CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 52 Seconds Ago
Breaking Now

കൈവിട്ട കളി വേണ്ടെന്ന മുന്നറിയിപ്പുമായി ചീഫ് സയന്റിസ്റ്റ്; യുകെയില്‍ ആര്‍-റേറ്റ് ഒന്നിന് സമീപം തുടരുന്നു; കൊവിഡ്-19 ബാധിച്ച് 377 പേര്‍ കൂടി മരിച്ചു; ഇംഗ്ലണ്ടില്‍ 3.7 മില്ല്യണ്‍ പേര്‍ക്കും വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് പഠനം; ഏഴില്‍ ഒരാള്‍ മാത്രം ലക്ഷണം പ്രകടമാക്കുന്നു; വൈറസ് രഹസ്യമായി പണി നടത്തുന്നു?

അപകടങ്ങള്‍ പതിയിരിക്കുമ്പോഴും സ്‌കൂള്‍ തുറക്കുന്നതിലും മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ പേരില്‍ ജനങ്ങള്‍ കൈവിട്ട കളിക്ക് നില്‍ക്കേണ്ടെന്ന മുന്നറിയിപ്പുമായി സര്‍ക്കാരിന്റെ മുതിര്‍ന്ന ശാസ്ത്രീയ ഉപദേശകന്‍ സര്‍ പാട്രിക് വാല്ലന്‍സ്. രാജ്യത്ത് വൈറസിന്റെ ആര്‍-റേറ്റ് ഇപ്പോഴും ഒന്നിന് സമീപം അപകടകരമായ നിലയില്‍ തുടരുകയാണ്. ബ്രിട്ടനില്‍ 377 പേരുടെ മരണം കൂടി സ്ഥിരീകരിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. ഇതോടെ യുകെയില്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,837 ആയി.

നിലവില്‍ ഇന്‍ഫെക്ഷന്‍ നിരക്കായ ആര്‍-റേറ്റ് 0.7 മുതല്‍ 0.9 വരെയായി തുടരുന്നുവെന്ന് പാട്രിക് വാല്ലന്‍സ് വ്യക്തമാക്കി. കൊറോണാ കേസുകളുടെ എണ്ണം കുറയുമ്പോഴും, അതിന്റെ വേഗത കുറവാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഒരു രോഗി എത്ര പേരിലേക്ക് വൈറസ് പകരുന്നുവെന്ന നിരക്കാണ് റീപ്രൊഡക്ഷന്‍ റേറ്റ്. ഇത് ഒന്നിന് താഴെ നിന്നില്ലെങ്കില്‍ ബ്രിട്ടന്‍ മറ്റൊരു പ്രതിസന്ധിയിലേക്ക് വീഴും. അതേസമയം ഇംഗ്ലണ്ടില്‍ ഇതിനകം ഏകദേശം 3.7 മില്ല്യണ്‍ പേര്‍ക്ക് കൊറോണാവൈറസ് ബാധിച്ചിരിക്കാമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് മറ്റൊരു ഡാറ്റയില്‍ വിശദീകരിച്ചു.

ഇതോടൊപ്പം മറ്റൊരു ഞെട്ടിക്കുന്ന വിവരവും ഒഎന്‍എസ് വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് കൊവിഡ്-19 പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയ വ്യക്തികളില്‍ തന്നെ ഏഴില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ജനസംഖ്യയില്‍ നിശബ്ദമായി വൈറസ് പടരാനുള്ള സാധ്യതയിലേക്കാണ് ഇവര്‍ വിരല്‍ചൂണ്ടുന്നത്. മഹാമാരിയുടെ മുന്നേറ്റത്തിന്റെ വേഗത കുറഞ്ഞതായി ഒഎന്‍എസ് ഡാറ്റ ആവര്‍ത്തിച്ചു. കൂടാതെ ഇത് സ്ഥിരത കൈവരിച്ചിട്ടുണ്ട്. 

ഓരോ ആഴ്ചയിലും 54000 പേര്‍ക്കാണ് പുതുതായി ഇന്‍ഫെക്ഷന്‍ ്സ്ഥിരീകരിക്കുന്നത്. മെയ് മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഇത് 61,000 ആയിരുന്നു. ദിവസേന 8000 പേരിലേക്ക് വൈറസ് എത്തുന്നുവെന്നത് ചെറിയ കണക്കല്ലെന്ന് പാട്രിക് വാല്ലന്‍സ് വിശദമാക്കി. ഇന്‍ഫെക്ഷന്‍ ഭാരം ഇപ്പോഴും ഉണ്ടെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്, ചെയ്യുന്നതെല്ലാം ഘട്ടം ഘട്ടമായി ശ്രദ്ധയോടെ ചെയ്യണം, മുഖ്യ ശാസ്ത്രജ്ഞന്‍ ഓര്‍മ്മിപ്പിച്ചു. ഇംഗ്ലണ്ടില്‍ 7 ശതമാനം പേര്‍ക്ക്, അതായത് 14ല്‍ ഒരാള്‍ക്ക് വീതം, ഏകദേശം 3.7 മില്ല്യണ്‍ ജനങ്ങള്‍ക്ക് വൈറസ് പിടിപെട്ടിരിക്കാമെന്ന പഠനവും പുറത്തുവന്നിട്ടുണ്ട്. 

ഈ അപകടങ്ങള്‍ പതിയിരിക്കുമ്പോഴും സ്‌കൂള്‍ തുറക്കുന്നതിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിലും മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. 




കൂടുതല്‍വാര്‍ത്തകള്‍.