശ്യവും മികച്ച മലയാളി അസോസിയേഷനായി റിഥം ഹോര്‍ഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.സെപ്തംബര്‍ 27ാം തിയതി വോക്കിംഗില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റില്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ അത് ഒരു പുതിയ ചരിത്രത്തിന് ഉദയം കുറിക്കുകയായിരിക്കും.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 12ാം തീയതി ഹോര്‍ഷം സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.ഉച്ചയ്ക്ക് 11.30ന് അസോസിയേഷന്‍ അംഗങ്ങളായ സൗമ്യ ഗോപിയും സുനിത സന്തോഷും ചേര്‍ന്ന് അതിമനോഹരമായ അത്തപ്പൂക്കളം ഒരുക്കികൊണ്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഓണാഘോഷ വേളയെ ഒരു ചാരിറ്റി ഇവന്റും ആക്കി മാറ്റി റിഥം മലയാളി അസോസിയേഷന്‍ യുകെ മലയാളി സമൂഹത്തിന് ഒരു മാതൃകയായി.ജനിച്ച നാള്‍ മുതല്‍ കഴിഞ്ഞ മൂന്ന് മാസമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നവജാത ശിശുവിന്റെ ചിതിത്സാര്‍ത്ഥം സംഘടിപ്പിച്ച ചാരിറ്റി ഇവന്റിന്റെ ഉത്ഘാടനം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ശ്രീ മാത്യു ദേവസ്യ നിര്‍വ്വഹിച്ചു.സഹജീവികളോടുള്ള കരുണ വറ്റാത്ത മനുഷ്യത്വമുള്ള അസോസിയേഷന്‍ അംഗങ്ങളെ അദ്ദേഹം പ്രശംസിക്കുകയും സംരംഭത്തിന് എല്ലാവിധ അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ അനില്‍ വറുഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാസംകാരിക സമ്മേളനത്തിലേക്ക് ചെണ്ടമേളങ്ങളുടേയും ആര്‍പ്പ് വിളികളുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ അസോസിയേഷന്‍ അംഗങ്ങള്‍ സ്‌റ്റേജിലേക്ക് ആനയിച്ചു.യുക്മ നാഷണല്‍ സംഗീത വിജയി ശ്രീ ബിനോയി ജോണ്‍ യോഗത്തിന് മുന്നോടിയായി ഈശ്വരഗാനം ആലപിച്ചു.തുടര്‍ന്ന് റിഥം മുന്‍ സെക്രട്ടറിയും നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റുമായ ശ്രീ റോജി മോന്‍ സ്വാഗതം ആശംസിച്ചു.ശ്രീ അനില്‍ വറുഗീസിന്റെ അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് വിശിഷ്ടാതിഥികളായി എത്തിയ അസോസിയേഷന്‍ അംഗങ്ങളുടെ മാതാപിതാക്കളും മാവേലി മന്നനും സെക്രട്ടറി ബ്രവീണും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു.അസോസിയേഷന്‍ അംഗം അരുണിന്റെ പിതാവ് ശ്രീ ശ്രീനിവാസ് റാവു മുഖ്യ പ്രഭാഷകനായി.ഓണാഘോഷത്തെ കുറിച്ചും ഇന്നത്തെ യുവതലമുറയെ അതിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധിപ്പിച്ചു.യുക്മ റിജണല്‍ നാഷണല്‍ കായിക മേളയില്‍ ചാമ്പ്യന്മാരായ അസോസിയേഷന്‍ അംഗങ്ങളെ സമ്മേളന മദ്ധ്യേ പൊന്നാടയണിയിച്ച് ആദരിച്ചു.ആഘോഷ പരിപാടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ പത്മരാജ് സംസാരിച്ചു.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു.അസോസിയേഷന്‍ അംഗം പാര്‍വ്വതി അച്ചുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരകളിയും സൗമ്യ ഗോപിയും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും കാണികളുടെ കണ്ണിനും മനസ്സിനും കുളിര്‍മയേകി.ശ്രീ ബിനോയി ജോണും ശ്രീ അരുണും ചേര്‍ന്ന് കാണികള്‍ക്ക് ഒരു സംഗീത വിരുന്നും സമ്മാനിച്ചു.വളര്‍ന്നു വരുന്ന യുവ കലാകാരി കുമാരി അഞ്ചലീന ട്വിങ്കിള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് കാണികള്‍ കരഘോഷത്തോടെ സ്വീകരിച്ചു.മാസ്റ്റര്‍ അശ്വിന്‍ റോജി ഓണത്തെ കുറിച്ച് ലഘു പ്രസംഗവും നടത്തി.ശ്രീ ഡാനി  സെബാസ്റ്റ്യനും സംഘവും അവതരിപ്പിച്ച ലുങ്കി ഡാന്‌സും കലാപരിപാടികള്‍ക്ക് ആവേശം വിതറി.

അസോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്ന് പാചകം ചെയ്ത 21 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയും നടത്തപ്പെട്ടു.അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശ്രീ ബീനോയിയുടെ നന്ദി പ്രകാശനത്തോടെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

ചാരിറ്റി ഇവന്റ് നടത്തി ഓണാഘോഷത്തെ എന്നെന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരു പൊന്നോണമാക്കിയ റിഥം മലയാളി അസോസിയേഷന് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണ് യുക്മയുടെ മികച്ച അസോസിയേഷനുള്ള ഈ അവാര്‍ഡെന്ന് ഓരോ അംഗങ്ങളും അഭിപ്രായപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.