Breaking Now

കേരളത്തിന്‍റെ 1242 കോടി തമിഴ്നാട് തട്ടിയെടുത്തു .

റെയില്‍ വികസനം പ്രഹസനം, നിരീക്ഷിക്കാന്‍ സംവിധാനമില്ല; സോണില്ലാത്തത് വിനയായി

പത്ത് വര്‍ഷമായി തമിഴ്നാട്ടില്‍ റെയില്‍ വികസനം നടക്കുന്നത് കേരളത്തിന് അനുവദിക്കുന്ന പണം ഉപയോഗിച്ച്. കേരളത്തെ റെയില്‍വേ അവഗണിക്കുന്നെന്ന് പതിവായി പരാതിപ്പെടുമ്പോഴാണ് കിട്ടിയ പണം പോലും വിനിയോഗിക്കാതിരിക്കുന്നത്. 2001-02 മുതല്‍ 2011-12 വരെ റെയില്‍വേ ബജറ്റുകളിലായി 2708.55 കോടി രൂപയാണ് കേരളത്തിന് കിട്ടിയത്. ഇതില്‍ ഇവിടെ ചെലവഴിച്ചത് 1465.95 കോടി. ബാക്കി 1242.6 കോടി തമിഴ്നാട്ടിലെ വിവിധ പദ്ധതികള്‍ക്ക് വകമാറ്റിയെന്ന് ദക്ഷിണ റെയില്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ പുതിയ ലൈനുകള്‍ സ്ഥാപിക്കാന്‍ അനുവദിച്ച 287.19 കോടിയില്‍ ഉപയോഗിച്ചത് 82.64 കോടി മാത്രം. ബാക്കി 204.54 കോടി തമിഴ്നാട് സ്വന്തമാക്കി. മധ്യകേരളത്തിന്‍റെ ചിരകാലാഭിലാഷമായ ശബരിപാതക്ക് 187.00 കോടി കിട്ടി. 71.22 കോടി വിനിയോഗിച്ചു. 115.78 കോടി നഷ്ടമായി. പാത ഇരട്ടിപ്പിക്കാന്‍ 122.41 കോടി അനുവദിച്ചെങ്കിലും ചെലവാക്കിയത് 89.59 കോടി മാത്രം. വകമാറ്റിയത് 22.82 കോടി. ഗേജ് മാറ്റത്തിന് നീക്കിവെച്ച 395.19 കോടിയില്‍ ഇവിടെ ഉപയോഗിച്ചത് 372.60കോടിയാണ്. ബാക്കി 22.59 കോടി തമിഴ്നാട്ടിലെത്തി. യാത്രികര്‍ക്കുള്ള സൗകര്യങ്ങള്‍ക്ക്  8.23 കോടി ലഭിച്ചുവെങ്കിലും 6.69 കോടിയുടെ ബാക്കി 1.54 കോടി തമിഴ്നാട് സ്വന്തമാക്കി. പാലം പുതുക്കലിന് 84 കോടിയും മേല്‍പ്പാലങ്ങള്‍ക്ക്  237.38 കോടിയും നല്‍കിയെങ്കിലും ഉപയോഗിച്ചത് യഥാക്രമം 46.60, 63.75 കോടി രൂപ മാത്രമാണ്. ഈ ഇനങ്ങളില്‍നിന്ന് യഥാക്രമം 37.40, 173.63 കോടി വീതം അയല്‍സംസ്ഥാനത്തെത്തി.
കേരളത്തിലെ പദ്ധതികള്‍ക്കാണ് ബജറ്റുകളില്‍ തുക അനുവദിച്ചതെങ്കിലും പണം എത്തുന്നത് സംസ്ഥാനം കൂടി ഉള്‍പ്പെടുന്ന ദക്ഷിണറെയില്‍വേ സോണിന്‍റെ  ചെന്നൈ ആസ്ഥാനത്താണ്. കേരളത്തിലെ പദ്ധതികള്‍ക്ക് തടസ്സം നേരിട്ടാല്‍ പണം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അതത് സാമ്പത്തികവര്‍ഷം തുക വിനിയോഗിച്ചില്ലെങ്കില്‍ പാഴാകുമെന്ന ന്യായം പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. കേരളത്തില്‍ മണ്ണെടുപ്പ് തര്‍ക്കം പോലെ നിസ്സാരകാരണങ്ങളാല്‍ പദ്ധതികള്‍ തടസ്സപ്പെട്ടാല്‍ പോലും ചെന്നൈ ആസ്ഥാനത്തേക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥരുടെ പതിവ്. കേരളം ആസ്ഥാനമായി സോണ്‍ ലഭിക്കാത്തിടത്തോളം കാലം ഈ സ്ഥിതി തുടരേണ്ടി വരുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അനുവദിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനം പോലും കേരളത്തിനില്ല. റെയില്‍ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രിയും ഗതാഗത സെക്രട്ടറിയുമാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. റെയില്‍വേ ബജറ്റ് അവതരണ സമയത്ത് അവഗണനയുടെ പേരില്‍ ബഹളമുണ്ടാക്കുന്ന രാഷ്ട്രീയ നേതൃത്വം പദ്ധതികള്‍ തടസ്സപ്പെടുമ്പോള്‍ ഇടപെടുന്നുമില്ല. പരിഹാരമായി സംസ്ഥാനത്ത് റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്പെഷല്‍ ഓഫിസറെ നിയമിക്കാന്‍ ആറുമാസം മുമ്പ് തീരുമാനിച്ചെങ്കിലും നടപ്പായില്ല. അതേസമയം, തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയെ സഹായിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥവൃന്ദവുമുണ്ട്. ഓരോ വര്‍ഷവും ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് അടുത്ത വര്‍ഷത്തെ റെയില്‍വേ ബജറ്റിനുള്ള ആലോചനകള്‍ നടക്കാറ്. പുതിയ ട്രെയിനുകളും മറ്റും അനുവദിക്കാനാവുമോയെന്ന് റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി പരിശോധിക്കുന്നതും ഈ കാലത്താണ്. അതിനാല്‍ ഈ സമയത്ത് നടത്തുന്ന ഇടപെടലുകളേ പ്രയോജനം ചെയ്യൂ. എന്നാല്‍, ഈ പ്രകിയ മുഴുവന്‍ പൂര്‍ത്തിയായ ശേഷമാണ് ഇത്തവണ കേരളത്തില്‍ എം.പിമാരുടെ യോഗം പോലും ചേര്‍ന്നത്.  കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് പോയത് 1242 കോടിയാണെങ്കില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ശബരി റെയിലിന് ആവശ്യം 1040 കോടി മാത്രമാണ്. എന്നിട്ടും ഈ പദ്ധതി നടപ്പാക്കാന്‍ കേരള സര്‍ക്കാറിന്‍െറ സാമ്പത്തിക പങ്കാളിത്തമുണ്ടാകണമെന്ന കടുംപിടിത്തത്തിലാണ് ദക്ഷിണറെയില്‍വേ. ഇത് മറികടക്കാന്‍ പോലും കേരളത്തില്‍നിന്നുള്ള ആറ് കേന്ദ്രമന്ത്രിമാരടക്കമുള്ള 30 എം.പിമാരുടെ സംഘത്തിന് ഇക്കുറിയും കഴിഞ്ഞിട്ടില്ല.
കൂടുതല്‍വാര്‍ത്തകള്‍.