CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 7 Seconds Ago
Breaking Now

'ഇവരെ ഓര്‍ത്തിട്ടെങ്കിലും വീട്ടില്‍ കഴിയണം'; കൊറോണാവൈറസ് പോരാട്ടത്തില്‍ പൊലിഞ്ഞ രണ്ട് നഴ്‌സുമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ചീഫ് നഴ്‌സ്; സുഖമുള്ള ചൂട് തേടി വീക്കെന്‍ഡില്‍ ജനം ലോക്ക്ഡൗണ്‍ ലംഘിക്കുമെന്ന് ആശങ്ക?

ഇനിയും ഏറെ മരണങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു, ചീഫ് നഴ്‌സ്

കൊറോണാവൈറസ് പോസിറ്റീവായി മരിച്ച രണ്ട് മുന്‍നിര നഴ്‌സുമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സ്. ആഴ്ചാവസാനം സുഖരമായ ചൂട് തേടിയെത്തുമ്പോള്‍ ഇത് ആസ്വദിക്കാന്‍ ലോക്ക്ഡൗണ്‍ കാര്യമാക്കാതെ ജനം പുറത്തേക്ക് ഇറങ്ങുമെന്ന ആശങ്കകള്‍ക്കിടെയാണ് പൊതുജനങ്ങളോട് വീടുകളില്‍ തുടരാന്‍ റൂത്ത് മേയ് അപേക്ഷ മുന്നോട്ട് വെച്ചത്. 

കാലാവസ്ഥ സുഖരമാണെങ്കിലും പൊതുജനങ്ങള്‍ വീടുകളില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സ് ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസ് നഴ്‌സുമാരുടെ ഹൃദയം തകര്‍ത്താണ് രണ്ട് നഴ്‌സുമാര്‍ കൊറോണ ബാധിച്ച് മരിച്ചത്. 39-കാരി എയ്മി ഒ'റൂര്‍ക്കെയാണ് കഴിഞ്ഞ രണ്ട് ആഴ്ച ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷം കെന്റ് മാര്‍ഗേറ്റിലെ ക്യുഇക്യുഎം ഹോസ്പിറ്റലില്‍ രാത്രി മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാള്‍സാല്‍ മാനര്‍ ഹോസ്പിറ്റല്‍ ഇന്റന്‍സീവ് കെയറിലായിരുന്ന 36-കാരി അറീമാ നസ്രീന്‍ മരിച്ചു. 

'ഈ വീക്കെന്‍ഡ് ഏറെ ആകര്‍ഷണീയമാണ്. പക്ഷെ എയ്മി, അറീമാ എന്നിവരെ സ്മരിക്കാന്‍ ഞാന്‍ ആവശ്യപ്പെടും. ഇവര്‍ക്ക് വേണ്ടി വീടുകളില്‍ കഴിയണം', ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത റൂത്ത് മേയ് വ്യക്തമാക്കി. സ്വയം പുറത്തിറങ്ങിയാല്‍ ആളുകള്‍ മരിക്കുമെന്ന വസ്തുതയാണ് ഓര്‍മ്മിച്ച് ആ ആഗ്രഹം സ്വയം അടക്കണമെന്ന് ഹാന്‍കോക് ചൂണ്ടിക്കാണിച്ചു. യുകെയിലെ കൊറോണാവൈറസ് പോരാട്ടത്തില്‍ നഴ്‌സുമാര്‍ക്ക് ആവശ്യത്തിന് സുരക്ഷാ വസ്ത്രങ്ങളും, ഉപകരണങ്ങളും ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. 

ഇതിനിടയിലാണ് രാജ്യത്തെ കൊറോണ മരണസംഖ്യയിലേക്ക് രണ്ട് നഴ്‌സുമാര്‍ കൂടി കടന്നെത്തിയത്. വെള്ളിയാഴ്ച 684 പേരുടെ റെക്കോര്‍ഡ് മരണമാണ് യുകെ രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണസംഖ്യ 3605 ആയി ഉയര്‍ന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വാള്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നസ്രീന്‍ ഇവിടെ തന്നെയാണ് മരിച്ചുവീണത്. ഹൗസ്‌കീപ്പിംഗില്‍ തുടങ്ങിയ ഇവര്‍ നഴ്‌സായി പരിശീലനം നേടിയാണ് ഈ രംഗത്തേക്ക് ചുവടുവെച്ചത്. രണ്ട് നഴ്‌സുമാരെയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ മഹാമാരിക്കിടയില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ഏഴായി. 

'അവര്‍ നമ്മളില്‍ ഒരാളായിരുന്നു, എന്റെ പ്രൊഫഷണില്‍ ഉള്ളവര്‍, എന്‍എച്ച്എസ് കുടുംബത്തിലെ അംഗങ്ങള്‍. ഇനിയും ഏറെ മരണങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു, അവരുടെ സേവനങ്ങളെ അംഗീകരിച്ച് ആദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.