CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 41 Seconds Ago
Breaking Now

ബിഷപ്പ് ഫാങ്കോ Vs സിസ്റ്റര്‍ ലൂസി കളപ്പുര; പന്ത് ഇനി വത്തിക്കാന്റെ കോര്‍ട്ടില്‍; മഠത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ വത്തിക്കാനില്‍; അപ്പീല്‍ തീരുമാനം സഭയ്ക്കും, മുന്‍ ബിഷപ്പിനും നെഞ്ചിടിപ്പ് സമ്മാനിക്കും; വത്തിക്കാന്‍ ആര്‍ക്കൊപ്പം നിലയുറപ്പിക്കും?

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് സഭയെ മോശമാക്കിയെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്‌

ലോകത്തെ വിവിധ ക്രിസ്തീയ സഭകളില്‍ പുരോഹിതര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന തീരുമാനങ്ങളാണ് വത്തിക്കാന്‍ സ്വീകരിച്ച് വരുന്നത്. എന്നാല്‍ ഇവയില്‍ കൂടുതലും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ്. ഇതില്‍ നിന്നും വ്യത്യസ്തമായൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നുമാണ്. ക്രിസ്തുവിന്റെ മണവാട്ടിയായി മഠങ്ങളില്‍ കഴിയുന്ന കന്യാസ്ത്രീ ഇരയും, വിശ്വാസികളുടെ അപ്പോസ്തലനാകേണ്ട ബിഷപ്പ് വേട്ടക്കാരന്റെയും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ സഭയില്‍ തന്നെ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് വ്യാപകമായത്. ഇതോടെ കന്യാസ്ത്രീക്കൊപ്പം നിന്നവരെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി. 

ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ സമരങ്ങളില്‍ പങ്കെടുത്തതാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷനിലെ സിസ്റ്റര്‍ ലൂസി കളപ്പുരയെ അധികാരികളുടെ കണ്ണിലെ കരടാക്കിയത്. എഫ്‌സിസിയുടെ നിയമങ്ങള്‍ തെറ്റിച്ചുള്ള ജീവിതരീതി സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രഗേഷന്‍ ഈ മാസം ആദ്യം സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്. ഇതിന് പിന്നാലെ ഇവരെ തിരികെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്ററുടെ പ്രായമായ അമ്മയ്ക്കും കോണ്‍ഗ്രഗേഷന്‍ കത്തയച്ച് നിലപാട് കടുപ്പിച്ചു. 

എന്നാല്‍ തന്നെ പുറത്താക്കിയ നടപടിക്കെതിരെ അപ്പീലുമായി സിസ്റ്റര്‍ ലൂസി ഇപ്പോള്‍ വത്തിക്കാനെ സമീപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വത്തിക്കാന് ഇമെയില്‍ ആയും, ശനിയാഴ്ച പോസ്റ്റ് വഴിയും അപ്പീല്‍ അയച്ചുനല്‍കിയെന്ന് സിസ്റ്റര്‍ വ്യക്തമാക്കി. വത്തിക്കാന്റെ ഡല്‍ഹിയിലെ പ്രതിനിധികള്‍ക്കും അപ്പീല്‍ നല്‍കിയെന്ന് സിസ്റ്റര്‍ പറഞ്ഞു. വയനാട്ടിലെ കാരയ്ക്കാമലയിലുള്ള കോണ്‍വെന്റില്‍ നിന്നും മകളെ തിരികെ വീട്ടിലേക്ക് സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സിസ്റ്ററുടെ അമ്മയ്ക്ക് ആഗസ്റ്റ് 10-നാണ് കോണ്‍ഗ്രഗേഷന്‍ കത്തയച്ചത്. 

10 ദിവസത്തിനുള്ളില്‍ മകള്‍ കോണ്‍വെന്റ് വിട്ടുപോകണമെന്നാണ് എഫ്‌സിസി പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍ കത്തില്‍ അറിയിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ നിയമപരമായി തന്നെ നീക്കാന്‍ കോണ്‍ഗ്രഗേഷന് കഴിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ചൂണ്ടിക്കാണിച്ചു. കവിത പ്രസിദ്ധീകരിച്ചു, കാര്‍ വാങ്ങി, ലൈസന്‍സ് എടുത്തു എന്നിവ കൂടാതെ ലൈംഗിക പീഡന ആരോപണം നേരിടുന്ന മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതും സിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളായി സഭ ഉയര്‍ത്തിക്കാണിക്കുന്നു. 

ആലുവ ആസ്ഥാനമായുള്ള കോണ്‍ഗ്രഗേഷന്‍ മേധാവി ആന്‍ ജോസഫാണ് പുറത്താക്കിയ വിവരം സിസ്റ്റര്‍ ലൂസിയെ അറിയിച്ചത്. മെയ് 11-ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ ഏകകണ്ഠമായി ഈ നിലപാടിനൊപ്പം നിന്നെന്നും കത്തില്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് സഭയെ മോശമാക്കിയെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്തായാലും അപ്പീല്‍ നല്‍കിയതോടെ ഇത്തരമൊരു കേസില്‍ വത്തിക്കാന്‍ ആര്‍ക്കൊപ്പം നിലയുറപ്പിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.