CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 44 Seconds Ago
Breaking Now

പൗരത്വ ഭേദഗതി വിരുദ്ധ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍

വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭായോഗത്തിലായിരിക്കും നിയമസഭ പൗരത്വ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ച് പാസാക്കുക.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കാന്‍ രാജസ്ഥാന്‍ നിയമസഭ. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ കേരള, പഞ്ചാബ് സര്‍ക്കാരുകളെ മാതൃകയയാക്കിയാണ് രാജസ്ഥാന്‍ നിയമസഭ കേന്ദ്രവിരുദ്ധ നടപടിയ്ക്ക് ഒരുങ്ങുന്നത്.

വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭായോഗത്തിലായിരിക്കും നിയമസഭ പൗരത്വ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ച് പാസാക്കുക. നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണമെന്നും ചര്‍ച്ചയില്ലെങ്കില്‍ ജനാധിപത്യം ദുര്‍ബലമാകുമെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി നിയമവിധേയമാണോ എന്ന് പറയേണ്ടത് സുപ്രീം കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിയമം നടപ്പാക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഭരണഘടന പ്രതിഷേധിക്കാനുളള അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരെ ആക്രമിക്കുകയും രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുകയുമാണ്. സച്ചിന്‍ പൈലറ്റ് പറഞ്ഞു.' രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ കൂടിയാണ് സച്ചിന്‍ പൈലറ്റ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന റാലിയ്ക്ക് മുന്നോടിയായി ജയ്പൂരില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. കേരളത്തിനും പഞ്ചാബിനും പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ്.

പൗരത്വ ഭേദഗതിയ്‌ക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും നിയമം കൈയ്യിലെടുക്കുന്നവരെ പിന്തുണയ്ക്കുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.