തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നടന്‍ വിശാലിനോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് സംവിധായകന്‍ മിഷ്‌കിന്‍. എന്നാല്‍ വിശാലിന്റെ അസാന്നിധ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മാപ്പ് പറയാന്‍ ഞാന്‍ തയ്യാറല്ല, വിശാലും അങ്ങനെ തന്നെ ആയിരിക്കും. എന്നാല്‍ എനിക്കവനെ വല്ലാതെ മിസ് ചെയ്യുന്നു. ഞാന്‍ വിശാലിനെ വല്ലാതെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്കിടയിലെ വഴക്ക് അങ്ങനെ തന്നെ നില്‍ക്കുന്നു. വിശാല്‍ മുന്‍കോപിയും എടുത്തുചാട്ടക്കാരനുമാണ്. ഉദാഹരണത്തിന് വിശ്വസ്തരായവര്‍ ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് അവനോട് ചാടാന്‍ പറയുകയാണെങ്കില്‍ അവന്‍ സംശയിച്ചു നില്‍ക്കില്ല. എവിടെ നിന്നാണ് ചാടേണ്ടത് എന്ന് മാത്രം ചോദിക്കും മിഷ്‌കിന്‍ പറഞ്ഞു.
'തുപ്പറിവാളന്‍ 2' വിന്റെ നിര്‍മാതാവ് കൂടിയാണ് വിശാല്‍. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മിഷ്‌കിന്‍ പുറത്ത് പോയത്. സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വ്യക്തമാക്കി വിശാലും രംഗത്ത് വന്നു.