CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 57 Seconds Ago
Breaking Now

യുക്മ സ്‌കോട്ട്‌ലന്‍ഡ് റീജിയണല്‍ കലാമേള ഷെറ്റ്‌ലെസ്റ്റണില്‍.......... ഇത് സ്‌കോട്ട്‌ലണ്ടിലെ ആദ്യ യുക്മ കലാമേള

പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കമായി റീജിയണുകളില്‍ നടക്കുന്ന മേഖലാ കലാമേളയുടെ ഒരുക്കങ്ങള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുന്നു. യുക്മയുടെ താരതമ്യേനെ ചെറിയ റീജിയണായ സ്‌കോട്ട്‌ലന്‍ഡില്‍ ഇതാദ്യമായി റീജിയണല്‍ കലാമേള അരങ്ങേറുകയാണ്. ആദ്യ യുക്മ കലാമേളക്കുള്ള ആവേശത്തിലാണ് സ്‌കോട്ട്‌ലന്‍ഡിലെ യുക്മ അംഗ അസോസിയേഷനുകളും പ്രവര്‍ത്തകരും. 

സ്‌കോട്ട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍ (എസ് എം എ) ആണ് റീജിയണല്‍ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്‌റ്റോബര്‍ പത്തൊന്‍പത് ശനിയാഴ്ച ഗ്ലാസ്‌ഗോയിലെ ഷെറ്റ്‌ലെസ്റ്റന്‍ സെന്റ് പോള്‍ ദേവാലയ ഹാളില്‍ കലാമേളക്ക് തിരിതെളിയും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുവാനായി സണ്ണി ഡാനിയേല്‍ (07951585396), തോമസ് പറമ്പില്‍ (07765769773), ബിജു മാന്നാര്‍ (07949333617) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. വ്യക്തിഗത മത്സരങ്ങള്‍ക്ക് ഓരോ മത്സര ഇനത്തിനും അഞ്ച് പൗണ്ടും, ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഓരോ ഗ്രൂപ്പിനും പതിനഞ്ച് പൗണ്ടും ആണ് രജിസ്‌ട്രേഷന്‍ ഫീസ്.

പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. റീജിയണല്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക്, നവംബര്‍ രണ്ടാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കുന്നതാണ്. മത്സരം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:

 St.Paul Church Hall, Shettleston, 

1651 Shettleston Road, Glasgow  G32 9AR. 

മത്സര ഇനങ്ങള്‍ 

ഏകാംഗ ഗാനം (Solo Song): പശ്ചാത്തല സംഗീതത്തിന്റെ സഹായമില്ലാതെ പാടുന്നത്. കുട്ടികള്‍ ഒഴികെയുള്ളവര്‍ മലയാളം ലളിത ഗാനങ്ങള്‍ മാത്രമേ പാടാനായി തെരെഞ്ഞെടുക്കാവൂ. കുട്ടികളുടെ മത്സരത്തില്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള ഗാനങ്ങള്‍ പാടാവുന്നതാണ്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സിനിമ ഗാനങ്ങള്‍ അനുവദനീയമല്ല.

പദ്യ പാരായണം (Poem Recitation): സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മലയാളത്തില്‍ മാത്രമുള്ള പദ്യങ്ങള്‍. 5 മിനിറ്റ് സമയ പരിധിയുണ്ട്.

ഏകാംഗാഭിനയം (Mono Act): ചമയങ്ങളൊന്നുമില്ലാതെ വിവിധ കഥാപാത്രങ്ങളെ ഒരാള്‍ തന്നെ സ്റ്റേജില്‍ അവതരിപ്പിക്കുന്ന രീതി. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മലയാളത്തില്‍ മാത്രം. 5 മിനിറ്റ് സമയ പരിധിയുണ്ട്.

പ്രസംഗം (Elocution): സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ഒന്നുകില്‍ മലയാളത്തിലോ അല്ലെങ്കില്‍  ഇംഗ്ലീഷിലോ പ്രസംഗിക്കാം. സീനിയര്‍ വിഭാഗക്കാര്‍ക്ക് മലയാളത്തില്‍ മാത്രമേ മത്സരമുള്ളൂ. 5 മിനിറ്റ് സമയ പരിധിയുണ്ട്.

ഏകാംഗ ശാസ്ത്രീയ നൃത്തം (Classical Dance Solo  Bharatantayam & Mohiniyattam): തനതായ ശാസ്ത്രീയ ശാസ്ത്രീയ  ഗാനങ്ങളോ സംഗീതമോ മാത്രമേ ഉപയോഗിക്കാവു. സിനിമ ഗാനങ്ങള്‍ അനുവദനീയമല്ല. ഭാരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും ചമയങ്ങള്‍ അതാതു നൃത്തത്തിന് അനുയോജ്യമായ രീതിയിലുള്ളതായിരിക്കണം. സമയ പരിധി 10 മിനിറ്റ്.

നാടോടി നൃത്തം (Folk Dance): ആഘോഷാവസരങ്ങള്‍ക്കു മാറ്റുകൂട്ടാനായി അവതരിപ്പിക്കാറുള്ള ഈ നൃത്തരൂപത്തിനു വളരെ ലളിതമായ ചുവടുവെപ്പുകളാണ് സാധാരണ ഉപയോഗപ്പെടുത്താറ്. നൃത്തം ചെയ്യുന്ന ആളുടെ മെയ് വഴക്കവും സര്‍ഗ്ഗശക്തിയുമാണ് ഈ നൃത്താനുഷ്ഠാനത്തിന്റെ അളവുകോല്‍. സമയ പരിധി 7 മിനിറ്റ്.

