CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 50 Seconds Ago
Breaking Now

'കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതി അഭിനന്ദനീയം ; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സംവിധായകന്‍ സനല്‍കുമാര്‍

കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. എന്നാല്‍ കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികള്‍ മുഴുവന്‍ മോശമാണ് എന്ന് ആരോപിക്കാന്‍ ഉദ്ദേശിച്ച് എഴുതിയതല്ല ആ കുറിപ്പെന്ന് സനല്‍കുമാര്‍ വിശദീകരിക്കുന്നു.

'കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികള്‍ അപ്പടി മോശമാണ് എന്ന് ആരോപിക്കാന്‍ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല ആ പോസ്റ്റ്. പലരും അങ്ങനെ ഉപയോഗിച്ച് കണ്ടു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം എന്ന് സമാധാനിക്കാനേ വഴിയുള്ളു. പറയാനുദ്ദേശിച്ചത് ഇതാണ് കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികള്‍ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. രോഗം ഉള്ളവരും ഇല്ലാത്തവരുമായ നാല്പതും അന്‍പതും പേര്‍ ആറും ഏഴും മണിക്കൂര്‍ ഒരു സ്ഥലത്ത് കാത്തിരിക്കേണ്ടിവരുന്നത് രോഗ വ്യാപനത്തിന് കാരണമാവും. ഒരു ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് രോഗികളുടെ ഡീറ്റെയിത്സ് ശേഖരിക്കുകയും ടെസ്റ്റിന് ഒരു നിശ്ചിത സമയം നല്‍കുകയും ചെയ്യുകയാണെങ്കില്‍ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഒരേ സമയം മൂന്നോ നാലോ രോഗികള്‍ മാത്രമായി നിയന്ത്രിക്കാം. അത് രോഗികള്‍ക്ക് മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗുണകരമാണ്'.

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ തീര്‍ച്ചയായും വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും സനല്‍കുമാര്‍ വ്യക്തമാക്കി. പക്ഷേ രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറിയ പിഴവുകള്‍ പോലും വലിയ വിപത്തുകള്‍ കൊണ്ടുവരും. കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും സാഹചര്യങ്ങളെ മറികടക്കാന്‍ സന്നദ്ധരാക്കുകയും വേണം. ഒരു കാര്യവും മൂടിവെച്ച് പരിഹരിക്കാന്‍ കഴിയില്ല. തുറന്നു വെക്കണം, കാണണം, പരിഹാരങ്ങള്‍ തനിയേ വരുമെന്നും സനല്‍ കുമാര്‍ വ്യക്തമാക്കി.

രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാല്‍ നമ്മുടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണം. ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ കുറവായിരിക്കുകയും ടെസ്റ്റ് ചെയ്ത് ഫലം പോസിറ്റീവ് ആയാല്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിന് ഒരു സ്ട്രാറ്റജി ഇല്ലതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ടെസ്റ്റിംഗിന്റെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഈ ഗുരുതരമായ ആശയക്കുഴപ്പം എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. തനിക്ക് പനിയും തൊണ്ടവേദനയും കുറവുണ്ടെന്ന് പറഞ്ഞാണ് സനല്‍കുമാര്‍ കുറിപ്പ് അവസാനിപ്പിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.