CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes Ago
Breaking Now

പൂക്കളമൊരുക്കി ആരവങ്ങളും ആര്‍പ്പുവിളികളുമായി മാവേലിയെ എതിരേറ്റ് ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം പ്രൗഡോജ്ജ്വലമായി.

ലണ്ടന്‍: ഗില്‍ഫോര്‍ഡിലെ അമ്മമാര്‍ ചേര്‍ന്ന് രൂപം നല്‍കിയ അയല്‍ക്കൂട്ടം എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത വര്‍ണ്ണ ശബളിമയാര്‍ന്ന പരിപാടികള്‍ കൊണ്ട് സമ്പന്നമായ ആഘോഷം സംഘടിപ്പിച്ചത് ജേക്കബ്‌സ് വെല്‍ ഹാളിലായിരുന്നു. മീര രാജനും ജിഷ ബോബിയും ചേര്‍ന്ന് മനോഹരമായ പൂക്കളമൊരുക്കി ആരവങ്ങളും ആര്‍പ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി ആരംഭിച്ച ആഘോഷപരിപാടികളുടെ ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും കേരള ഗവണ്‍മെന്റ് മലയാളം മിഷന്‍  യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും ഗില്‍ഫോര്‍ഡ് നിവാസിയുമായ സി എ ജോസഫ് മുഖ്യാതിഥിയായിരുന്നു.

സി എ ജോസഫിനൊപ്പം അയല്‍ക്കൂട്ടത്തിന്റെ സംഘാടകരും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌നേഹവും സമാധാനവും ഉണ്ടായിരുന്ന സമത്വസുന്ദരമായ ഒരു കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നതിനായി പ്രവാസി മലയാളികള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളില്‍ പോലും പല ആളുകളില്‍ നിന്നും എതിര്‍പ്പുകളും നിസ്സഹകരണവും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അയല്‍ക്കൂട്ടത്തിന്റെ സംഘാടകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഗില്‍ഫോര്‍ഡിലെ കുട്ടികള്‍ക്കായി നടത്തിവന്നിരുന്ന മലയാളം ക്ലാസ്സ് മാതൃകാപരമാണെന്നും കെട്ടുറപ്പുള്ള ഒരു സംഘടന സംവിധാനമായി സാമൂഹികപ്രതിബദ്ധതയോടെ കൂടുതല്‍ നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യുവാനും അയല്‍ക്കൂട്ടം എന്ന ഈ കൂട്ടായ്മക്ക് കഴിയട്ടെയെന്നും സി എ ജോസഫ് തന്റെ ആശംസ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഫാന്‍സി നിക്‌സണ്‍ സ്വാഗതം ആശംസിച്ചു.

മാവേലിയായി പ്രത്യക്ഷപ്പെട്ട ബിനോദ് ജോസഫ് തന്റെ  പ്രജകള്‍ക്കായി അനുഗ്രഹ പ്രഭാഷണം നടത്തിയതിനോടൊപ്പം ഗില്‍ഫോര്‍ഡിലെ റോയല്‍ സാറേ ഹോസ്പിറ്റലിലേക്ക് നവാഗതരായി കടന്നുവന്ന നഴ്‌സുമാര്‍ക്ക് പൂക്കള്‍ നല്‍കി സ്വാഗതമേകി.

മോളി ക്ലീറ്റസ് , ഫാന്‍സി നിക്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവ് പുലര്‍ത്തി. നിമിഷ എബിന്‍,ആതിര സനു എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഓണം തീം ഡാന്‍സും ഏറെ ആകര്‍ഷണീയം ആയിരുന്നു. ഇസ്സ ആന്റണി, എലിസബത്ത് വിനോദ്, കിങ്ങിണി ബോബി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടോടി നൃത്തം  തിരുവോണത്തിന്റെ ഓര്‍മ്മകള്‍ എല്ലാവര്‍ക്കും സമ്മാനിച്ചു. കെവിന്‍ ക്ലീറ്റസ് ,ജേക്കബ് വിനോദ് , ഗീവര്‍ ഷിജു എന്നിവര്‍ ചേര്‍ന്ന  ടീം നയിച്ച വള്ളംകളിയും കാണികള്‍ക്ക് മനോഹരമായ ദ്രശ്യാനുഭവമാണ് നല്‍കിയത്.

തുടര്‍ന്ന് വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ആയി പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ എല്ലാവരും ആവേശപൂര്‍വ്വമാണ് പങ്കെടുത്തത് . വാശിയേറിയ വനിതകളുടെ വടംവലി മത്സരത്തില്‍  ആതിര സനു നയിച്ച ടീം ആണ് വിജയിച്ചത് . അത്യധികം വാശിയേറിയ പുരുഷന്മാര്‍ പങ്കെടുത്ത വടം വലി മത്സരത്തില്‍ ജോയല്‍ ജോസഫ് നയിച്ച ടീമിനെ പരാജയപ്പെടുത്തി ജെസ് വിന്‍ ജോസഫ് നേതൃത്വം നല്‍കിയ ടീം ജേതാക്കളായി.