സിനിമാറ്റിക് ഡാന്‍സ് (Cinematic Dance/Free tsyle dance  single and group ): പൂര്‍ണമായ ശാസ്ത്രീയ, അര്‍ദ്ധശാസ്ത്രീയ നൃത്തങ്ങള്‍ സിനിമാറ്റിക് ഡാന്‍സ് ആയി അവതരിപ്പിക്കാന്‍ പാടുള്ളതല്ല. അര്‍ദ്ധശാസ്ത്രീയ നൃത്ത രീതി സിനിമാറ്റിക് ഡാന്‍സിന്റെ ഭാഗമാക്കുന്നതില്‍  കുഴപ്പമില്ല.

കുട്ടികളുടെ വിഭാഗത്തില്‍ നാല് മിനിറ്റ് വരെ ദൈര്‍ഘ്യം വരാവുന്ന വിധം കഥാവായന മത്സരവും (ഇംഗ്ലീഷിലോ മലയാളത്തിലോ)  ഉണ്ടായിരിക്കുന്നതാണ്. ഏകാംഗ സിനിമാറ്റിക് ഡാന്‍സിന്റെ സമയ പരിധി 5 മിനിട്ടാണ്. സമൂഹ സിനിമാറ്റിക് ഡാന്‍സിനു 3 മുതല്‍ 8 വരെ നര്‍ത്തകരെ ഉള്‍പ്പെടുത്താവുന്നതാണ്. സമയ പരിധി 5 മിനിട്ടാണ്.

സംഘ ശാസ്ത്രീയ നൃത്തം (Classical Group Dance): ഏതു തരത്തിലുള്ള ഭാരതീയ ശാസ്ത്രീയ നൃത്തവും അതിന്റെ തനതായ രൂപത്തിലോ (pure) സമ്മിശ്ര രൂപത്തിലോ (fusion) അവതരിപ്പിക്കാവുന്നതാണ്. 3 മുതല്‍ 8 വരെ നര്‍ത്തകര്‍ക്കു പകെടുക്കാവുന്ന സംഘ നൃത്തത്തിന് 10 മിനിറ്റ് സമയ പരിധിയുണ്ട്.

സംഘ ഗാനം (Group Song): പശ്ചാത്തല സംഗീതത്തിന്റെ സഹായമില്ലാതെ പാടുന്നത്. മലയാളം ലളിത ഗാനങ്ങള്‍ മാത്രമേ പാടാനായി തെരെഞ്ഞെടുക്കാവൂ. സിനിമാ, ഭക്തി ഗാനങ്ങള്‍ അനുവദനീയമല്ല. 3 മുതല്‍ 8 വരെ ഗായകരെ ഉള്‍പ്പെടുത്താവുന്നതാണ്. സമയ പരിധി 5 മിനിട്ടാണ്.

മൂകാഭിനയം (Mime): സംഭാഷണമില്ലാതെ ഒരു വിഷയമോ കഥയോ അരങ്ങില്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന രീതി. മൈക്രോഫോണ്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. പാട്ടുകളോ സംഭാഷണമോ ഇല്ലാത്ത പിന്നണി സംഗീതം ആവശ്യമെങ്കില്‍ ഉപയോഗിക്കാം. വെളുത്ത നിറം ആധാരമാക്കിയുള്ള ചമയം മുഖത്തുമാത്രം ഇടാവുന്നതാണ്. നിന്ദ്യമായതോ, അശ്ലീലമായതോ, അധിക്ഷേപിക്കുന്ന തരത്തിലുള്ളതോ ആയ ആംഗ്യങ്ങളും ഭാവപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്. 4 മുതല്‍ 6 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന മൂകാഭിനയത്തിനു 5 മിനിറ്റ് ആണ് സമയ പരിധി.

ചിത്ര രചന (Drawing  various medium): യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരത്തില്‍  സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റു വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിനു ഏതു മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. സമയ പരിധി ഒരു മണിക്കൂര്‍. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 നു ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുമെന്ന് യുക്മ സാംസ്‌കാരിക വേദി അറിയിക്കുന്നു.

താഴെ പറയുന്ന അഞ്ചു പ്രായ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. 2019 സെപ്തംബര്‍ ഒന്ന് ആയിരിക്കും പ്രായപരിധി നിര്‍ണ്ണയിക്കുന്ന തീയതി.

കുട്ടികള്‍ (Kids): 8 വയസ്സു വരെയുള്ളവര്‍ 

സബ്ജൂനിയര്‍ (Subjunior): 8 വയസ്സിനു മുകളില്‍  12 വയസ്സു വരെയുള്ളവര്‍ 

ജൂനിയര്‍ (Junior): 12 വയസ്സിനു മുകളില്‍  17 വയസ്സു വരെയുള്ളവര്‍ 

സീനിയര്‍ (Senior): 17 വയസ്സിനു മുകളില്‍ ഉള്ളവര്‍ 

പൊതു വിഭാഗം (Common): ഏതു പ്രായത്തിലുള്ളവരും

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.