CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 15 Minutes 51 Seconds Ago
Breaking Now

മാസങ്ങള്‍ നീണ്ട കീമോതെറാപ്പി, സ്തനങ്ങള്‍ മുറിച്ചുകളഞ്ഞ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി; ദുരിതങ്ങള്‍ക്കൊടുവില്‍ 28-കാരിക്ക് ക്യാന്‍സറില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍; റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ആശുപത്രിയുടെ അബദ്ധം തകര്‍ത്തത് ഒരു യുവതിയുടെ ജീവിതം

മാസങ്ങള്‍ക്ക് ശേഷം 2017 ജൂലൈയിലാണ് അബദ്ധം മെഡിക്കുകള്‍ തിരിച്ചറിഞ്ഞത്

ക്യാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞതെല്ലാം ചെയ്തു. മാസങ്ങള്‍ നീണ്ട കീമോതെറാപ്പിക്ക് വിധേയയായി, ഇരുസ്തനങ്ങളും നീക്കം ചെയ്തു. റീകണ്‍സ്ട്രക്ടീവ് സര്‍ജറി നടത്തി. ഇതിനെല്ലാം ഒടുവില്‍ ഡോക്ടര്‍മാര്‍ നടത്തിയ കുറ്റസമ്മതം രണ്ട് മക്കളുടെ അമ്മയായ സാറാ ബോയലിനെ ഞെട്ടിക്കുന്നതായിരുന്നു. ഈ 28-കാരിക്ക് ക്യാന്‍സറുണ്ടെന്ന് തെറ്റായി കണ്ടെത്തിയതാണെന്നും, ഇവര്‍ക്ക് യാതൊരു രോഗവും ഇല്ലാതെയാണ് ഇത്രയും ദുരിതങ്ങളിലൂടെ കടന്നുപോയതെന്നുമായിരുന്നു അവര്‍ മുന്നില്‍ വെളിപ്പെട്ടത്. 

2016 അവസാനത്തിലാണ് റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ആശുപത്രി സ്റ്റഫോര്‍ഡ്ഷയറുകാരി സാറയ്ക്ക് ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദം ഉള്ളതായി വിധിച്ചത്. ഇവരുടെ ടിഷ്യൂ സാമ്പിള്‍ പരിശോധിച്ച വ്യക്തിക്ക് അബദ്ധം പിണഞ്ഞതോടെയാണ് കോശങ്ങള്‍ ക്യാന്‍സര്‍ ബാധിതമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുലയൂട്ടാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഡോക്ടറുടെ പരിശോധന തേടിയതാണ് ഈ അവസ്ഥയ്ക്ക് തുടക്കം കുറിച്ചത്. 

പരിശോധനാ ഫലം ഞെട്ടിച്ചതോടെ സാറ കടുപ്പമേറിയ ചികിത്സ നേരിട്ടു. ദുരിതമേറ്റി കീമോതെറാപ്പി നടത്തി തലയിലെ മുടി മുഴുവന്‍ പോയി. ഇതിന് ശേഷം ബൈലാറ്ററല്‍ മാസെക്ടമി നടത്തി ഇരു സ്തനങ്ങളും നീക്കം ചെയ്തു. ക്യാന്‍സര്‍ പടരുന്നത് തടയാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിന് പകരം ബ്രസ്റ്റ് ഇംപ്ലാന്റുകള്‍ റീകണ്‍സ്ട്രക്ടീവ് സര്‍ജറി വഴി സ്ഥാപിക്കുകയും ചെയ്തു. 

മാസങ്ങള്‍ക്ക് ശേഷം 2017 ജൂലൈയിലാണ് അബദ്ധം മെഡിക്കുകള്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും തിരിച്ചുവരാന്‍ കഴിയാത്ത തരത്തില്‍ സാറയുടെ ജീവിതം താറുമാറാക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ ശരീരത്തിലുള്ള ബ്രസ്റ്റ് ഇംപ്ലാന്റുകള്‍ ഭാവിയില്‍ ക്യാന്‍സറിന് കാരണമായേക്കാമെന്ന ഭയത്തിലാണ് സാറയുടെ ജീവിതം.

ഇപ്പോള്‍ സ്‌പെഷ്യലിറ്റ് മെഡിക്കല്‍ നെഗ്ലിജന്‍സ് അഭിഭാഷകരെ നിയോഗിച്ച് എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്നും വീഴ്ച പറ്റിയെന്ന് സമ്മതിപ്പിച്ചിട്ടുണ്ട് സാറ. പക്ഷെ എന്തെല്ലാം മാറ്റങ്ങളാണ് ഇതിന് ശേഷം ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.