48 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ജീവനേകിയിട്ടുണ്ട്. നിരവധി ഇതരഭാഷ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള മമ്മൂട്ടി ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധേയനാണ്. മമ്മൂട്ടിയുടെ ഈ സംഭാവന കണക്കിലെടുത്തുകൊണ്ട് അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ മാസികയായ 'വോഗി'ന്റെ ഇന്ത്യന്‍ പതിപ്പ്. തെന്നിന്ത്യയിലെ പേരുകേട്ട നടന്മാരുടെ പട്ടികയില്‍ മമ്മൂയെയും 'വോഗ് ഇന്ത്യ' ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ കഥാപാത്രം മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തിപ്പറയുന്ന ഡയലോഗ് കൂടി മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് താഴെ നല്‍കിയ കുറിപ്പില്‍ 'വോഗ് ഇന്ത്യ' ചേര്‍ത്തിട്ടിട്ടുണ്ട്. പട്ടികയില്‍ തെന്നിന്ത്യയിലെ മറ്റ് പ്രശസ്തരായ നടീനടന്മാരും മമ്മൂട്ടിക്കൊപ്പമുണ്ട്. തെക്കേ ഇന്ത്യയിലെ മികച്ച നടിമാരായ ശോഭന, രമ്യാകൃഷ്ണന്‍, വിജയശാന്തി. തമിഴ് നടന്മാരായ രജനീകാന്ത്, കമല്‍ ഹാസന്‍, തെലുങ്ക് നടന്മാരായ ചിരഞ്ജീവി അക്കിനേനി നാഗാര്‍ജുണ എന്നിവരും പട്ടികയിലുണ്ട്. 'സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഐക്കണ്‍സ്' എന്ന തലക്കെട്ടാണ് 'വോഗ് ഇന്ത്യ' ഈ പട്ടികയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ മലയാളി സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തികൊണ്ട്, മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ലാലിനെ ഈ പട്ടികയില്‍ 'വോഗ്' ചേര്‍ത്തിട്ടില്ല.