കമല്‍ഹാസനെ കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നടന്‍ രാഘവേന്ദ്ര ലോറന്‍സ്. ട്വിറ്ററിലൂടെയായിരുന്നു ലോറന്‍സിന്റെ പ്രതികരണം.
കുട്ടിയായിരുന്നപ്പോള്‍ കമല്‍ഹാസന്റെ പോസ്റ്ററില്‍ ചാണകമെടുത്ത് എറിയുമെന്നായിരുന്നു ലോറന്‍സ് പറഞ്ഞത്. രജനീകാന്തിന്റെ പുതിയ ചിത്രമായ ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചിംഗിനായിരുന്നു ലോറന്‍സിന്റെ ഈ പ്രസ്താവന. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറിയിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ കാണുന്നത് കമല്‍ഹാസനും രജനീകാന്തും അടുത്ത സുഹൃത്തുക്കളായിരിക്കുന്നതാണ്. അവര്‍ കൈകോര്‍ത്ത് നടക്കുന്നുവെന്നും ലോറന്‍സ് പറഞ്ഞു.
കമല്‍ഹാസനെ കുറിച്ച് നടത്തിയ പ്രസ്താവന പിന്നീട് വിവാദമാവുകയായിരുന്നു. നിരവധി ട്രോളുകളും പിറന്നു. ഇതിനെ തുടര്‍ന്നാണ് ലോറന്‍സ് വിശദീകരണവുമായി രംഗത്തെത്തിയത്.
പലരും പോസ്റ്റുകളിലെ കമല്‍ഹാസന്റെ പോസ്റ്ററുകളില്‍ ഞാന്‍ ചാണകമെറിഞ്ഞു എന്ന വാക്കുകള്‍ മാത്രമേ ശ്രദ്ധയിലെടുത്തിട്ടുള്ളൂ. മുഴുവന്‍ വീഡിയോ കണ്ടാല്‍ കാര്യമറിയാം. ഞാന്‍ കുട്ടിക്കാലത്ത് തലൈവര്‍ ആരാധകനായിരുന്നു. അത് കൊണ്ട് കമല് സാറിനെതിരെ അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവര്‍ കൈകോര്‍ത്ത് നടക്കുമ്പോള്‍ സന്തോഷം തോന്നുന്നു. എനിക്ക് കമല്‍സാറിനോട് വലിയ ബഹുമാനമാണുള്ളത്. അദ്ദേഹത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും മോശമായി പറഞ്ഞു എന്ന് കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ വീഡിയോ മുഴുവന്‍ കാണാതെ സംസാരിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും ലോറന്‍സ് പറഞ്ഞു.