Breaking Now

സഞ്ജയ്‌ ദത്തിന്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്‍ മോഹന്‍ലാലും രംഗത്ത്

ഫേസ്ബുക്ക്‌ പേജിലാണ്‌ സഞ്ജയ്‌ ദത്ത്‌ സഹതാപം അര്‍ഹിക്കുന്നുണ്ടെന്നും ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

1993 ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ തടവുശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട ബോളിവുഡ്‌ താരം സഞ്ജയ്‌ ദത്തിന്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്‍ മോഹന്‍ലാലും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക്‌ പേജിലാണ്‌ സഞ്ജയ്‌ ദത്ത്‌ സഹതാപം അര്‍ഹിക്കുന്നുണ്ടെന്നും ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കഴിഞ്ഞ 20 വര്‍ഷമായി തനിക്ക്‌ സഞ്ജയ്‌ ദത്തിനെ അറിയാമെന്നും അദ്ദേഹം മാന്യനും കുടുംബസ്നേഹിയും നല്ല പൗരനുമാണെന്നും ലാല്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ബോളിവുഡ്‌ താരങ്ങള്‍ സഞ്ജയ്‌ ദത്തിന്‌ മാപ്പുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ മോഹന്‍ലാലും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്‌. പ്രതിസന്ധികള്‍ അതിജീവിച്ച്‌ ശക്തനായി പുറത്തുവരാന്‍ സഞ്ജയ്‌ ദത്തിന്‌ കഴിയട്ടെയെന്നും മോഹന്‍ലാല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്‌.

എന്നാല്‍ ലാലിന്റെ നടപടിക്കെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം ശക്തമാണ്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ പോസ്റ്റിലുള്ള മോഹന്‍ലാല്‍ 1993ലെ മുംബൈ സ്ഫോടനങ്ങള്‍ പോലുള്ള ഒരു രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടയാളെ പിന്തുണച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പ്രശ്നം വിവാദമാകുന്നുണ്ടെന്നും എത്രയും വേഗം ദത്തിനെ പിന്തുണയ്ക്കുന്ന പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ലാല്‍ ആരാധകര്‍ ലാലിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലേക്കും സന്ദേശമയച്ചിട്ടുണ്ട്. മുമ്പ് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലാലിന്റെ ലഫ്‌റ്റനന്റ് കേണല്‍ പദവി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയവര്‍ ഈ കമന്റും കോടതിയിലെത്തിക്കുമെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.