Breaking Now

കാശ്‌മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെ തുടര്‍ന്നു ഒരാഴ്‌ചയായി കാശ്‌മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌, കേബിള്‍ ടിവി സര്‍വീസുകള്‍ പുനരാരംഭിച്ചു. രണ്ടുദിവസമായി എവിടെനിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്നു പോലീസ്‌ അവകാശപ്പെട്ടു. എന്നാല്‍ അഫ്‌സല്‍ ഗുരുവിനു വധശിക്ഷ നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഹുറിയത്ത്‌ തീവ്രഹുറിയത്ത്‌ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്‌ത പണിമുടക്ക്‌ ഇന്നത്തേക്കു കൂടി നീട്ടയ സാഹചര്യത്തില്‍ സുരക്ഷാ സൈന്യത്തെ പിന്‍വലിച്ചിട്ടില്ല.
അഫ്‌സലിന്‍റെ  മൃതദേഹം കുടുംബത്തിനു കൈമാറണമെന്നാവശ്യപ്പെട്ടാണ്‌ തീവ്രനിലപാടുകാരനായ സയീദ്‌ അലി ഷാ ഗിലാനി പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഇതുമൂലം താഴ്‌വരയിലെ പത്തു ജില്ലകളിലും ജനജീവിതം സാധാരണനിലയിലായിട്ടില്ല. കടകളും വ്യാപാരകേന്ദ്രങ്ങളും സര്‍ക്കാര്‍ സ്‌ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
മൊെബെല്‍, ഇന്റര്‍നെറ്റ്‌ സേവനം പുനരാരംഭിച്ചത്‌ അഞ്ചു ലക്ഷത്തോളം മൊബൈല്‍ ഇന്റര്‍നെറ്റ്‌ വരിക്കാര്‍ക്കു സഹായകമായി. അഫ്‌സലിനെ തൂക്കിലേറ്റിയതിനെ തുടര്‍ന്നു പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 25 പോലീസുകാരുള്‍പ്പെടെ 60 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.




കൂടുതല്‍വാര്‍ത്തകള്‍.