CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 53 Seconds Ago
Breaking Now

യെല്ലോ ബോക്‌സ് ജംഗ്ഷന്‍ ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ പോലീസിനെ കാത്തിരിക്കേണ്ട, കൗണ്‍സിലുകള്‍ കച്ചമുറുക്കി രംഗത്തിറങ്ങും; പണം ലാവിഷായി ഉപയോഗിക്കാന്‍ പച്ചകൊടി വീശാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി; കൗണ്‍സില്‍ ബജറ്റിലെ കുറവ് തീര്‍ക്കാന്‍ മോട്ടോറിസ്റ്റുകള്‍ കറവപ്പശുവാകും

ഈ അധികാരം ലണ്ടന് പുറത്ത് നിലവില്‍ ഉപയോഗിക്കുന്ന ഒരേയൊരു കൗണ്‍സില്‍ കാര്‍ഡിഫാണ്

സര്‍ക്കാരുകള്‍ക്ക് പണമുണ്ടാക്കാന്‍ ലോകത്തിലെ എല്ലാ ഭാഗങ്ങളിലും ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത് മോട്ടോറിസ്റ്റുകളെയാണ്. റോഡില്‍ വാഹനം ഇറക്കുന്നത് മുതല്‍ തുടങ്ങുന്ന പിഴിച്ചില്‍ ഇന്ധനത്തിലും, ടാക്‌സിലും, ട്രാഫിക് ലംഘനങ്ങളിലും വരെ തുടരും. എന്തായാലും ഈ അവസരം ഒന്നുകൂടി വിപുലമായി നടപ്പാക്കാനാണ് ഇപ്പോള്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നത്. ചെറിയ ട്രാഫിക് ലംഘനങ്ങള്‍ക്ക് മോട്ടോറിസ്റ്റുകളില്‍ നിന്നും പിഴ ഈടാക്കാന്‍ ടൗണ്‍ ഹാളുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അധികാരം കൈമാറാന്‍ ഒരുങ്ങുന്നത്. 

ലണ്ടന് പുറത്തുള്ള ഭൂരിഭാഗം പ്രാദേശിക അധികൃതര്‍ക്കും നിലവില്‍ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കാന്‍ അധികാരമില്ല. സഞ്ചരിച്ച് കൊണ്ടുള്ള ട്രാഫിക് ലംഘനങ്ങള്‍ക്ക് പോലീസിനെ ആശ്രയിക്കുന്ന കൗണ്‍സിലുകള്‍ക്ക് ഇത് പരിശോധിക്കാനുള്ള അധികാരം നല്‍കാന്‍ തയ്യാറാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് വ്യക്തമാക്കി. കൗണ്‍സിലുകളുടെ ബജറ്റില്‍ വന്നുചേര്‍ന്നിട്ടുള്ള ശോഷണം പരിഹരിക്കാന്‍ മോട്ടോറിസ്റ്റുകളെ കറവപ്പശുക്കളായി ഉപയോഗിക്കുമെന്നാണ് ഇതോടെ ആശങ്ക ഉയരുന്നത്. 

ദിവസേന ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ എണ്ണക്കുറവുള്ള പോലീസ് സേനകള്‍ക്ക് പരാജയപ്പെടുകയാണെന്ന് കോമണ്‍സ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പരിഹാരമായി കൗണ്‍സിലുകള്‍ക്ക് പിഴ ഈടാക്കാനുള്ള അവകാശം നല്‍കാനാണ് എംപിമാര്‍ നിര്‍ദ്ദേശിച്ചത്. ഈ പണം ഉപയോഗിച്ച് ഗതാഗത കുരുക്ക് നീക്കാനും, ബസ് സര്‍വ്വീസുകള്‍ മെച്ചപ്പെടുത്താനും ശ്രമിക്കണമെന്നും അവര്‍ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടു, 

ട്രാഫിക് മാനേജ്‌മെന്റ് ആക്ട് 2004 പ്രകാരം ഈ അധികാരം കൗണ്‍സിലുകള്‍ക്ക് പ്രയോഗിക്കാമെങ്കിലും ഇത് വ്യാപകമായി നടപ്പാക്കിയിട്ടില്ല. അതസേമയം ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് യെല്ലോ ബോക്‌സ് ജംഗ്ഷന്‍ ഇടപെടല്‍ 15 വര്‍ഷമായി നടത്തി നല്ല വരുമാനം നേടി വരികയാണ്. 130 പൗണ്ട് മുതലുള്ള ഈ ഫൈനുകള്‍ പിടുങ്ങാനാണ് മറ്റ് കൗണ്‍സിലുകള്‍ക്ക് അധികാരം വരുന്നത്. ഈ അധികാരം ലണ്ടന് പുറത്ത് നിലവില്‍ ഉപയോഗിക്കുന്ന ഒരേയൊരു കൗണ്‍സില്‍ കാര്‍ഡിഫാണ്. 




കൂടുതല്‍വാര്‍ത്തകള്‍.