ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിയ്ക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്.
സത്യവും യഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിയ്ക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാന്‍ സാധിക്കും, ഞാന്‍ പരമ ശിവനാണ്, നിത്യാനന്ദ പറഞ്ഞു. നവംബര്‍ 22 മുതല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണിത്.
ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
എന്നാല്‍ ഇതിനെ തള്ളി ഇക്വഡോര്‍ എംബസി രംഗത്തുവന്നു. നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമിവാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി.