CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 10 Seconds Ago
Breaking Now

നൊസ്റ്റാള്‍ജിയ: പൂര്‍വ്വകാല സ്മരണകള്‍ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതെന്തുകൊണ്ട്?

' മറക്കാനോ ? എന്തൊക്കെ ഞാന്‍  മറക്കണമെടാ ?' എന്ന് ചോദിച്ചു , അകത്തേക്ക് കാലെടുത്തു വെക്കുമ്പോളേക്കും,  ടൈംലൈനിന്റെ ഭൂതകാലത്തില്‍ നിന്നും ഓര്‍മകളുടെ താലം മുന്നോട്ടു നീട്ടും ഫേസ്ബുക്കെന്ന അഞ്ഞൂറാന്‍  . ഇന്‍സ്റ്റാഗ്രാമും  ട്വിറ്ററുമൊക്കെ, ത്രോബാക് തേര്‍സ്‌ഡേ വഴി ഗൃഹാതുരത്വസ്മരണകളെ ആധികാരികമാക്കിയവരാണ്. യെസ്, ഇറ്റ് ഈസ് ഒഫീഷ്യല്‍ നൗ .. മഴ കാണുമ്പോള്‍ കട്ടന്‍കാപ്പിയും പരിപ്പുവടയുടെയും പടമെടുത്തു, 'ഫീലിംഗ് നൊസ്റ്റാള്‍ജിക് ' എന്ന് പോസ്റ്റിയില്ലെങ്കില്‍ നിങ്ങള്‍ ഒരു 916 പ്രവാസിയായിരിക്കില്ല.  ഷവര്‍മ കഴിച്ചു ഉറക്കം തൂങ്ങുമ്പോള്‍ , 'അമ്മച്ചിയുടെ പഴങ്കഞ്ഞിയോളം വരില്ലെ'ന്ന് പറയാന്‍, പണ്ട് ഒരിക്കലെങ്കിലും പഴങ്കഞ്ഞി രുചിച്ചു നോക്കിയിരിക്കണമെന്നു നിര്‍ബന്ധവുമില്ല.  ഫാഷനില്‍ സവ്യസാചി മുഖര്‍ജി മുതല്‍, രാജ്യഭരണത്തില്‍ മോഡിജി വരെയെല്ലാവരും പുതിയ കുപ്പികളില്‍ പഴമയുടെ വീഞ്ഞുകള്‍ തിരക്കിട്ടു നിറക്കുമ്പോള്‍, 'ഈ നമുക്ക് പിന്നെയെന്തു ശങ്ക ..' നൊസ്റ്റാള്‍ജിയ തന്നെയായിരിക്കണം താരം.

പഴമയുടെ അമിതഗ്ലോറിഫിക്കേഷനും , വ്യക്തിമാഹാതമ്യവും ചേര്‍ന്ന നൊസ്‌റാള്‍ജിയയുടെ ഫലമായി യൂറോപ്പിന്റെ സാമൂഹികസാംസ്‌കാരിക മേഖലയില്‍, പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ റൊമാന്റിസിസം എന്നൊരു പ്രസ്ഥാനം തന്നെ ഉടലെടുത്തു. വേര്‍ഡ്‌സ് വര്‍ത്ത്, ഷെല്ലി, കീറ്റ്‌സ് തുടങ്ങിയവര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ കാല്പനികതയുടെ നാളുകള്‍ പ്രതിഫലിപ്പിച്ചപ്പോള്‍, മലയാളത്തില്‍ ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍ എന്നീ കവിത്രയങ്ങള്‍ റൊമാന്റിസിസം ആഘോഷമാക്കി.

