CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 8 Seconds Ago
Breaking Now

ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ സമാധാനത്തിലേക്കുള്ള തന്റെ ചെറിയ സംഭാവനയാണ് ഈ ദേശീയ ഗാനാലാപനമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് ഒരു പാകിസ്ഥാന്‍കാരന്‍. ആ വീഡിയോ വൈറലാകുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ മത്സരത്തിന് ഇടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്റെ ദൃശ്യങ്ങളാണ് വൈറലായത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 19ന് നടന്ന മത്സരം കാണാനെത്തിയതാണ് 29-കാരനായ ആദില്‍ താജ്. മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഒരു ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേട്ടപ്പോള്‍ രോമാഞ്ചം അനുഭവപ്പെട്ടതായി താജ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ സമാധാനത്തിലേക്കുള്ള തന്റെ ചെറിയ സംഭാവനയാണ് ഈ ദേശീയ ഗാനാലാപനമെന്നും അദ്ദേഹം പറഞ്ഞു. 

'ഞാനൊരു വലിയ ബോളിവുഡ് ആരാധകനാണ്. കഭി ഖുഷി കഭി ഘമിലാണ് ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കുന്നത്. അത് വളരെ വികാരപരമായിരുന്നു, കേട്ടപ്പോള്‍ രോമാഞ്ചം തോന്നി. അന്ന് മുതല്‍ ഇന്ത്യയുടെ ദേശീയ ഗാനം പഠിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒപ്പം പാടിയാണ് പഠിച്ചത്', താജ് വ്യക്തമാക്കി. 

ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം തുടങ്ങുന്നതിന് മുന്‍പ് അതത് രാജ്യങ്ങളുടെ ദേശീയഗാനം ആലപിക്കുമ്പോള്‍ ബഹുമാനിക്കാന്‍ കാണികള്‍ മറന്നില്ല. പാക് ദേശീയ ഗാനമാണ് ആദ്യം കേള്‍പ്പിച്ചത്. സ്റ്റേഡിയത്തിലെ എല്ലാ ഇന്ത്യക്കാരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചതായി താജ് പറയുന്നു. 'ഈ നിലപാട് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അതുകൊണ്ടാണ് അവരുടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഒപ്പം പാടിയത്', ദുബായില്‍ താമസിക്കുന്ന താജ് വ്യക്തമാക്കി. ദേശീയഗാനം ആലപിക്കുന്നത് അത്ര പ്രസക്തമായ കാര്യമല്ലെന്ന് നമ്മുടെ ചില നാട്ടുകാര്‍ പറയുമ്പോഴാണ് ഒരു പാകിസ്ഥാന്‍കാരന്‍ ഈ നിലപാട് പങ്കുവെയ്ക്കുന്നത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.