CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 42 Seconds Ago
Breaking Now

ഇന്ത്യയില്‍ കുടുങ്ങിയ മിസ് ഇംഗ്ലണ്ടിനെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടന്റെ പ്രത്യേക വിമാനം; ഡോ. ഭാഷ മുഖര്‍ജി ഇനി ബോസ്റ്റണ്‍ ആശുപത്രിയില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ഇറങ്ങും; സൗന്ദര്യ റാണിക്ക് തുണയായത് ഹോം ഓഫീസ്

എന്‍എച്ച്എസ് ജീവനക്കാര്‍ 13 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് കേട്ട് മടക്കയാത്രക്ക് ടിക്കറ്റെടുത്ത് ഇരിക്കുകയായിരുന്നു ഡോ. ഭാഷ

കൊറോണാവൈറസ് പ്രതിസന്ധിയ്ക്കിടെ യാത്രക്കിറങ്ങിയ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണ്. ഇക്കൂട്ടത്തിലാണ് മിസ് ഇംഗ്ലണ്ട് ജേതാവും, ജൂനിയര്‍ ഡോക്ടറുമായ ഇന്ത്യന്‍ വംശജ ഡോ. ഭാഷ മുഖര്‍ജിയും പെട്ടത്. കൊറോണാവൈറസിനെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാക്കി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കും പ്രഖ്യാപിച്ചതോടെയാണ് ഡോ. ഭാഷ മുഖര്‍ജി ഇന്ത്യയില്‍ കുടുങ്ങിയത്. 

രാജ്യത്ത് മടങ്ങിയെത്തി ലിങ്കണ്‍ഷയര്‍ ബോസ്റ്റണിലെ പ്രില്‍ഗ്രിം ഹോസ്പിറ്റലില്‍ സേവനത്തിന് ഇറങ്ങാന്‍ സന്നദ്ധയായ ഡോ. ഭാഷ ഇക്കാര്യം ഫോറിന്‍ ഓഫീസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതോടെയാണ് മിസ് ഇംഗ്ലണ്ടിന് നാട്ടിലേക്ക് പ്രത്യേക വിമാനം ലഭിച്ചത്. വിവരം ലഭിച്ച ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നിക്ക് ലോ ഡോക്ടര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് വഴി യുകെയിലേക്കുള്ള വിമാനത്തില്‍ യാത്ര ഒരുക്കി. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും നാട്ടിലെത്താനുള്ള കാത്തിരിപ്പിലാണ് ഡോ. ഭാഷ. 

മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 24-കാരി ഇന്ത്യയിലെത്തിയത്. എന്നാല്‍ കൊറോണാവൈറസ് കടുത്തതോടെ കൊല്‍ക്കത്തയിലെ ആന്റിയുടെ വീട്ടിലെത്തി സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഭാഷ. പ്രതിസന്ധി തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും ഭാഷ ആത്മവിശ്വാസത്തോടെ നിന്നതായി ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ലോ പറഞ്ഞു. 'ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്കായുള്ള കൊവിഡ്-19 പരിശീലനം നേടിയ ശേഷമാണ് ബോസ്റ്റണ്‍ പില്‍ഗ്രിം ഹോസ്പിറ്റലില്‍ സേവനങ്ങള്‍ക്കായി ഇറങ്ങുക. ഇതിന് പുറമെ 15 ബ്രിട്ടീഷുകാരെയും രാജ്യത്തേക്ക് മടക്കി അയച്ചു', അദ്ദേഹം വ്യക്തമാക്കി. 

എന്‍എച്ച്എസ് ജീവനക്കാര്‍ 13 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് കേട്ട് മടക്കയാത്രക്ക് ടിക്കറ്റെടുത്ത് ഇരിക്കുകയായിരുന്നു ഡോ. ഭാഷ. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും വിമാനം പറന്നുയരത്തിന് തൊട്ടുമുന്‍പാണ് അന്താരാഷ്ട്ര യാത്രകള്‍ ഇന്ത്യ റദ്ദാക്കിയത്. 'കാര്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞു. ജോലിയില്‍ പ്രവേശിക്കാന്‍ പല തവണ ഇമെയിലും വന്നു. മടങ്ങിവരാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മറുപടി നല്‍കി', ഡോക്ടര്‍ പറയുന്നു. 

ഇന്ത്യയില്‍ ജനിച്ച ഭാഷ ഒന്‍പത് വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഡെര്‍ബിയിലെത്തിയത്. 2019 ആഗസ്റ്റില്‍ മിസ് ഇംഗ്ലണ്ടായി കിരീടം അണിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ജൂനിയര്‍ ഡോക്ടറായി തന്റെ ആദ്യ ഷിഫ്റ്റില്‍ പ്രവേശിച്ച് ഭാഷ വാര്‍ത്തകളില്‍ നിറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.