CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 48 Minutes 2 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ എന്ന് അവസാനിക്കും? ഋഷി സുനാകും, മാറ്റ് ഹാന്‍കോകും തമ്മില്‍ പോരാട്ടം രൂക്ഷം; എന്‍എച്ച്എസ് തകരുമെന്ന ആശങ്ക ആരോഗ്യ സെക്രട്ടറിയെ അന്ധനാക്കുന്നോ?

ജീവന്‍ രക്ഷിക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചുനിര്‍ത്താനുള്ള ഹിമാലയന്‍ ദൗത്യമാണ് ഋഷി സുനാക് നിര്‍വ്വഹിക്കുന്നത്

കൊറോണാവൈറസ് പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ പ്രതിരോധങ്ങളെ നയിക്കുന്ന രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നു. സാമ്പത്തികമായി തിരിച്ചടി നല്‍കുന്ന ലോക്ക്ഡൗണ്‍ എന്ന് അവസാനിപ്പിക്കുമെന്ന ചോദ്യമാണ് പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് കൃത്യമായ പാത നിശ്ചയിച്ചില്ലെങ്കില്‍ കടുത്ത നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചാന്‍സലര്‍ ഋഷി സുനാക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിന് ഇതുസംന്ധിച്ച പ്രസന്റേഷനുകളും ചാന്‍സലര്‍ നടത്തി. എന്നാല്‍ എന്‍എച്ച്എസ് തകര്‍ന്നാല്‍ പഴി തന്റെ തലയില്‍ വന്നുചേരുമെന്ന ആശങ്കയില്‍ ലോക്ക്ഡൗണ്‍ നീക്കുന്ന വിഷയം ചിന്തിക്കാന്‍ പോലും മാറ്റ് ഹാന്‍കോക് ആശങ്കപ്പെടുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. എന്നാല്‍ എന്‍എച്ച്എസിനെ സംരക്ഷിക്കാനുള്ള ദൗത്യമാണ് ഹെല്‍ത്ത് സെക്രട്ടറി നിര്‍വ്വഹിക്കുന്നതെന്ന് ഇദ്ദേഹത്തിന്റെ അനുകൂലികള്‍ ന്യായീകരിക്കുന്നു. 

സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകളില്‍ ദുഃഖവെള്ളി വരെ ഔദ്യോഗിക തീരുമാനം എടുക്കാന്‍ കഴിയില്ലെന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ ദിവസം 700-ലേറെ പേര്‍ മരിച്ചതോടെ ഈസ്റ്ററും കഴിഞ്ഞ് മൂന്നാഴ്ചയെങ്കിലും ലോക്ക്ഡൗണ്‍ നീളുമെന്നാണ് കരുതുന്നത്. പൊതുസ്ഥലങ്ങളും, റോഡുകളും ഒഴിവാക്കി വീടുകളില്‍ ഒത്തുകൂടുന്ന പരിപാടി ബ്രിട്ടനില്‍ തുടരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

ജീവന്‍ രക്ഷിക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചുനിര്‍ത്താനുള്ള ഹിമാലയന്‍ ദൗത്യമാണ് ഋഷി സുനാക് നിര്‍വ്വഹിക്കുന്നത്. ലോക്ക്ഡൗണ്‍ നീണ്ടാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.