CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 46 Seconds Ago
Breaking Now

കൊറോണ ഒരു വശത്ത്, മറുവശത്ത് മരണങ്ങള്‍; ലണ്ടനില്‍ മൂന്ന് മലയാളികള്‍ മരിച്ചു; കണ്ണൂര്‍ സ്വദേശി സിന്റോ മരിച്ചത് കൊവിഡ് ബാധിച്ച്; തൃശ്ശൂര്‍ സ്വദേശി ഇക്ബാല്‍ മരിച്ചത് ശ്വാസസംബന്ധമായ അസുഖങ്ങളുമായി; മകള്‍ക്കൊപ്പം താമസിച്ച റിട്ട. അധ്യാപികയും മരിച്ചു

കൊറോണാവൈറസ് ഒരു വശത്ത് പിടിമുറുക്കുമ്പോള്‍ ബ്രിട്ടനിലെ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തി മൂന്ന് മരണങ്ങള്‍. ലണ്ടന്‍ റെഡ് ഹില്ലില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ്ജ് കൊവിഡ്-19 ബാധിച്ചാണ് മരിച്ചത്. വെറും 36 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ ചെറുപ്പക്കാരനെ കൊറോണ കീഴടക്കിയത്. ലണ്ടനില്‍ മകള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്ന കൊല്ലം സ്വദേശിനി ഇന്ദിരയാണ് )72) മരിച്ച മറ്റൊരാള്‍. റിട്ടയേര്‍ഡ് അധ്യാപികയായ ഇവര്‍ക്കും കൊറോണ പിടിപെട്ടിരുന്നതായി സംശയമുണ്ട്. ഇതിന് പിന്നാലെയാണ് ശ്വാസസംബന്ധമായ അസുഖങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ഇക്ബാല്‍ പുതിയകത്ത് (56) മരണപ്പെട്ടത്. 

കണ്ണൂര്‍ ഇരിട്ടി കീഴ്പ്പിള്ളി അത്തിങ്കല്‍ മുളങ്കുഴി സിന്റോ ജോര്‍ജ്ജിന്റെ മരണവാര്‍ത്തയോടെയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിന് ഞെട്ടലിന്റെ ദിനം ആരംഭിച്ചത്. കൊറോണാവൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞെങ്കിലും രോഗാവസ്ഥ ഭേദപ്പെടാത്ത സാഹചര്യം വന്നതോടെയാണ് 10 ദിവസം മുന്‍പ് സിന്റോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എന്നാല്‍ ശ്വാസതടസ്സം കലശലായതോടെ സിന്റോയെ ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. രോഗം ഭേദപ്പെടുന്നതിന്റെ സൂചനകള്‍ കിട്ടിയതോടെ ആശ്വാസത്തിലേക്ക് വഴിമാറുമെന്ന് കരുതിയ ശേഷമാണ് ഇന്ന് രാവിലെ കാര്‍ഡിയാക് അറസ്റ്റ് മൂലം സിന്റോയുടെ മരണം സംഭവിച്ചത്. യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന ഒരു ചെറുപ്പക്കാരന്റെ മരണം അക്ഷരാര്‍ത്ഥത്തില്‍ യുകെയിലെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ക്രോയ്‌ഡോണില്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കറായി ജോലി ചെയ്തിരുന്ന സിന്റോ പ്രൊഫഷണല്‍ നഴ്‌സാണ്. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. റെഡ്ഹില്‍ സെന്റ് ക്ലെയര്‍ സീറോ മലബാര്‍ മിഷന്‍ അംഗമായിരുന്നു സിന്റോ. കൊറോണ മൂലം മരിച്ചതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് അവസാനമായി കാണാന്‍ പോലും അവസരം ലഭിക്കാതെ ലണ്ടനില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മരണവാര്‍ത്തയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ലണ്ടനില്‍ മറ്റൊരു മലയാളിയുടെ വിയോഗവാര്‍ത്ത കൂടി പുറത്തുവന്നു. നാട്ടില്‍ നിന്നുമെത്തി ലണ്ടനില്‍ മകള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്ന കൊല്ലം ഓടനാവട്ടം സ്വദേശിനിയായ റിട്ടയേര്‍ഡ് അധ്യാപിക ഇന്ദിരയാണ് മരണമടഞ്ഞത്. 72 വയസ്സായിരുന്നു. നഴ്‌സായി ജോലി ചെയ്യുന്ന മൂത്ത മകള്‍ ദീപ, മരുമകന്‍ ദീപക് എന്നിവര്‍ക്കൊപ്പമാണ് 6 മാസമായി താമസിച്ചിരുന്നത്. ഇവരുടെ മരണകാരണം കൊവിഡ്-19 ആണോയെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. 

ഒടുവിലായി ലണ്ടന്‍ വെംബ്ലിയില്‍ നിന്നാണ് മറ്റൊരു മലയാളിയുടെ മരണവാര്‍ത്ത യുകെ മലയാളി സമൂഹത്തെ തേടിയെത്തിയത്. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ഇക്ബാല്‍ പുതിയകത്ത് (56) ആണ് ശ്വാസസംബന്ധമായ അസുഖങ്ങളുമായി മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നെങ്കിലും ഇന്ന് ശ്വാസതടസ്സം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. 

ലണ്ടന്‍ ഡോര്‍ചെസ്റ്റര്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ഇക്ബാലിന് ഭാര്യയും രണ്ടും മക്കളുമുണ്ട്. സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ ജോയിന്റ് സെക്രട്ടറിയായി കൂടിയായ ഇക്ബാലിന്റെ സംസ്‌കാരം മയ്യിത്ത് പീസ് ഓഫ് ഗാര്‍ഡന്‍ ഖബര്‍സ്ഥാനില്‍ നടത്തും. 

സിന്റോയുടെ മരണം കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞെങ്കിലും മറ്റ് രണ്ട് പേരുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുകെയില്‍ കൊറോണാവൈറസ് ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ മലയാളി സമൂഹം മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.