ഇന്ത്യന്‍ ക്രിക്കറ്റിന്റെ മേലാളന്മാരായ ബിസിസിഐയില്‍ 39ാമത് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഏറെ നാളായി തന്നോട് ചോദിച്ച ആ ചോദ്യത്തിന് ഔദ്യോഗിക മറുപടി നല്കി. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ടീമിലെ ഭാവിയെക്കുറിച്ചാണ് ദാദ പ്രതികരിച്ചത്.
ധോണി ചാമ്പ്യനാണെന്നും, ചാമ്പ്യന്മാര് എളുപ്പത്തില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സൗരവ് ഗാംഗുലി പ്രതികരിച്ചു. താന്‍ ബിസിസിഐ പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നിടത്തോളം ധോണിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുമെന്നും ഇതിഹാസ ബാറ്റ്സ്മാന് കൂട്ടിച്ചേര്‍ത്തു.
'അദ്ദേഹത്തിന്റെ മനസ്സില്‍ എന്താണെന്ന് അറിയില്ല. അതേക്കുറിച്ച് മനസ്സിലാക്കണം. ഗെയിമിലെ മഹാന്മാരില് ഒരാളാണ് ധോണി, ഇന്ത്യക്ക് അതില്‍ അഭിമാനമുണ്ട്. അദ്ദേഹം ചെയ്തതിനെക്കുറിച്ച് പരിശോധിച്ചാല്‍ അതിശയിക്കും. ചാമ്പ്യന്മാര് എളുപ്പത്തില്‍ ഒന്നും അവസാനിപ്പിക്കില്ല. ഞാനുള്ളിടത്തോളം എല്ലാവര്ക്കും ബഹുമാനം കിട്ടും, അതില്‍ മാറ്റമില്ല', ഗാംഗുലി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബിസിസിഐ അധ്യക്ഷനായ ശേഷം സെലക്ടര്‍മാരോട് ധോണിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുമെന്ന് നേരത്തെ ഗാംഗുലി വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിനെ നേരിടാനുള്ള ടി20 ടീമിലേക്ക് ധോണിക്ക് ഇടം ലഭിക്കുമോയെന്നാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.