CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes 2 Seconds Ago
Breaking Now

എകെജിയ്ക്ക് പത്തുകോടിയുടെ സ്മാരകം സ്ഥാപിക്കാനുള്ള പദ്ധതി മോദി മോഡലെന്ന് ബല്‍റാം

സിപിഐഎം കൈയ്യേറിയ എകെജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്നും വിടി ബല്‍റാം പറയുന്നു

എകെജിയുടെ സ്മാരകം സ്ഥാപിക്കാന്‍ ബജറ്റില്‍ പത്തു കോടി അനുവദിച്ചതിനെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എ. കെ. ഗോപാലനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍കൈയില്‍ സ്മാരകം നിര്‍മ്മിക്കപ്പെടുന്നത് ഇതാദ്യമായല്ലെന്ന് ബല്‍റാം പറയുന്നു.

അദ്ദേഹത്തിന്റെ മരണത്തിന്റ തൊട്ടുപിന്നാലെ സിപിഎം നേതാക്കള്‍ ഈയാവശ്യത്തിനായി അന്നത്തെ എ. കെ. ആന്റണി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതംഗീകരിച്ചുകൊണ്ട് എകെജിയുമായി ബന്ധപ്പെട്ട പഠന, ഗവേഷണാവശ്യങ്ങള്‍ക്കായിട്ടാണ് 1977ല്‍ സര്‍ക്കാര്‍ 34.4 സെന്റ് കേരള യൂണിവേഴ്‌സിറ്റി വക സ്ഥലം തിരുവനന്തപുരത്തെ എകെജി സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സൗജന്യമായി സ്ഥലം അനുവദിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. സിപിഎം നേതാക്കളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഈ സ്മാരക കമ്മിറ്റി.

എന്നാല്‍ ആ സ്ഥലത്ത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് ഉണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്ത്വം ചെയ്തത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ പേരില്‍ ഒരു ലൈബ്രറിയോ മറ്റോ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ളതോ സമൂഹത്തിന് ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും അവിടെ കാര്യമായി നടന്നുവരുന്നതായി ആര്‍ക്കും അറിവില്ല. പിന്നീട് ഇവര്‍ വീണ്ടും കേരള യൂണിവേഴ്‌സിറ്റിയുടെ സ്ഥലം കയ്യേറിയെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയെന്നുമൊക്കെ പല അവസരങ്ങളില്‍ വിവാദങ്ങളുയര്‍ന്നതാണെന്നും ബല്‍റാം പറയുന്നു.

എകെജിയുമായി ബന്ധപ്പെട്ട എത്ര ഗവേഷണ പ്രബന്ധങ്ങള്‍ ഈ നാല്‍പ്പത് വര്‍ഷത്തിനിടക്ക് ഈ പഠനഗവേഷണ കേന്ദ്രത്തില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്, ഇക്കാലയളവില്‍ എത്രപേര്‍ ഈ 'ഗവേഷണ സ്ഥാപനം' ഉപയോഗപ്പെടുത്തി പിഎച്ച്ഡി നേടിയിട്ടുണ്ട്, സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികളല്ലാതെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എത്ര ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ വര്‍ഷം തോറും അവിടെ നടത്തിവരാറുണ്ട് എന്നതിനൊക്കെ അതിന്റെ നടത്തിപ്പുകാര്‍ പൊതുജനങ്ങളോട് കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്.

എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് തിരുവനന്തപുരത്ത് സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തില്‍ നിന്ന് സിപിഎം പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായി ഒഴിപ്പിച്ച് അത് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ തരത്തില്‍ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുകയാണ് ചെയ്യേണ്ടതെന്നും ബല്‍റാം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.