CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 18 Seconds Ago
Breaking Now

യോവില്‍ മലയാളികള്‍ക്ക് ഇത് ചാരിതാര്‍ഥ്യത്തിന്റെ നിമിഷങ്ങള്‍ ; സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസാേസിയേഷന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചു

യുക്മയുടെ 'സ്‌നേഹക്കൂട്' ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഭിമാനകരമായി ഈ നേട്ടം കൈവരിക്കാന്‍ യോവില്‍ മലയാളികള്‍ക്ക് സാധിച്ചത്.

സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കുവാന്‍ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വടക്കന്‍ പറവൂര്‍ എം എല്‍ എ ശ്രീ. വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. 2018ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും, ആയിരക്കണക്കിന് മനുഷ്യര്‍ ഉടുതുണിക്ക് മറുതുണിയില്ലാതായി മാറുകയും ചെയ്ത  വടക്കന്‍ പറവൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ നിര്‍ധന കുടുംബാംഗവും ഭവനം നഷ്ടപ്പെട്ട വ്യക്തിയുമായ എടത്തുരുത്തില്‍ ലാലന്റെ കുടുബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. യുക്മയുടെ 'സ്‌നേഹക്കൂട്' ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഭിമാനകരമായി ഈ നേട്ടം കൈവരിക്കാന്‍ യോവില്‍ മലയാളികള്‍ക്ക് സാധിച്ചത്.

എസ് എം സി എ, യോവില്‍ അസോസിയേഷനില്‍ നിന്നുമുള്ള യുക്മ പ്രതിനിധി ജോ സേവ്യര്‍ പ്രളയകാലത്തെ ഭാരവാഹികളുടെ അനുമതിയോടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അന്ന് യുക്മ പ്രസിഡന്റായിരുന്ന മാമ്മന്‍ ഫിലിപ്പിനെ ഉത്തരവാദിത്വം ഏല്പിച്ച്, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ അക്കൗണ്ട് വഴി തുക കൈമാറുകയും യുക്മയുടെ 'സ്‌നേഹക്കൂട്' ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി ആരംഭിക്കുവാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്. ഇതിനായി  അര്‍ഹനായ ഒരാളെ കണ്ടെത്തുവാന്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച  ആളുകളില്‍ നിന്നും ഏറ്റവും വിഷമമനുഭവിക്കുന്ന ഒരാളെ കണ്ടെത്തുകയും അദ്ദേഹത്തിനും കുടുംബത്തിനുമായി  വീട് നിര്‍മ്മിച്ച് നല്‍കുകയുമാണ് ചെയ്തത്.

മാമ്മന്‍ ഫിലിപ്പ് മുന്‍ യുക്മ പ്രസിഡന്റ് വിജി കെ പി യെ ഭവന നിര്‍മ്മാണത്തിന്റെ കാര്യങ്ങള്‍ നാട്ടില്‍ ഏകോപിപ്പിക്കുവാന്‍ ചുമതലപ്പെടുത്തുകയും അദ്ദേഹം, യുക്മ തിരഞ്ഞെടുത്ത ഭവനം വടക്കന്‍ പറവൂര്‍ മണ്ഡലത്തിയായതിനാല്‍ സ്ഥലം എം എല്‍ എ ആയ വി ഡി  സതീശനുമായി ബന്ധപ്പെട്ട് അര്‍ഹതപ്പെട്ട വ്യക്തിക്ക് ഭവനം പൂര്‍ത്തിയാക്കി നല്‍കുകയുമാണ് ചെയ്തത്. തന്നെ ചുമല തലപ്പെടുത്തിയ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ച വിജി കെ പി ക്ക് യുക്മ ദേശീയ നിര്‍വാഹകസമിതി നന്ദി അറിയിച്ചു.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അംഗ അസോസിയേഷനുകളിലൊന്നായ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ യോവിലിന്റെ  ഒരുമിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു ഭവനം നിര്‍മ്മിച്ചു കൊടുക്കാന്‍ സാധിച്ചത്. യുക്മയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന എസ് എം സി എ യുടെ ഭാരവാഹികളായ ഷിജുമോന്‍ ജോസഫ്, ബേബി വര്‍ഗീസ്, രാജു പൗലോസ്, ജോണ്‍സ് തോമസ്, ടോജോ പാലാട്ടി എന്നിവരുടെയും, യുക്മ പ്രതിനിധികളായ ജോ സേവ്യര്‍, ഉമ്മന്‍ ജോണ്‍, ജിന്റാേ ജോസ് എന്നിവരുടെയും നേത്യത്വത്തിലാണ് പ്രളയദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തിയത്. അസോസിയേഷനിലെ മുഴുവന്‍ കുടുംബങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്.

ലോകമെങ്ങുമുള്ള ആയിരക്കണക്കിന് പ്രവാസി മലയാളി സംഘടനകള്‍ക്ക് യോവില്‍ എസ് എം സി എ മാതൃക ആവുകയാണ്. സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷനും  യുക്മ ദേശീയ നിര്‍വ്വാഹക സമിതിയും സൗത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയും പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.