CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 58 Seconds Ago
Breaking Now

ഉറ്റസുഹൃത്തിനെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഷൈമോള്‍ യാത്ര ചെയ്തത് മരണത്തിലേക്ക്; മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച ടൊയോട്ട യാരിസിലേക്ക് അതിവേഗത്തില്‍ കുതിച്ചെത്തിയ ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഇടിച്ചുകയറിയെന്ന് പ്രാഥമിക നിഗമനം; അശ്രദ്ധയില്‍ പൊലിഞ്ഞത് ഷൈമോളുടെ ജീവന്‍

അവധിക്ക് കോട്ടയം കിടങ്ങൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് ആന്‍ട്രിമില്‍ നിന്നും ദുരന്തവാര്‍ത്ത നെല്‍സണെ തേടിയെത്തിയത്

നീണ്ടുനിവര്‍ന്ന് കിടക്കുന്ന എ26-ല്‍ സുഗമമായി യാത്ര ചെയ്യുകയായിരുന്നു ഷൈമോളും, മെയ്‌മോളും, അവരുടെ മകന്റെ സുഹൃത്തായ ബ്രിട്ടീഷ് കൗമാരക്കാരനും. സ്‌കൂള്‍ ക്യാംപിനായി മകനെ കൊണ്ടുവിടാന്‍ യാത്രക്കിറങ്ങിയ മെയ്‌മോള്‍ക്കൊപ്പം കൂടിയതാണ് ഉറ്റസുഹൃത്തായ ഷൈമോള്‍. അടുച്ച ഷിഫ്റ്റില്‍ ജോലിക്ക് കയറാനായുള്ള ആ പോക്കിന് ട്വിസ്റ്റുമായി മറ്റൊരു വാഹനം ഇടറോഡില്‍ നിന്നും കുതിച്ചെത്തുമെന്ന് അവരാരും മനസ്സില്‍ പോലും കണ്ടിരിക്കില്ല. മെയ്‌മോള്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസിലേക്ക് പൊടുന്നനെയാണ് ഇടറോഡില്‍ നിന്നും കുതിച്ചെത്തിയ ഒരു ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഇടിച്ചുകയറി റോഡ് കുരുതിക്കളമാക്കിയത്. 

മുന്നിലെ യാത്രാസീറ്റില്‍ ഇരുന്ന ഷൈമോളാണ് ആ അശ്രദ്ധയ്ക്ക് ആദ്യത്തെ ഇരയായത്. കൂട്ടിയിടിയുടെ കടുത്ത ആഘാതത്തില്‍ ഞെരിഞ്ഞമര്‍ന്ന ഷൈമോള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വാഹനം ഓടിച്ചിരുന്ന മെയ്‌മോളെ ഏറെ പാടുപെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ മെയ് മോള്‍ വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് പുതിയ സ്ഥിരീകരണം. 

പിന്നില്‍ യാത്ര ചെയ്തിരുന്ന മകന്റെ കൂട്ടുകാരനായ ബ്രിട്ടീഷ് കുട്ടിയുടെ കാലിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇത് ശരിപ്പെടുത്താന്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടം വരുത്തിവെച്ച കാറില്‍ സഞ്ചരിച്ച രണ്ട് പുരുഷന്‍മാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. 

ആന്‍ട്രിമിലെ പൊതുജീവിതത്തിന്റെ ഭാഗമായി മാറിയ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് ഷൈമോളും ഇവരുടെ ഭര്‍ത്താവ് നെല്‍സണും. കുട്ടികള്‍ക്കൊപ്പം അവധിക്ക് കോട്ടയം കിടങ്ങൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് ആന്‍ട്രിമില്‍ നിന്നും ദുരന്തവാര്‍ത്ത നെല്‍സണെ തേടിയെത്തിയത്.

നാട്ടില്‍ നിന്നും മടങ്ങിയെത്തിയ നെല്‍സണുമായി സംസാരിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും, സുഹൃത്തുക്കളും. ആന്‍ട്രിം മലയാളി അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ഷൈമോള്‍ നെല്‍സന്റെ പൊടുന്നനെയും വിയോഗം മലയാളി സമൂഹത്തെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.