CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 13 Seconds Ago
Breaking Now

കശ്മീരിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം; പാക്, കശ്മീര്‍ പതാകകളുമായി ഇന്ത്യാവിരുദ്ധ പ്രകടനം; ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ ഏതാനും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി; കൂടുതല്‍ അക്രമിച്ച് പണിവാങ്ങാതെ മടങ്ങി

കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പാകിസ്ഥാനി, കശ്മീരി പതാകകളുമായി നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി അണിനിരന്നു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് പാക് വംശജരും, ഖലിസ്ഥാന്‍ വാദികളും ഉള്‍പ്പെട്ട പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. പോലീസുമായി ഏറ്റുമുട്ടിയ ഏതാനും രോഷാകുലരായ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഒരാള്‍ക്ക് പരുക്കേറ്റു. 

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യയുടെ ഭാഗമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പാകിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ പ്രതിഷേധിച്ച് വരുന്നത്. നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര, ഗതാഗത ബന്ധങ്ങള്‍ റദ്ദാക്കിയ പാകിസ്ഥാന്‍ ഇന്ത്യന്‍ അംബാസിഡറെ പുറത്താക്കുകയും ചെയ്തിരുന്നു. 'കശ്മീര്‍ കത്തുന്നു', 'കശ്മീരിനെ സ്വതന്ത്രമാക്കൂ', 'മോദി: ചായ ഉണ്ടാക്കൂ, യുദ്ധം ഉണ്ടാക്കരുത്' തുടങ്ങിയ ബാനറുകളാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയത്. 

മെറ്റ് പോലീസ് കലാപമുണ്ടായാല്‍ പ്രതിരോധിക്കാന്‍ തയ്യാറായി നിലയുറപ്പിച്ചതോടെ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് രോഷം തീര്‍ത്തു. പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നുവെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. വിരലില്‍ എണ്ണാവുന്ന അക്രമങ്ങള്‍ മാത്രമാണ് ഉണ്ടായത്, അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചാര്‍ട്ടര്‍ ചെയ്ത ബസുകളിലാണ് പല നഗരങ്ങളില്‍ നിന്നായി പ്രതിഷേധക്കാരെ ലണ്ടനില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ത്യ 73-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് പാകിസ്ഥാനികളും, ഖലിസ്ഥാന്‍ വാദികളും ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പതാകകള്‍ കീറി പ്രതിഷേധിച്ച പ്രതിഷേധക്കാര്‍ ഇത്തവണ സാഹസത്തിന് മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്.  




കൂടുതല്‍വാര്‍ത്തകള്‍.