ജെഫ്രി എപ്‌സിറ്റീന്റെ സെക്‌സ് ടേപ്പുകള്‍ ജിസെലിന്‍ മാക്‌സ്‌വെല്‍ ഇന്‍ഷുറന്‍സ് പോളിസി പോലെ സ്വയം രക്ഷപ്പെടാനായി ഉപയോഗിക്കുമെന്ന് വെളിപ്പെടുത്തല്‍. ന്യൂ ഹാംപ്ഷയര്‍ ബ്രാഡ്‌ഫോര്‍ഡില്‍ കഴിയവെയാണ് 58-കാരിയായ മാക്‌സ്‌വെല്ലിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ആറ് ഫെഡറല്‍ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗിക കടത്തിന് വിധേയമാക്കല്‍, കോടതിയില്‍ തെറ്റായ വിവരം ബോധിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബ്രിട്ടീഷുകാരിയായ മാക്‌സ്‌വെല്‍ എപ്സ്റ്റീന്റെ അടുത്ത സുഹൃത്തും, ഇയാളുടെ ഇടനിലക്കാരിയുമാണെന്നാണ് കരുതുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എപ്സ്റ്റീന് വേണ്ടി ഇവര്‍ എത്തിച്ചിരുന്നതായാണ് വിവരം. ഈ സെക്‌സ് ടേപ്പുകള്‍ തെളിവുകളായി ഇവര്‍ സൂക്ഷിച്ചിട്ടുള്ളതായാണ് ഒരു സുഹൃത്തിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജിസെലിന്‍ ഒറ്റയ്ക്ക് ഒന്നിലും പെടാതിരിക്കാനുള്ള തെളിവുകള്‍ ഇവരുടെ പക്കലുണ്ടെന്നാണ് സുഹൃത്ത് വ്യക്തമാക്കുന്നത്. ഒരു ഒത്തുതീര്‍പ്പിന് ചര്‍ച്ചകള്‍ ഉണ്ടായാല്‍ ഇത് പ്രയോഗിച്ച് ഇവര്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രദ്ധിച്ചിരുന്ന എപ്സ്റ്റീന്‍ തന്റെ അതിഥികളെയും ഈ വിധം തെളിവുകളില്‍ പെടുത്തിയിരുന്നു.
ആഗസ്റ്റില്‍ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ എപ്സ്റ്റീന്‍ വെളിപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്കിലെയും, ലണ്ടനിലെയും പ്രമുഖരുമായി അടുത്ത ബന്ധമുള്ള ജിസെലിന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഫിലിപ്പ് രാജകുമാരന്‍ തുടങ്ങിയവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.