Breaking Now

അമ്മയാന്നു താരം

രു പ്രിയദര്‍ശന്‍ സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റില്‍ കേരള സ്‌ട്രൈക്കേഴ്‌സിനു മൂന്നു വിക്കറ്റ്‌ ജയം.

മുംബൈ മുന്നോട്ടുവച്ച 136 റണ്‍സിന്റെ ലക്ഷ്യം കേരളം 19.1 ഓവറില്‍ മറികടന്നു.
ടോസ്‌ മുംബൈ നേടിയതോടെ ആരാധകര്‍ ലാലിന്റെ ബാറ്റിംഗിനു മുന്നെ ബൗളിംഗിലാണ്‌ രമിച്ചത്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത മുംബൈ ഹീറോസ്‌ നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 135 റണ്‍സെടുത്തു.
12 ാമത്തെ ഓവറില്‍ ലാല്‍ പന്തെറിയാന്‍ എത്തിയപ്പോള്‍ തന്നെ ഗാലറികള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. അഫ്‌താബ്‌ ലാലിനെ സിക്‌സര്‍ തൂക്കിയപ്പോള്‍ ഗാലറിയ്‌ക്ക് മൗനം. എന്നാല്‍ ലാലിന്റെ അവസാന പന്തില്‍ സണ്ണിസിംഗിന്റെ അത്യുഗ്രന്‍ ക്യാച്ച്‌ ബൗണ്ടറി ലൈനിനടുത്ത്‌ നിന്ന്‌ മണിക്കുട്ടന്‍ വിട്ടുകളഞ്ഞതോടെ ആര്‍പ്പുവിളിക്കാനായി എഴുനേറ്റ ഗാലറി ഒരു നിമിഷം നിശബ്‌ദമായി. പിന്നെ മണികുട്ടനെ നേരെ കൂവിയാര്‍ത്തു.
40 പന്തുകളില്‍ ഒരു സിക്‌സറും അഞ്ചു ഫോറുകളുമടക്കം 45 റണ്‍സെടുത്ത സണ്ണി സിംഗാണ്‌ മുംബൈ ഹീറോസിന്റെ ടോപ്‌ സ്‌കോറര്‍. ശിവദാനി 34 പന്തില്‍ ഒരു സിക്‌സറും മൂന്നു ഫോറുമടക്കം 36 റണ്‍സെടുത്ത്‌ അടിച്ചു തകര്‍ത്തു. ലാഖിയ 18 പന്തില്‍ 18 റണ്‍സെടുത്തു പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ 'അമ്മ'യുടെ താരങ്ങളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 13 റണ്‍സെടുത്ത നിവിന്‍ പോളിയാണ്‌ ആദ്യം പുറത്തായത്‌. തൊട്ടുപിന്നാലെ റണ്‍സ്‌ എടുക്കാതെ ഇന്ദ്രജിത്ത്‌ മടങ്ങി. രാജീവ്‌ പിള്ളയും(16), മദന്‍ മോഹനും(1) വേഗം മടങ്ങിയതോടെ കേരളം അപകടം മണത്തു. എന്നാല്‍ 22 പന്തില്‍ 34 റണ്‍സെടുത്ത സുമേഷും നന്ദകുമാറും(18) ചേര്‍ന്നാണ്‌ കേരളത്തെ കളിയിലേക്കു മടക്കിക്കൊണ്ടുവന്നത്‌. വിവേക്‌ ഗോപനും(29), ബിനീഷ്‌ കോടിയേരിയും(10) സമ്മര്‍ദത്തെ അതിജീവിച്ചതോടെ കേരളം വിജയം ഉറപ്പിച്ചു. മുംബൈക്കായി ബല്‍വാനി മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ താരങ്ങള്‍ അണിനിരന്ന നിറപകിട്ടാര്‍ന്ന ചടങ്ങില്‍ താര രാജാക്കന്‍മാര്‍ മാറ്റുരയ്‌ക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്റെ മൂന്നാംശതകത്തിനു കൊടിയുയര്‍ന്നു.