പഴമയോടുള്ള അതിഭ്രമത്താല്‍, ഏകാന്തതയുടെയും നഷ്ടബോധത്തിന്റെയും കൊച്ചു കൊച്ചു കള്ളികളില്‍ മനുഷ്യനെ തളച്ചിട്ട് വിഷാദം വളര്‍ത്തുന്നെന്ന  മട്ടിലുള്ള നൊസ്റ്റാള്‍ജിയയുടെ ദുഷ്‌പ്പേരുകളെല്ലാം , ഈ ജ്ഞാനസ്‌നാനങ്ങളാല്‍ ആധുനികകാലത്തു കുറെയേറെ മാറിയിട്ടുണ്ട്. ഒരേ പ്രകൃതക്കാരായ മനുഷ്യരെ തമ്മിലടുപ്പിച്ചു ചേര്‍ത്ത് നിര്‍ത്തുന്ന,  അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന, ഒരു ഫീല്‍ ഗുഡ് വികാരമെന്ന നിലയിലേക്ക് ആധുനിക കാലഘട്ടം 'ഗൃഹാതുരത്വ'ത്തിനു സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നു. എന്നാല്‍, തങ്ങളുടെ പഴയകാല മേന്മയില്‍ അമിതമായി അഭിരമിച്ച ജര്‍മന്‍ ദേശീയത ഇത്തരമൊരു നൊസ്റ്റാള്‍ജിക് റൊമാന്റിസിസത്തിന്റെയവസാനം എത്തി നിന്നത് അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നാസിജര്‍മ്മനിയില്‍ ആയിരുന്നു. ഇന്ത്യന്‍ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 51 (എ) മുന്നോട്ടു വെക്കുന്ന ശാസ്ത്രാവബോധം ഇന്നത്തെ ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്നത്, ഇന്റെര്‍നെറ്റും, വിമാനവും, പ്ലാസ്റ്റിക്‌സര്ജറിയുമെല്ലാം വേദകാലം മുതല്‍ക്കേ ഉണ്ടായിരുന്ന പ്രാചീനഭാരതമാണ് ശാസ്ത്രത്തിന്റെ അവസാന വാക്കെന്ന മട്ടിലാണ്. 'മേക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' എന്ന മുദ്രാവാക്യത്തിലൂടെ ആര്‍ഷഅമേരിക്കയുടെ സുവര്‍ണ ദിനങ്ങള്‍ തിരിച്ചു തരാമെന്ന അമേരിയ്ക്കന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനവും, ഇതേ നൊസ്‌റാള്‍ജിയയുടെ സമര്‍ത്ഥമായൊരു ഉപയോഗപ്പെടുത്തലാണെങ്കില്‍ , നാം കരുതന്നത്ര നിഷ്‌ക്കളമായൊരു വികാരമാണോ നൊസ്റ്റാള്‍ജിയ എന്ന് ഒന്ന്  കൂടി ചിന്തിച്ചു നോക്കേണ്ടിയൊരിക്കുന്നു.

ജീവിതം തുടങ്ങുമ്പോള്‍, അത് സത്യന്‍ അന്തിക്കാടിന്റെ സിനിമയുടെ തുടക്കം പോലെ, മൃദുലസംഗീതത്തിന്റെ പശ്ചാത്തലത്തില്‍, ലളിതവും സുന്ദരവുമായിരിക്കുകയും, പോകെപ്പോകെ അത്  തൊഴിലും പണവും ബന്ധങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെയായി സംഘര്‍ഷഭരിതമായി പരിണമിക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഈ യാഥാര്‍ഥ്യബോധത്തോടെ ജീവിതം നല്‍കുന്ന സകല  സംഘര്ഷങ്ങളെയും തരണം ചെയ്തു,  ഊരിപ്പിടിച്ച  ടുഡൂ ലിസ്റ്റുകളുമായി  മുന്നോട്ടു നടക്കുമ്പോള്‍,  മനസ്സ് പണ്ടത്തെ സ്വച്ഛജീവിതശീതളിമയിലേക്ക് തിരിച്ചു പോവാനാഗ്രഹിക്കുന്നതും സ്വാഭാവികം മാത്രം ആ ഗൃഹാതുരതയുടെ ചോദന അത്രയും നിഷ്‌ക്കളങ്കമായിരിക്കുന്നിടത്തോളം.  

