CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 49 Seconds Ago
Breaking Now

തെരേസ മേയ്ക്ക് കളിക്കാന്‍ 'എക്‌സ്ട്രാ ടൈം'; പ്രധാനമന്ത്രിയുടെ ടീമില്‍ യൂറോപ്യന്‍ യൂണിയന്‍; മേയുടെ കാലത്ത് തന്നെ കരാര്‍ ഉറപ്പിക്കാന്‍ ജൂലൈ വരെ ബ്രക്‌സിറ്റ് വൈകിപ്പിക്കും, ആവശ്യമെങ്കില്‍ ഇതിലുമേറെ; തോല്‍ക്കുന്നത് ടോറി വിമതരും ലേബര്‍ പാര്‍ട്ടിയും?

ബാക്‌ബെഞ്ചേഴ്‌സ് ലേബര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്യുമെന്നതിനാല്‍ തെരേസ മേയ് ചൊവ്വാഴ്ച കനത്ത പരാജയം നേരിടുമെന്നാണ് ആശങ്ക

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമ്പോള്‍ തെരേസ മേയെ പറപ്പിക്കാന്‍ കാത്തിരിക്കുകയാണ് ടോറി വിമതരും, ലേബര്‍ പാര്‍ട്ടിയും. കരാറിനെ വെടിവെച്ച് വീഴ്ത്തിയാല്‍ മേയ് പ്രധാനമന്ത്രി കസേര ഒഴിയുകയും പകരം പുതിയ നേതാവിന് ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കണ്‍സര്‍വേറ്റീവുകളെ പുറത്താക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിച്ച് അധികാരം നേടാമെന്ന് ലേബര്‍ പാര്‍ട്ടിയും സ്വപ്‌നം കാണുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പ്രതിപക്ഷ ടീമില്‍ ചേര്‍ന്നതോടെ തെരേസ മേയുടെ ടീമില്‍ കളിക്കാന്‍ എത്തിയിരിക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. പാര്‍ലമെന്റില്‍ കരാര്‍ അംഗീകരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രക്‌സിറ്റ് ജൂലൈ വരെയോ, അതിലും കൂടുതലോ വൈകിപ്പിക്കാനാണ് ഇയു നേതാക്കളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നാണ് ബ്രസല്‍സിന്റെ പ്രതീക്ഷ. ഇതുവഴി തെരേസ മേയ്ക്ക് തന്റെ കാലത്ത് തന്നെ കരാറിനെ പാര്‍ലമെന്റ് കടത്താനുള്ള സമയം ലഭിക്കും. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വിത്‌ഡ്രോവല്‍ ഡീല്‍ അവതരിപ്പിക്കുമ്പോള്‍ വോട്ടിംഗ് വിജയിക്കാന്‍ സാധ്യത കുറവാണ്. ഇതുവഴി മാര്‍ച്ച് 29ന് സമയപരിധി തീരുന്നതോടെ കരാറില്ലാതെ പുറത്ത് വരാനുള്ള സാധ്യത വര്‍ദ്ധിക്കും. ഇത് ഒഴിവാക്കാനാണ് ബ്രക്‌സിറ്റ് കാലാവധി നീട്ടിവെയ്ക്കുന്നത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പോ, രണ്ടാം ഹിതപരിശോധനയോ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇത് വീണ്ടും നീളും. 

ഈ സാഹചര്യത്തിലാണ് തെരേസ മേയ്ക്ക് പിന്തുണയുമായി ഇയു എത്തുന്നത്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ ജൂലൈ വരെ പരിധി നീട്ടി നല്‍കുമെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു. ഡൊണാള്‍ഡ് ഡസ്‌ക് വിളിച്ചുചേര്‍ക്കുന്ന നേതാക്കളുടെ സമ്മേളനത്തില്‍ ഈ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കും. ഇയു ഇത് അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 29ന് കരാര്‍ നേടാന്‍ കഴിയാതെ ബ്രിട്ടന്‍ ഏകപക്ഷീയമായി പുറത്തിറങ്ങേണ്ടി വരും. മെയ് മാസത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും വരുന്നുണ്ട്. ഇതില്‍ ബ്രിട്ടന്‍ പങ്കെടുക്കുന്നില്ലെന്നാണ് നിലവിലെ തീരുമാനം. ജൂലൈയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ചേരുമ്പോള്‍ ബ്രിട്ടന്‍ യൂണിയനില്‍ തുടരാന്‍ യുകെ അംഗങ്ങളെ നല്‍കുമെന്നാണ് പ്രതീക്ഷ. 

കണ്‍സര്‍വേറ്റീവ് ബാക്‌ബെഞ്ചേഴ്‌സ് ലേബര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്യുമെന്നതിനാല്‍ തെരേസ മേയ് ചൊവ്വാഴ്ച കനത്ത പരാജയം നേരിടുമെന്നാണ് ആശങ്ക. ഇത് സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ആശങ്കപ്പെട്ട് ഇരിക്കവെയാണ് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ പ്രഖ്യാപിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.