CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 55 Seconds Ago
Breaking Now

ചൈനയുടെ ആവശ്യം അംഗീകരിച്ച് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി ചര്‍ച്ച ഇന്ന്

ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നുമാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ച നിലപാട്.

യു എന്‍ രക്ഷാസമിതി സ്ഥിരാംഗമായ ചൈനയുടെ ആവശ്യപ്രകാരം കശ്മീരിലെ സ്ഥിതിഗതികള്‍ യു എന്‍ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. രക്ഷാസമിതിയുടെ ഇത്തവണത്തെ അധ്യക്ഷയായ പോളണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടക്കുമെന്ന് പോളണ്ടിന്റെ പ്രതിനിധി ജനാന റോണക്കയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു.കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ രക്ഷാസമിതിയില്‍ തുറന്ന ചര്‍ച്ച നടത്തണമെന്നതായിരുന്നു പാകിസ്താന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാസമിതിക്കും രക്ഷാസമിതി അംഗങ്ങള്‍ക്കും പാകിസ്താന്‍ കത്ത് അയച്ചിരുന്നു. എന്നാല്‍ ചൈന ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തിനൊപ്പമാണ് നിന്നത്. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നുമാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ച നിലപാട്.

കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര വത്കരിക്കുക എന്ന ഉദ്ദേശത്തോടെ രക്ഷാസമിതിയില്‍ തുറന്ന ചര്‍ച്ച വേണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് മേല്‍ പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ചൈനയും അടച്ചിട്ട മുറിയിലെ ചര്‍ച്ച മാത്രമാണ് ആവശ്യപ്പെട്ടത്. തുറന്ന ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചൈനയും നിലപാട് മാറ്റിയത്.

തുറന്ന ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ ചര്‍ച്ചക്കിടെ നടക്കുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. മാത്രമല്ല രക്ഷാസമിതി അംഗമല്ലാത്തവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതുവഴി തങ്ങളുടെ വാദങ്ങള്‍ ലോകത്തിന് മുന്നില്‍ കൂടുതല്‍ എത്തിക്കാനാകുമെന്നായിരുന്നു പാകിസ്താന്‍ കരുതിയിരുന്നത്. എന്നാല്‍ തുറന്ന ചര്‍ച്ച നടക്കാത്തതിനാല്‍ രക്ഷാ സമിതി അംഗങ്ങള്‍ മാത്രമാകും ചര്‍ച്ച നടത്തുക. അതിലെ വിവരങ്ങള്‍ രഹസ്യമായി തുടരുകയും ചെയ്യും. ചര്‍ച്ചാ വിവരങ്ങള്‍ ഔദ്യോഗികമായി സൂക്ഷിക്കുകയുമില്ല. അതിനാല്‍ എന്താണ് ചര്‍ച്ചയില്‍ അംഗങ്ങള്‍ നിലപാടെടുത്തത് എന്നത് പുറത്താര്‍ക്കും ലഭ്യമാവുകയുമില്ല.

ബുധനാഴ്ച രക്ഷാസമിതി യോഗം ചേര്‍ന്നിരുന്നു. ഇതിനോടൊപ്പം കശ്മീര്‍ വിഷയത്തിലും ചര്‍ച്ച നടത്തണമെന്നായിരുന്നു ചൈന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇതിനോട് യോജിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച ചര്‍ച്ചവേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇതിനെ ഫ്രാന്‍സ് എതിര്‍ത്തു. തുടര്‍ന്നാണ് മറ്റ് ചര്‍ച്ചകള്‍ ഒന്നുമില്ലാത്ത ഇന്നത്തേക്ക് വിഷയം മാറ്റിയത്.




കൂടുതല്‍വാര്‍ത്തകള്‍.