എന്നാല്‍,  നമ്മുടെ സാംസ്‌കാരിക പഴമയെന്നാല്‍ പകരം വെക്കാനില്ലാത്തൊരു മഹാസംഭവമായിരുന്നെന്ന അമിതവര്‍ണനയും, അതിലേക്കുള്ള തിരിച്ചു പോക്കിന്റെ ആഹ്വാനമെന്ന മൗഢ്യവും തുടങ്ങുന്നിടത്തു,  നമ്മള്‍ ഓമനയായി താലോലിക്കുന്ന നൊസ്റ്റുവെന്ന പൂച്ചക്കുട്ടിക്ക് ചെറിയ ചെറിയ ദംഷ്ട്രകള്‍ മുളച്ചു തുടങ്ങുന്നു. ഓണക്കാല ടെലിവിഷന്‍ സംപ്രേഷണങ്ങളും ജ്വല്ലറിപ്പരസ്യങ്ങളുമെല്ലാം, ഇരുപത് മുറികളും ആട്ടുകട്ടിലും , വയലേലകളുമുള്ള തറവാടും, സന്തോഷവും സമ്പന്നതയും നിറഞ്ഞ ആഢ്യമുഖങ്ങളും കേരളമെന്ന പേരില്‍ കൊണ്ടാടുമ്പോള്‍, ആ പഴമയിലേക്കുള്ള തിരിച്ചു പോക്കിനെ വാഴ്ത്തിപ്പറയുമ്പോള്‍, മിശ്രവിവാഹവും  ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം ഈ വിശുദ്ധസംസ്‌ക്കാരത്തെ പങ്കിലപ്പെടുത്തുന്നുവെന്നു ചിത്രീകരിക്കപ്പെടുമ്പോള്‍, വ്യക്തിയെന്ന തലം വിട്ട്, സമൂഹത്തിലേക്ക് പടരുമ്പോളുള്ള  ഗൃഹാതുരതയുടെ ഒളിച്ചു കടത്തലുകളെപ്പറ്റി നാം ജാഗരൂകരാകേണ്ടതുണ്ട്. കാര്യങ്ങള്‍ അത്രയും സ്വപ്നസമാനമായിന്നുന്നെങ്കില്‍, അത്രയും നല്ലൊരു വാഗ്ദത്തഭൂമിയില്‍ നിന്നും ജീവിതം തേടി മറുനാട്ടിലേക്കു കുടിയേറുന്ന ഇത്രയേറെ പ്രവാസികള്‍ ഉണ്ടാവുമായിരുന്നില്ലല്ലോയെന്നു ചിന്തിക്കേണ്ടതുണ്ട്. എന്റേതും, ഞാനുള്‍പ്പെടുന്ന കൂട്ടത്തിന്റെയും എല്ലാം എന്നും മഹത്തരമായിരുന്നെന്ന നിലയിലേക്ക് നൊസ്റ്റാള്‍ജിയ കാല്പനികവല്‍ക്കരിക്കപ്പെടുമ്പോള്‍, അതുണ്ടാക്കുന്ന ഗോത്രീയവിഭാഗീയതകളെയും  രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങളെയും പറ്റി ആഴത്തില്‍ അറിയേണ്ടതുണ്ട്.

യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യു കെ യുടെയും, കട്ടന്‍ കാപ്പിയും കവിതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍, ഈ വരുന്ന ഒക്ടോബര്‍ 25  നു, ലണ്ടനിലെ കേരള ഹൗസില്‍ വെച്ച്, പ്രമുഖ യുക്തി ചിന്തകനായ ഡോക്ടര്‍ വിശ്വനാഥന്‍ നമ്മളോട് സംസാരിക്കുന്നത്, നൊസ്റ്റാള്‍ജിയയെക്കുറിച്ചാണ്. പ്രവാസിയുടെ ഏറ്റവും പ്രിയപ്പെട്ടൊരു സങ്കല്പത്തെക്കുറിച്ചു, യുക്തി ചിന്തയുടെ കോണില്‍ നിന്ന് ഡോക്ടര്‍ സംസാരിക്കുമ്പോള്‍,  അതിനു  നമ്മള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പുതിയ ആഴവും വ്യാപ്തിയുമുണ്ട്.  പിണറായി വിജയന്റെ എഴുത്തിനിരുത്തല്‍ മുതല്‍ റാഫേലിലെ നാരങ്ങയുടെ പങ്കു വരെ ഇഴ കീറി ചര്‍ച്ച ചെയ്യുന്ന ഓരോ മലയാളിയുടെയും പ്രബുദ്ധതയെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകാന്‍ ഉതകുന്നതായിരിക്കും ഡോക്ടര്‍ വിശ്വനാഥന്റെ ഈ സംഭാഷണം എന്നതില്‍ സംശയമില്ല.

നിങ്ങള്‍ എത്തിച്ചേരേണ്ട അഡ്രസ്

Date & Time :

Friday Oct 25 from 18:30 to 21:30   

Venue :

Kerala House,

671 Romford Road London E12 5AD   

 

Register for free etnry https://www.eventbrite.co.uk/e/nostalgiatickets74664358105    

 




കൂടുതല്‍വാര്‍ത്തകള്‍.