CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes 20 Seconds Ago
Breaking Now

മരണത്തിലെ റെക്കോര്‍ഡില്‍ യുകെ പിന്നോട്ടില്ല; 24 മണിക്കൂറില്‍ 684 കൊറോണാവൈറസ് ഇരകള്‍; ആകെ മരണസംഖ്യ 3605; പോസിറ്റീവ് കേസുകള്‍ 38,000 കടന്നു; ഈസ്റ്റര്‍ ആകുമ്പോള്‍ പ്രതിദിനം 1000 മരണങ്ങള്‍ സംഭവിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ്?

ആളുകള്‍ വീട്ടിലിരുന്ന് റിലാക്‌സ് ചെയ്താല്‍ മതി, അഭ്യര്‍ത്ഥനയല്ല, നിര്‍ദ്ദേശം- ഹാന്‍കോക്‌

കൊറോണാവൈറസ് പുതിയ 684 ഇരകളെ കൂടി സൃഷ്ടിച്ചതോടെ യുകെയിലെ മരണസംഖ്യ 3605 ആയി ഉയര്‍ന്നു. മരണസംഖ്യ ഉയര്‍ന്ന് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് ഈ ചൊവ്വാഴ്ച മുതല്‍ ആഴ്ചയില്‍ ഉടനീളം ദൃശ്യമായത്. വ്യാഴാഴ്ച 569 മരണങ്ങളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നും 20 ശതമാനം വര്‍ദ്ധനവാണ് പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. 

പുതിയ കണക്കുകള്‍ പ്രകാരം യുകെയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച, മാര്‍ച്ച് 27 വരെ 759 മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിരുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ യുകെ പ്രതിസന്ധി ശക്തമായി തിരിച്ചടിക്കുന്ന കാഴ്ചയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പങ്കുവെച്ചത്. വൈറസ് അതിന്റെ പ്രകടനം ദുരന്തങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്ത ആഴ്ച സ്ഥിതി ഇതിലും വഷളാകുമെന്നാണ് മുന്നറിയിപ്പ്. ഈസ്റ്റര്‍ ഞായറാഴ്ച എത്തുമ്പോഴേക്കും പ്രതിദിനം 1000 മരണങ്ങള്‍ സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

കഴിഞ്ഞ ആഴ്ച ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുന്‍പ് കൊറോണാവൈറസ് പിടിപെട്ടവരുടെ എണ്ണമാണ് ബ്രിട്ടനെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. ദിവസേന പ്രകടമാകുന്ന ഈ വര്‍ദ്ധന പ്രതീക്ഷിക്കേണ്ടത് തന്നെയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഏതാനും ആഴ്ചകള്‍ കൊണ്ട് മാത്രമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ ഗുണങ്ങള്‍ എന്‍എച്ച്എസ് കണക്കുകളില്‍ പ്രതിഫലം സൃഷ്ടിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. മഹാമാരിയുടെ നീരാളിപ്പിടുത്തം ഇതിന് ശേഷം താഴേക്ക് പതിക്കുകയും, ദിവസേന കാണിക്കുന്ന എണ്ണത്തില്‍ കുറവ് വരികയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. 

ഐസൊലേഷന്‍ ലംഘിച്ച് വെയില്‍ കായാനുള്ള മോഹം ആളുകള്‍ മാറ്റിവെയ്ക്കണമെന്ന് മാറ്റ് ഹാന്‍കോകും, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ റൂത്ത് മേയും വ്യക്തമാക്കി. 'ഇപ്പോള്‍ അച്ചടക്കം ലഘൂകരിക്കാന്‍ കഴിയില്ല. അങ്ങിനെ ചെയ്താല്‍ ആളുകള്‍ മരിക്കും. ഇതൊരു അഭ്യര്‍ത്ഥനയല്ല, ഇതൊരു നിര്‍ദ്ദേശമാണ്', ഹാന്‍കോക് വ്യക്തമാക്കി. രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും എന്‍എച്ച്എസ് ഈ പ്രതിസന്ധിയെ സജീവമായി നേരിടുന്നതായാണ് അധികൃതരുടെ നിലപാട്. ആവശ്യത്തിന് ഇന്റന്‍സീവ് കെയര്‍ ബെഡുകളും, വെന്റിലേറ്ററുകളും ലഭ്യമാണെന്നതാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.