നമ്മുടെ പ്രിയപ്പെട്ട പലരുടെയും ഫോട്ടോകള്‍ കാണുമ്പോള്‍ പറയാറില്ലേ ഇതെന്താ പോലീസ് പിടിച്ച കുറ്റവാളിയെ പോലെയുണ്ടല്ലോ എന്ന്! പോലീസ് സ്റ്റേഷനില്‍ പിടിച്ചുനിര്‍ത്തി എടുക്കുന്ന ഫോട്ടോയ്ക്ക് വലിയ ലുക്കൊന്നും കാണില്ലെന്നത് തന്നെയാണ് ഇതിന് കാരണം. അക്കാരണം കൊണ്ട് തന്നെ പോലീസ് മഗ്ഷോട്ട് ഒഴിവാക്കി പകരം ഫേസ്ബുക്കില്‍ നിന്നുമുള്ള കിടിലന്‍ ഫോട്ടോ വെയ്ക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട് മുങ്ങിയ മുന്‍ മോഡലാണ് ഒടുവില്‍ അറസ്റ്റിലായത്.
ജൂലൈ 9-ന് കോടതിയില്‍ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ നേരിടാന്‍ ഹാജരാകേണ്ടിയിരുന്ന ലിങ്കണ്‍ഷയര്‍ ബോസ്റ്റണ്‍ സ്വദേശി 33-കാരന് സ്റ്റീഫന്‍ മര്‍ഫിയാണ് ഒളിവില്‍ പോയത്. ഇതോടെ ഇയാളെ തിരഞ്ഞ് പോലീസ് നാട്ടിലെങ്ങും നടപ്പായി. തന്റെ പട്ടണത്തിലെ ഏറ്റവും ഗ്ലാമര്‍ താരം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മര്‍ഫി മുന്‍ മിസ്റ്റര്‍ ബോസ്റ്റണുമായിരുന്നു. എന്നാല്‍ വാണ്ടഡ് ആയതോടെ തന്റെ മഗ്ഷോട്ട് അത്ര പോരെന്നായിരുന്നു ഇയാളുടെ പരാതി.
ആ ഫോട്ടോ മാറ്റി ഫേസ്ബുക്കില്‍ നിന്നുമുള്ള നല്ല അടിപൊളി ചിത്രങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാനാണ് മര്‍ഫി പോലീസിനോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടത്. പറ്റുമെങ്കില്‍ തന്നെ പിടിക്കാന്‍ ആവശ്യപ്പെട്ട് ഇയാള്‍ പോലീസിനെ ഫേസ്ബുക്ക് വഴി ചൊടിപ്പിച്ചിരുന്നു. ശരീരത്തില്‍ 20 പൗണ്ട് നോട്ടുകള്‍ വിതറിയ ചിത്രവും ഇയാള്‍ പങ്കുവെച്ചു. എന്തായാലും പോലീസിനെ പരിഹസിച്ച് നടന്ന പിടികിട്ടാപ്പുള്ളിയെ പൊക്കിയെന്ന് അപ്പോള്‍ സേന സ്ഥിരീകരിച്ചിരിക്കുകയാണ്.
പ്രാദേശിക മാധ്യമങ്ങളെ നേരിട്ട് വിളിച്ച് ഫോട്ടോ മാറ്റാന്‍ ആവശ്യപ്പെട്ട മര്‍ഫി പുതിയ ചിത്രങ്ങള്‍ അയച്ച് നല്‍കുകയും ചെയ്തു. തെറ്റായ ഫോട്ടോ നല്കിയാല് തന്നെ പോലീസിന് എങ്ങിനെ പിടിക്കാന്‍ കഴിയുമെന്നായിരുന്നു ഇയാളുടെ ചോദ്യം.