വിനോദകരമായ കസേരകളി മത്സരങ്ങളിലും കുട്ടികളും വനിതകളും ആഹ്ലാദത്തോടും സന്തോഷത്തോടെയൂമാണ് പങ്കെടുത്തത് . കുട്ടികളുടെ മത്സരത്തില്‍ കെവിന്‍ ക്ലീറ്റസ് വിജയിച്ചപ്പോള്‍ വനിതകളുടെ കസേരകളി മത്സരത്തില്‍ സിംന വിജയിയായി.തുടര്‍ന്ന് നടന്ന പരമ്പരാഗതരീതിയിലുള്ള ഇരുപത്തിയാറ് ഇനങ്ങളോടുകൂടിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരത്വമുണര്‍ത്തി.

ഭക്ഷണത്തിനുശേഷം കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ എല്ലാം വേറിട്ട മികവു പുലര്‍ത്തി. ഫാന്‍സി നിക്‌സണ്‍, ലക്ഷ്മി ഗോപി എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ് സദസ്സ് ഒന്നടങ്കം നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചപ്പോള്‍ ഗായകരായ നിക്‌സണ്‍ ആന്റണി , സജി ജേക്കബ്, ജിന്‍സി ഷിജു, ചിന്നു ജോര്‍ജ്ജ് എന്നിവരുടെ ഹൃദ്യമായ ഗാനാലാപനങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. കൊച്ചു നര്‍ത്തകരായ ഇവ ആന്റണി,ജോണി ബോബി, കിങ്ങിണി ബോബി, സ്റ്റീഫന്‍ നിക്‌സണ്‍, കെവിന്‍ ക്‌ളീറ്റസ് , എലിസബത്ത് ബിനോദ് തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ ഏവരുടെയും ഹര്‍ഷാരവം ഏറ്റുവാങ്ങിയപ്പോള്‍ കൊച്ചു ഗായകന്‍ ബേസില്‍ ഷിജു ആലപിച്ച ഗാനം ഏറെ ആസ്വാദ്യകരവും ആയിരുന്നു.

യുകെ മലയാളികള്‍ അഞ്ചുവര്‍ഷം മുന്‍പ് പുറത്തിറക്കിയ 'ഓര്‍മ്മയില്‍ ഒരു ഓണം'എന്ന ആല്‍ബത്തിനു വേണ്ടി സി എ ജോസഫ് രചിച്ച് കനേഷ്യസ് അത്തിപ്പൊഴി സംഗീതം നല്‍കി ഹരീഷ് പാല ആലപിച്ച് യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഓണപ്പാട്ടും മുഖ്യ അതിഥിയായി എത്തിയ സി എ ജോസഫ് ആലപിച്ചപ്പോള്‍ എല്ലാവരും നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേര്‍ന്ന് ആഘോഷിച്ച തിരുവോണദിനത്തിന്റെ ഓര്‍മ്മയുണര്‍ത്തി.

 

യുവനര്‍ത്തകരായ ആന്റണി എബ്രഹാം,ഗോപി ശ്രീറാം, പാസ്‌ക്കല്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച അടിപൊളി നൃത്തം കാണികളെ വിസ്മയ ഭരിതരാക്കി. ജിന്‍സി ഷിജു, ജിനി വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് സദസ്സിനെ ഇളക്കിമറിച്ചു. ആഘോഷങ്ങളില്‍ പങ്കെടുത്തമുഴുവനാളുകളെയും ഉള്‍പ്പെടുത്തി അവതരിപ്പിച്ച സുംബാ ഡാന്‍സും ചാച്ചാ ഡാന്‍സും ഏവര്‍ക്കും നവ്യമായ അനുഭവമായിരുന്നു. ദേശഭക്തി നിറവില്‍ ചിട്ടപ്പെടുത്തി ഗീവര്‍ ഷിജു, ജോയല്‍ ബോബി, സാറാ സജി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം കാണികള്‍ മുഴുവന്‍ ആദരവോടെ എഴുന്നേറ്റുനിന്നാണ് ആസ്വദിച്ചത്. 

 

ആഘോഷപരിപാടികളുടെ വിജയത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച ശ്രീലക്ഷ്മി പവന്‍, ചിന്നു ജോര്‍ജ്, സാറ സജി എന്നിവര്‍ അവതാരകരായി തിളങ്ങി. ഫാന്‍സി നിക്‌സണ്‍, മോളി ക്ലീറ്റസ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയി സംഘടിപ്പിച്ച അവിസ്മരണീയമായ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ബിനി സജി, മാഗി പാസ്‌ക്കല്‍, സ്‌നേഹ ശോഭന്‍, ജിഷ ബോബി, സജി ജേക്കബ് , ക്ലീറ്റസ് സ്റ്റീഫന്‍, ബോബി ഫിലിപ്പ് , ഷിജു മത്തായി എന്നിവരാണ്.മോളി ക്ലീറ്റസിന്റെ നന്ദി പ്രകാശനത്തോടെ  ഓണാഘോഷ പരിപാടികള്‍ പര്യവസാനിച്ചു.

മോളി ക്‌ളീറ്റസ്സ് 




കൂടുതല്‍വാര്‍ത്തകള്‍.