CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 3 Seconds Ago
Breaking Now

രാജ്യത്തെ 63 ശതകോടീശ്വരരുടെ സമ്പത്ത് കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതല്‍; സാമ്പത്തിക അസമത്വത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെ

ലോകത്തെ 60 ശതമാനം ജനങ്ങളുടെ സമ്പത്തിനെക്കാള്‍ കൂടുതലാണ് 2153 ശതകോടിശ്വരന്മാരുടെ സമ്പത്ത് എന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തുന്നത്.

രാജ്യത്തെ 70 ശതമാനം ജനങ്ങളുടെ ആകെ സമ്പത്തിന്റെ നാലിരട്ടിയാണ് ഒരു ശതമാനം ശത കോടിശ്വരുടെ സ്വത്തെന്ന് വെളിപ്പെടുത്തല്‍. 95.3 കോടി ജനങ്ങളുടെ സമ്പത്തിന്റെ നാലിരട്ടിയാണ് ഒരു ശതമാനം ആളുകള്‍ കൈയടക്കി വെച്ചിരിക്കുന്നത്. അതായത് ഇന്ത്യയിലെ 63 ശതകോടിശ്വരന്മാരുടെ ആകെ സമ്പത്ത് കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനെക്കാള്‍ കൂടുതലാണ്. സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യന്മാരുടെ ജീവിതത്തെ താളം തെറ്റിച്ചാണ് സാമ്പത്ത് ഏതാനും കോടിശ്വരന്മാരിലേക്ക് മാത്രമായി കുമിഞ്ഞ് കൂട്ടുന്നതെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഓക്‌സ്ഫാം ആണ് രാജ്യത്തെ സാമ്പത്തിക അസമത്വത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തിന്റെ 50ാം വാര്‍ഷിക സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 'ടൈം ടു ടേക്ക് കെയര്‍' എന്ന് പേരിട്ടിരിക്കുന്ന പഠന റിപ്പോര്‍ട് പ്രകാരം ലോകത്തെ 2153 ശതകോടിശ്വരന്മാരുടെ സമ്പത്ത് 4.6 ബില്ല്യണ്‍ ജനങ്ങളുടെ ആകെ സമ്പത്തിനെക്കാള്‍ കുടുതലാണ്. അതായത് ലോകത്തെ 60 ശതമാനം ജനങ്ങളുടെ സമ്പത്തിനെക്കാള്‍ കൂടുതലാണ് 2153 ശതകോടിശ്വരന്മാരുടെ സമ്പത്ത് എന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തുന്നത്.

24,42,200 കോടിരൂപയുടെതായിരുന്നു 2018-19 ലെ വാര്‍ഷിക ബജറ്റ്. ഒരു വര്‍ഷം ഒരു സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സിഇഒയുടെ വരുമാനം ഉണ്ടാക്കണമെങ്കില്‍ വീട്ടു ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 22,277 വര്‍ഷം പണിയെടുക്കേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. വീട്ടുജോലിക്കാരിയായ ഒരു സ്ത്രീ ഒരു വര്‍ഷം ഉണ്ടാക്കുന്ന പണം സമ്പാദിക്കാന്‍ ഒരു സിഇഒയ്ക്ക് 106 സെക്കന്റിന്റെ ആവശ്യമുള്ളൂ. ഇന്ത്യയില്‍ സ്ത്രീകളും പെണ്‍കുട്ടികളും 326 ലക്ഷം മണിക്കൂര്‍ ജോലി വേതനമില്ലാതെ ചെയ്യുന്നുണ്ടെന്നും ഇത് 19 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു. വിദ്യാഭ്യാസത്തിന് നീക്കി വെയ്ക്കുന്ന തുകയുടെ 20 ഇരട്ടിയാണ്.

രാജ്യത്ത് സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിന് ബോധപൂര്‍വമായി ഇടപെടലുകള്‍ നയപരമായി വേണമെന്ന് ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാബ് ബെഹര്‍ വ്യക്തമാക്കി. ഇന്നത്തെ സാമ്പത്തിക ക്രമത്തില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് കുട്ടികളും സ്ത്രീകളുമാണെന്നും അദ്ദേഹം പറഞ്ഞു. കൂലി നല്‍കാതെ ചെയ്യുന്ന സ്ത്രീകളുടെ പ്രവര്‍ത്തിയാണ് സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലക ശക്തി എന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ പോലും സമയമില്ലാതെയാണ് പ്രായമായവരെയും കുട്ടികളെയും സംരക്ഷിച്ചുനിര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ശതകോടിശ്വരെ നികുതി കാര്യമായി ചുമത്താതെ സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ സാമ്പത്തിക ക്രമം ചെയ്യുന്നതെന്ന് ഓക്‌സ്ഫാം റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ റിസ്‌ക്ക് റിപ്പോര്‍ട്ടും വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നു. സാമ്പത്തിക വളര്‍ച്ചാ മാന്ദ്യം ഈ വര്‍ഷവും തുടരുമെന്നും അത് സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ ജീവിതത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.