ആചാരങ്ങളുടെ പേരിലുള്ള പോരാട്ടവും വാക്കുതര്‍ക്കവും വെല്ലുവിളികളുമാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ ലംഘിക്കണമെന്ന് ഒരു വിഭാഗം വാശിപിടിക്കുമ്പോള്‍ ആര്‍ക്കും ദോഷമില്ലാത്ത ആചാരം അനുശാസിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മറുഭാഗം ചോദിക്കുന്നു. ഈ ആശയസംവാദം കൊടുമ്പിരി കൊള്ളവെയാണ് കേരളത്തില്‍ ആചാരങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഈ അനുഷ്ഠാനം ജനശ്രദ്ധയിലെത്തുന്നത്.
ദൈവത്തിന് പോകാന്‍ വഴിമാറിക്കൊടുക്കുന്ന വിമാനങ്ങളുള്ള എയര്‍പോര്‍ട്ട് ഈ കൊച്ചുകേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നതാണ് ആ വസ്തുത. തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രധാന റണ്‍വേയാണ് ദശകങ്ങള്‍ പഴക്കമുള്ള ആചാരങ്ങള്‍ക്കാണ് ഏതാനും മണിക്കൂറുകള്‍ അടച്ചിടുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കായാണ് വര്‍ഷത്തില്‍ രണ്ട് തവണ മണിക്കൂറുകളോളം പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നത്.
വിമാനത്താവളത്തിലെ റണ്‍വേയിലൂടെയാണ് ശംഖുമുഖം കടപ്പുറത്തേക്കുള്ള ആറാട്ട് പോകുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മയുടെ കാലം മുതലുള്ളതാണ് പൈങ്കുനി, അല്പാഴി ആഘോഷങ്ങള്‍ക്കായുള്ള ഈ സംവിധാനം. ശ്രീപത്മനാഭന്റെ ആറാട്ട് പോയിരുന്ന സഞ്ചാരപഥത്തിലാണ് എയര്‍പോര്‍ട്ട് പണിതുയര്‍ത്തിയത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലെ ദേവന് ഗരുഡ വാഹനത്തില്‍ ആറാട്ടിന് എഴുന്നെള്ളുക. വിമാനങ്ങള്‍ റീഷെഡ്യൂള്‍ ചെയ്യാന്‍ ഇതിന് മുന്നോടിയായി നോട്ടാം പുറത്തിറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. ബുധനാഴ്ച ആറാട്ടിനായി വൈകുന്നേരം 4 മുതല്‍ 9 വരെ റണ്‍വേ അടച്ചിരുന്നു.