CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 33 Seconds Ago
Breaking Now

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തില്‍ കുടുക്കണം; അജ്ഞാതന്‍ ഓഫര്‍ ചെയ്തത് 1.5 കോടിയെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍; ഗൊഗോയിക്കെതിരെ ആരുടെ ഗൂഢാലോചന?

കടുപ്പക്കാരനായ ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയുള്ള വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയി

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും രഞ്ജന്‍ ഗൊഗോയിയെ തെറിപ്പിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയാണ് അദ്ദേഹത്തിന് എതിരെയുള്ള ലൈംഗിക പീഡന കേസെന്ന വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ്. ചീഫ് ജസ്റ്റിസിനെ കുരുക്കാനും, ഇതുസംബന്ധിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ പത്രസമ്മേളനം സംഘടിപ്പിക്കാനും 1.5 കോടി രൂപയാണ് ഒരു അജ്ഞാതന്‍ വാഗ്ദാനം ചെയ്തതെന്ന് അഭിഭാഷകന്‍ പറയുന്നു. ഗൊഗോയിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന മുന്‍ സുപ്രീംകോടതി ജീവനക്കാരിയെ പ്രതിനിധീകരിക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി ഉത്സവ് ബെയിന്‍സ് വ്യക്തമാക്കി. 

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചീഫ് ജസ്റ്റിസിനെ കുരുക്കാനും, കേസില്‍ ഹാജരാകാനുമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി അഭിഭാഷകന്‍ അറിയിച്ചത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ തന്നെ വാര്‍ത്താസമ്മേളനം സംഘടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സിജെഐ രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള ലൈംഗിക ആരോപണം പുറത്തുവന്നത് മണിക്കൂറുകള്‍ കഴിയുമ്പോഴാണ് ബെയിന്‍സ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ പീഡനത്തിന് ഇരയായ വ്യക്തിയെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് ഉത്സവ് ബെയിന്‍സ്. ഈ കേസില്‍ ബാപ്പുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 

അജ്ഞാതന്‍ മുന്‍ കോടതി ജീവനക്കാരിയുടെ കഥ വിവരിക്കുമ്പോള്‍ പല സംശയങ്ങളും തോന്നി അഭിഭാഷകന്‍ ചോദ്യങ്ങള്‍ തിരികെ ചോദിച്ചു. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. ഇതോടെ ഈ കേസില്‍ ഇടപെടാനില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഇതോടെയാണ് 1.5 കോടി രൂപ വാഗ്ദാനം ചെയ്തത്. കൃത്യമായി പരിശീലനം നേടിയ ഒരു ഏജന്റിനെ പോലെയാണ് ഈ വ്യക്തി സംസാരിച്ചതെന്നും ഉത്സവ് ബെയിന്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ താന്‍ വ്യക്തിപരമായി നടത്തിയ അന്വേഷണത്തില്‍ ചീഫ് ജസ്റ്റിസിനെ രാജിവെപ്പിക്കുകയായിരുന്നു ഉദ്ദേശമെന്ന് തിരിച്ചറിഞ്ഞതായും അഭിഭാഷകന്‍ കുറിച്ചു. 

കടുപ്പക്കാരനായ ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയുള്ള വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയി. ഇദ്ദേഹത്തെ പുറത്തുചാടിക്കാന്‍ അമര്‍ഷമുള്ള ചില ജഡ്ജിമാരും, സുപ്രീംകോടതി ഇടനിലക്കാരും, കോര്‍പറേറ്റ് അഴിമതിക്കാരും, ഏതാനും രാഷ്ട്രീയക്കാരും നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നാണ് ഉത്സവ് ബെയിന്‍സ് കരുതുന്നത്. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം. 




കൂടുതല്‍വാര്‍ത്തകള്‍.