CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 27 Seconds Ago
Breaking Now

വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നികുതിക്കെണി

ഇന്ത്യയിൽ വൻ നിക്ഷേപം നടത്തിയ വിദേശ കമ്പനികൾക്കെതിരെ ആദായ നികുതി വകുപ്പ് നീക്കം ശക്തമാക്കി. ഷെൽ, നോക്കിയ, വോഡഫോൺ എന്നീ കമ്പനികൾക്കെതിരെയാണ് ആദായ നികുതി നടപടിക്ക് ഒരുങ്ങുന്നത്.

ആഗോള മേഖലയിലെ വൻകിട ഊർജ കമ്പനിയായ ഷെല്ലിനോട് നികുതി ഇനത്തിൽ അയ്യായിരം കോടി രൂപ അടയ്‌ക്കാനാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. നികുതി നൽകേണ്ട വരുമാനം ഷെൽ ഇന്ത്യ കണക്കാക്കിയതിലും 15,000 കോടി രൂപ കൂടുതലാണെന്ന് ആദായ നികുതി വകുപ്പ് തയ്യാറാക്കിയ കരടു ഉത്തരവിൽ പറയുന്നു. ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരെ അപ്പീൽ നൽകാനും തടസ വാദങ്ങൾ ഉന്നയിക്കാനും പരമാവധി മുപ്പത് ദിവസമാണ് ഷെൽ ഇന്ത്യയ്‌ക്ക് സമയം നൽകിയിട്ടുള്ളത്.

ഷെല്ലിന്റെ ഓഹരികളുടെ കൈമാറ്റ വില കണക്കാക്കുന്നതിൽ ഷെൽ ഇന്ത്യ കൃത്രിമം കാട്ടിയെന്നാണ് ആദായ നികുതി വകുപ്പ് ആരോപിക്കുന്നത്. എൺപത്തിയേഴ് കോടി ഓഹരികൾ ഷെൽ ഗ്യാസ് ബി. വി എന്ന വിദേശത്തെ ഉപകമ്പനിക്ക് കൈമാറിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും നോട്ടീസിൽ പറയുന്നു. ഓഹരിയൊന്നിന് പത്തു രൂപയാണ് ഇടപാടിൽ വിലയായി കാണിച്ചിരുന്നത്. എന്നാൽ ഷെൽ ഇന്ത്യയുടെ വിപണി മൂല്യം കണക്കിലെടുത്താൻ ഓഹരിയൊന്നിന് 180 രൂപ വിലയാകുമെന്ന് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനിലെ വൻകിട ടെലികോം കമ്പനിയായ വോഡഫോണും സമാനമായ നികുതി പ്രശ്നത്തിലാണ്. വോഡഫോണിന്റെ നികുതി ബാധ്യതയുള്ള വരുമാനം കമ്പനി അവകാശപ്പെടുന്നതിലും 1300 കോടി രൂപ കൂടുതലാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ വരുമാനം കൂടി കണക്കിലെടുക്കുമ്പോൾ വോഡഫോണിന്റെ നികുതി ബാധ്യത 460 കോടി രൂപയാകുമെന്ന് ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിൽ പറയുന്നു. മൗറീഷ്യസ് ആസ്ഥാനമായ വോഡഫോണിന്റെ ഗ്രൂപ്പ് കമ്പനിക്ക് ഓഹരികൾ വിറ്റഴിച്ചതിൽ വൻതോതിൽ നികുതി വെട്ടിപ്പ് നടന്നുവെന്ന് നേരത്തെ ആദായ നികുതി വകുപ്പ് ആരോപിച്ചിരുന്നു.

നികുതി വെട്ടിപ്പ് തടയാനുള്ള പൊതു ചട്ടമെന്ന പേരിൽ വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി പ്രത്യേക നിയമത്തിന് രൂപം നൽകിയത് വോഡഫോണിൽ നിന്നും അധിക നികുതി ഈടാക്കാൻ ലക്ഷ്യമിട്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.