CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 1 Seconds Ago
Breaking Now

അവിസ്മരണീയം, ആഘോഷപൂര്‍ണ്ണം; ഒരുമയുടെ ഓണസദ്യയുണ്ട് യുബിഎംഎ.... ഓണാഘോഷങ്ങള്‍ കെങ്കേമമായി

പാട്ടും, നൃത്തവും, ഓണസദ്യയുമായി മനസ്സ് നിറച്ചാണ് പങ്കെടുത്ത ഓരോരുത്തരും വേദി വിട്ടിറങ്ങിയത്.

ഒരു മനസ്സോടെ ഒത്തുചേരുമ്പോഴാണ് ആഘോഷങ്ങള്‍ അവിസ്മരണീയമാകുന്നത്. യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ (യുബിഎംഎ) ഓണാഘോഷങ്ങള്‍ കെങ്കേമമായതും ഈ ഒരുമയുടെ മേന്മയിലാണ്. പ്രവാസ ജീവിതത്തില്‍ മലയാളി സമൂഹം കാത്തിരിക്കുന്ന ഓണാഘോഷങ്ങള്‍ ഇക്കുറിയും ഗംഭീരമാക്കി യുബിഎംഎ അംഗങ്ങള്‍ ആര്‍പ്പുവിളിച്ച് ഒത്തുകൂടി. പാട്ടും, നൃത്തവും, ഓണസദ്യയുമായി മനസ്സ് നിറച്ചാണ് പങ്കെടുത്ത ഓരോരുത്തരും വേദി വിട്ടിറങ്ങിയത്.  

യുബിഎംഎ ഓണാഘോഷം ഇത്തവണയും ബ്രിസ്റ്റോളിലെ സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ആഘോഷിച്ചത്.രാവിലെ അംഗങ്ങള്‍ ചേര്‍ന്ന് മനോഹരമായ പൂക്കളം ഒരുക്കി. 11.30 ഓടെ ഗംഭീരമായ ഓണ സദ്യ ആരംഭിച്ചു. എല്ലാ അംഗങ്ങളുടേയും പങ്കാളിത്തത്തോടെയുള്ള ഓണസദ്യയായതിനാല്‍ തന്നെ ഒരുമയുടെ സ്‌നേഹം അതില്‍ നിറഞ്ഞു നിന്നിരുന്നു. മൂന്നു മണി വരെ നീണ്ട ഓണ സദ്യയില്‍ നാട്ടിലെ പോലെ ഇലയില്‍ എല്ലാ വിഭവങ്ങളും ഏവരും ആസ്വദിച്ചു കഴിച്ചു. 

താള മേളങ്ങളുടെ അകമ്പടിയോടെ മങ്കമാര്‍ ചേര്‍ന്ന് താലമെടുത്ത് മാവേലിയേയും യുബിഎംഎ എക്സിസിക്യൂട്ടീവ്  അംഗങ്ങളേയും വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് മാവേലി ഓണാഘോഷ പരിപാടികള്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.

യുബിഎംഎയുടെ അഭിമാനമായി മാറി ജിസിഎസിഇ പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയ നാലു കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാര്‍ട്ടിന്‍ മെജോ, നോയല്‍ സ്റ്റീഫന്‍,രോഹിത് ജോണ്‍, ജൂലിയറ്റ് ഷിജു എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്.

യുബിഎംഎ പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ് ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

UBMA സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികളുടെ കലാപരിപാടികളായിരുന്നു പിന്നീട്. യുബിഎംഎയുടെ അഭിമാനമായ ഡാന്‍സ് അധ്യാപിക ജിഷ ടീച്ചറും ശിഷ്യരും ഒരുക്കിയ മനോഹരമായ നൃത്തങ്ങള്‍ ഓണാഘോഷത്തിന് മികവു കൂട്ടി. ക്ലാസിക്കല്‍ സെമി ക്ലാസിക്കല്‍ നൃത്തങ്ങള്‍ക്ക് പുറമേ പാട്ടുകളും റോക്കിങ് പെര്‍ഫോമന്‍സുകളും മനോഹരമായ സ്‌കിറ്റും പരിപാടിയില്‍ വേറിട്ട കാഴ്ചകളായി മാറി.

മറ്റേത് ആഘോഷങ്ങളേക്കാളുപരി പ്രവാസി മലയാളികള്‍ നാട്ടിലേക്കാള്‍ കെങ്കേമമായി ആഘോഷിക്കുകയാണ് ഓണം. നാട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവര്‍ക്കായി എല്ലാ സഹായവും ചെയ്യാന്‍ ഒത്തൊരുമിച്ചവരാണ് യുബിഎംഎ അംഗങ്ങള്‍ ഓരോരുത്തരും. നാടിനോടുള്ള അടുപ്പവും ആ സംസ്‌കാരം കുട്ടികളിലേക്കു കൂടി പകര്‍ന്നു കിട്ടണമെന്ന ആഗ്രഹവുമാണ് ഓരോ പ്രവാസി മലയാളികള്‍ക്കും ഓണം ആഘോഷിക്കുമ്പോള്‍ മനസിലുണ്ടാകുക.

ഒത്തൊരുമയുടെ നല്ല നിമിഷങ്ങളുമായിട്ടാണ് ഇക്കുറിയും യുബിഎംഎ ഓണം കൊണ്ടാടിയത്. വൈകിട്ട് എട്ട് മണിയോടെ സമാപിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത ഏവർക്കും UBMA സെക്രടറി ജോൺ ജോസഫ് നന്ദി രേഖപ്പെടുത്തി. നോയൽ സ്റ്റീഫൻ, എയ്ഞ്ചൽ ജെഗി എന്നിവർ അവതാരകരായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.