Breaking Now

ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു; പിണറായിയും സ്‌നേഹിതരും വിളിച്ചു; കൈരളിയിലേക്ക് മടങ്ങുന്നുവെന്ന് ബ്രിട്ടാസ്

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു. ഈ മാസം നാലിന് കൈരളി-പീപ്പിള്‍ ചാനലിന്‍റെ ചീഫ്എഡിറ്റര്‍ കം എംഡിയായി ചുമതലയേല്‍ക്കും.

 

നേരത്തെ കൈരളി ടിവിയില്‍ എംഡിയായിരിക്കെ ഏഷ്യാനെറ്റ് ചാനലില്‍ ബിസിനസ് ഹെഡ് ആയി സ്ഥാനമേറ്റപ്പോള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയവിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കടുത്ത എതിര്‍പ്പുയര്‍ന്ന രാഷ്ട്രീയവിവാദത്തിന് ഇടയാക്കിയ ഫാരിസ് അബൂബക്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതോടെയാണ് ബ്രിട്ടാസ് സിപിഎമ്മില്‍ വിവാദനായകനാകുന്നത്. 
അതേ സമയം താന്‍ കൈരളി-പീപ്പിളിലേക്ക് തിരിച്ചെത്തുകയാണെന്ന വാര്‍ത്ത ജോണ്‍ബ്രിട്ടാസ് റിപ്പോര്‍ട്ടറോട് സ്ഥിരീകരിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് താന്‍ തിരിച്ചെത്തുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

ബ്രിട്ടാസ് റിപ്പോര്‍ട്ടറോട് നടത്തിയ പ്രതികരണത്തിന്റെ പ്രസക്ത ഭാഗം താഴെ
ഇത് ഒരുവാര്‍ത്തയാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഏഷ്യാനെറ്റില്‍ ഞാന്‍ വഹിച്ച ചുമതലയില്‍ നിന്ന് ഒഴിഞ്ഞു എന്നുമാത്രമേ ഉള്ളൂ. കൈരളി ടിവിയില്‍ മാനേജിംഗ് ഡയരക്ടറായി ഉടനെ ചമുതലയേല്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം ചെയര്‍മാന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ എന്നെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി രണ്ട് മൂന്ന് ദിവസം കൊണ്ട് കൈരളിയില്‍ തിരിച്ചെത്തും.

ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരുസ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്നത് അത്രവലിയ പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് പറയാന്‍ കഴിയുന്നത് ഒരു വാര്‍ത്തയാക്കേണ്ടതില്ല നടപടി ക്രമം മാത്രമാണെന്നാണ്. അന്ന് കൈരളിയില്‍ നിന്ന് വിടുമ്പോള്‍ ചെയര്‍മാനും പ്രമോട്ടര്‍മാരും ഒരുകാര്യം എന്നോട് പറഞ്ഞിരുന്നു. എന്നെങ്കിലും തിരിച്ചെത്താന്‍ തോന്നുന്നുവെങ്കില്‍ മടങ്ങിവരാം എന്ന്. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരിച്ചുപോകുന്ന കാര്യം ആലോചിച്ചത്.

പാര്‍ട്ടിയില്‍ നിന്ന് അഭ്യദയകാംക്ഷികളും പ്രമോട്ടര്‍മാരും വളരെ സ്‌നേഹത്തോടെ നിര്‍ബന്ധിച്ചു. എന്റെ എളിയ സേവനം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.