CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 53 Seconds Ago
Breaking Now

യുകെയുടെ നെഞ്ചുതകര്‍ത്ത് വീണ്ടും റെക്കോര്‍ഡ് മരണസംഖ്യ; കൊറോണ ബാധിച്ച് 24 മണിക്കൂറില്‍ 563 മരണം; പോസിറ്റീവ് കേസുകള്‍ 4324 എണ്ണം കൂടി; രാജ്യത്ത് മരിച്ചത് 2352 പേര്‍; ഇന്‍ഫെക്ഷന്‍ പിടിപെട്ടവരുടെ എണ്ണം 30,000-ല്‍; ദുരന്തം ഏറ്റുവാങ്ങിയ 5-ാമത്തെ രാജ്യമായി യുകെ

യുകെയില്‍ ഇതിനകം 1.8 മില്ല്യണ്‍ കൊറോണാവൈറസ് രോഗികളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്

കൊവിഡ്-19 പ്രതിസന്ധിയില്‍ ദുരന്തദിനം സൃഷ്ടിച്ച് കൊണ്ട് യുകെയില്‍ രേഖപ്പെടുത്തിയത് 563 മരണങ്ങള്‍. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2352 ആയി ഉയര്‍ന്നു. കൊറോണാവൈറസ് പോസിറ്റീവായി 29,474 പേരെയാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഇന്‍ഫെക്ഷന്‍ ആഞ്ഞുവീശിയ അഞ്ചാമത്തെ രാജ്യമായി മാറിയ യുകെ, ലോകത്തില്‍ എട്ടാമത്തെ ദുരന്ത കേന്ദ്രമാണ്. 

29 മരണങ്ങളാണ് വെയില്‍സില്‍ പുതുതായി രേഖപ്പെടുത്തിയത്. സ്‌കോട്ട്‌ലണ്ടില്‍ 16 പേരും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 2 പേരും മരണപട്ടികയില്‍ പേരുചേര്‍ത്തു. 486 പേരാണ് ഇംഗ്ലണ്ടില്‍ മരിച്ചത്. ലണ്ടന്‍ ബ്രക്സ്റ്റണില്‍ നിന്നുള്ള 13 വയസ്സുകാരന്‍ ഇസ്മായില്‍ മുഹമ്മദ് അബ്ദുള്‍വഹാബിന്റെ പേരാണ് ഏറ്റവും പ്രായം കുറഞ്ഞ രോഗിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് മണ്ണില്‍ കൊറോണാവൈറസ് പ്രതിസന്ധി ഓരോ ദിവസവും കുതിപ്പ് നേടുന്ന കാഴ്ചയാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 381 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് നിന്നാണ് 48 ശതമാനം വര്‍ദ്ധന. 

യുകെയുടെ ടെസ്റ്റിംഗ് സംവിധാനങ്ങളിലെ പോരായ്മയാണ് വലിയ ചോദ്യ ചിഹ്നമായി ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നത്. ആശുപത്രിയില്‍ എത്തുന്നവരെ മാത്രം ടെസ്റ്റ് ചെയ്യുന്ന സംവിധാനമാണ് ഇപ്പോഴും തുടരുന്നത്. ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മയാണ് ഈ വിഷയത്തില്‍ ചോദ്യശരങ്ങള്‍ ഏറ്റുവാങ്ങിയത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആവശ്യത്തിന് ടെസ്റ്റിംഗ് നടപ്പാക്കാത്തതും, ഇത് ചെയ്താല്‍ സെല്‍ഫ് ഐസൊലേഷനിലുള്ള 85 ശതമാനം പേരില്‍ നല്ലൊരു വിഭാഗത്തിന് സേവനത്തില്‍ തിരിച്ചെത്താമെന്നതും ബ്രിട്ടനില്‍ സജീവ വിവാദവിഷയമാണ്. 

ഇതുവരെ 2000 മെഡിക്കല്‍ ജീവനക്കാരെ മാത്രമാണ് ടെസ്റ്റിംഗിന് വിധേയമാക്കിയത്. യുകെയ്ക്ക് പ്രതിദിനം 10,000 പേരാണ് ടെസ്റ്റ് ചെയ്യാനുള്ള ശേഷി. ജര്‍മ്മനിയില്‍ പ്രതിദിനം 100,000 ടെസ്റ്റിംഗ് നടത്തുമ്പോഴാണ് ഈ അവസ്ഥ. ഇൗ ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് അലോക് ശര്‍മ്മ മറുപടി നല്‍കിയത്. അതേസമയം യുകെയിലെ ലോക്ക്ഡൗണ്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ രോഗിയും 2.6 പേരിലേക്ക് വൈറസ് പകര്‍ന്നിരുന്നത് ഇതോടെ 0.62 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ കുറവ് പകര്‍ച്ചവ്യാധിയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നതാണ് ആശ്വാസവാര്‍ത്ത. 

യുകെയില്‍ ഇതിനകം 1.8 മില്ല്യണ്‍ കൊറോണാവൈറസ് രോഗികളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇതുപ്രകാരം 37 പേരില്‍ ഒരാള്‍ക്ക് വീതം രോഗം ബാധിച്ചിരിക്കാമെന്നാണ് കണക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.