മന്ത്രി ഗണേഷ്‌കുമാറാണു പതാക ഉയര്‍ത്തിയത്‌. സി.സി.എല്ലിന്റെ ഉദ്‌ഘാടന ചടങ്ങില്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനും സൂപ്പര്‍ താരം സല്‍മാന്‍ ഖാനുമൊപ്പം മുഖ്യാതിഥിയായി. സോണിയ അഗര്‍വാള്‍, കാര്‍ത്തിക, ഭാവന, മമ്‌ത, പ്രിയാമണി, ആസിഫലി, ലാല്‍ജോസ്‌, ബോബി ഡിയോള്‍, അസ്‌താഫ്‌, സൊഹൈല്‍ ഖാന്‍ തുടങ്ങിയ വിണ്ണിലെ താരങ്ങള്‍ മണ്ണിലിറങ്ങിയതോടെ ചടങ്ങ്‌ കൊഴുത്തു.
കളിതുടങ്ങി 15-ാമത്തെ ഓവറില്‍ സ്‌റ്റേഡിയത്തിലേക്ക്‌ മമ്മൂട്ടിയുമെത്തിയതോടെ ആവേശം പരമമായ അവസ്‌ഥയിലായി. കറുത്ത ടീ ഷര്‍ട്ടണിഞ്ഞ്‌ സ്‌റ്റേഡിയത്തിലെത്തിയ മമ്മൂട്ടിയെ ഫീല്‍ഡിലായിരുന്ന സ്‌ട്രൈക്കേഴ്‌സ് നായകന്‍ മോഹന്‍ലാല്‍ ഓടിയെത്തി സ്വീകരിച്ചു. ലാലിന്റെ ഓരോ നീക്കത്തിനും കളത്തിനു പുറത്ത്‌നിന്നു മമ്മൂട്ടി പിന്തുണയേകി. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷ്യം വഹിച്ചാണ്‌ ഉദ്‌ഘാടനചടങ്ങും തുടര്‍ന്ന്‌ ആതിഥേയ ടീമായ അമ്മ- സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മിലുള്ള മത്സരവും നടന്നത്‌. ലാല്‍ ഫാന്‍സ്‌ വഴി വിതരണം ചെയ്‌ത സൗജന്യ ടിക്കറ്റുമായെത്തിയ പതിനായിരങ്ങള്‍ കൂട്ടമായെത്തിയതോടെ ഗാലറി നിറഞ്ഞു. വാദ്യഘോഷങ്ങളും പതാകകളുമായാണ്‌ ആരാധകര്‍ ഗാലറിയിലെത്തിയത്‌. ഉച്ചയ്‌ക്ക് 12 മണിയോടെ ആരാധകര്‍ക്കായി ഗാലറിയുടെ വാതിലുകള്‍ തുറന്നു.
സൂപ്പര്‍സ്‌റ്റാര്‍ ചിത്രം റിലീസ്‌ ചെയ്‌ത ദിവസമെന്ന പോലെ ടിക്കറ്റുമായി കാത്തുനിന്ന്‌ ആരാധകര്‍ ഇതോടെ കൂട്ടമായി സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകി. ഉദ്‌ഘാടനത്തിനു മുന്‍പേ നടന്ന ആദ്യ മത്സരത്തിന്റെ 12 ാമത്തെ ഓവറില്‍ കളികാണാന്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ നിലയ്‌ക്കാത്ത കരഘോഷത്തോടെയാണ്‌ ആരാധകര്‍ വരവേറ്റത്‌. ആദ്യ മത്സരത്തില്‍ ബോജ്‌പുരി അട്ടിമറി വിജയം നേടിയതോടെ ഫോമിലായ സ്‌റ്റേഡിയത്തില്‍ കളികാണാന്‍ പ്രിയനും ലാലും സഹകളിക്കാരും ഒന്നിച്ചാണിരുന്നത്‌.
ആദിത്യ ഓജയുടെ വെടികെട്ട്‌ ബാറ്റിംഗില്‍ ലാലും കൂട്ടരും ആരവമുയര്‍ത്തി കളിപ്രേമികളായി മാറി. ഉദ്‌ഘാടനത്തിനു ശേഷം അന്തിവെയില്‍ ചാഞ്ഞനേരമാണ്‌ മലയാളികളുടെ സ്വന്തം ലാലേട്ടന്‍ റണ്ണൊഴുക്കാന്‍ പുല്‍മൈതാനത്തേക്കിറങ്ങിയത്‌. ലാല്‍ പന്തെടുത്ത പാടെ സിനിമയില്‍ പാടി അഭിനയിച്ച 'അറ്റ്‌ മണല്‍പായയില്‍' എന്ന ഗാനശകലവും ഒഴുകിയെത്തി.
കൂടുതല്‍വാര്‍ത്തകള്‍.