CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 12 Minutes 30 Seconds Ago
Breaking Now

വിധു വിന്‍സന്റ് സംഘടന വിട്ട വിഷയത്തില്‍ വിശദീകരണക്കുറിപ്പുമായി ഡബ്ല്യുസിസി

സംഘടനയെക്കുറിച്ച് ഉന്നയിച്ച  ആരോപണങ്ങളൊന്നും  സംഘടനയ്ക്കുള്ളില്‍ വിധു വിന്‍സന്റ് ഉയര്‍ത്തിയിട്ടില്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്.

വുമണ്‍ ഇന്‍ സിനിമ കളക്ടിവിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും, ഞങ്ങളുടെ സഹപ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ് കളക്ടിവില്‍ നിന്നും അകന്നു നില്‍ക്കാന്‍ എടുത്ത തീരുമാനത്തിലുള്ള ദുഖം ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ.

വുമണ്‍ ഇന്‍ സിനിമ കളക്ടിവിന്റെ തുടക്കം മുതല്‍ തന്നെ, അതിന്റെ രൂപീകരണത്തിലും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിധുവിന്റെ സാന്നിദ്ധ്യം വലിയ മുതല്‍ക്കൂട്ടായിരുന്നു. സര്‍വൈവര്‍സ്സിനുള്ള നിയമ സഹായങ്ങള്‍ നല്‍കുന്നതിനും, മാധ്യമങ്ങളും സര്‍ക്കാരുമായുള്ള നയപരമായ ഇടപെടലുകള്‍ക്ക് നേതൃത്വം വഹിക്കുന്നതിനും, കളക്ടിവിന്റെ ഓരോ പ്രവര്‍ത്തനത്തെയും ശക്തിപ്പെടുത്തുന്നതിനും, വിധുവിനുണ്ടായിരുന്ന പങ്ക് നന്ദിയോടെ ഓര്‍ക്കുന്നു.

പ്രതികൂലമായ സാഹചര്യങ്ങളുടെ ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കളക്ടിവ് എന്ന നിലയില്‍, അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ പരസ്പര സഹകരണമാണ് ഇതിന്റെ ശക്തിയായി പ്രവര്‍ത്തിക്കുന്നത്. പരസ്പരം താങ്ങായി നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. വ്യക്തിപരമായ പല ആക്രമണങ്ങളും ഞങ്ങളില്‍ പലരും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും, കളക്ടിവിന്റെ ദൗത്യം വ്യക്തികള്‍ക്കതീതമാണ് എന്ന ഉത്തമ ബോധ്യത്തില്‍ ഊന്നു നിന്നാണ് ഒറ്റക്കെട്ടായി അവയെ നേരിട്ടുകൊണ്ടിരിക്കുന്നത്.

വിധുവിന്റെ പിന്മാറ്റം അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വിധുവിന്റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം, അതിലെ അപവാദപരമായ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കൂട്ടിച്ചേര്‍ക്കട്ടെ. സംഘടനയെക്കുറിച്ച് ഉന്നയിച്ച ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളില്‍ ഒന്നും തന്നെ, കളക്റ്റീവിനുള്ളില്‍ വിധു ഉയര്‍ത്തിയിട്ടില്ല എന്നതാണ് വസ്തുത. വസ്തുനിഷ്ഠതയാണ് ഈ നിമിഷത്തിന്റെ ആവശ്യകതയും.

അംഗങ്ങളുടെ പ്രൊഫഷണല്‍ ആയിട്ടുള്ള തീരുമാനങ്ങളെ നിയന്ത്രിക്കുകയോ, സിനിമയുടെ രൂപികരണത്തിലോ അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുകയോ, കളക്ടിവ് ചെയ്യാറില്ല. പലപ്പോഴും കലക്റ്റിവിന്റെ നിലപ്പാടുകളെ വിമര്‍ശക്കുന്നവരുമായി വ്യക്തിപരവും തൊഴില്‍പരമായും ഞങ്ങള്‍ എല്ലാവര്‍ക്കും തന്നെ ഇടപെടേണ്ടി വരാറുണ്ട്. കലക്റ്റിവിന്റെ മൂല്യങ്ങളെ ഒന്നും തന്നെ അടിയറ വെയ്ക്കാതെ ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന ചര്‍ച്ചകള്‍ WCC യില്‍ നടക്കാറുണ്ട്. ഈ വസ്തുത, 15.9.2019.ല്‍ നടന്ന മാനേജിങ് കമ്മിറ്റി മീറ്റിങ്ങില്‍, വിധുവിന്റെ സിനിമയുടെ പശ്ചാത്തലത്തിലും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കളക്ടിവിലെ മറ്റ് അംഗങ്ങളുടെ തൊഴില്‍പരമായ ഇടപെടലുകളും ചര്‍ച്ചയുടെ ഭാഗമായിരുന്നു. വിധു അടക്കമുള്ള മറ്റു ചില അംഗങ്ങള്‍ മേല്‍പ്പറഞ്ഞ മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നത് കൊണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായി ആ വിഷയം മാറ്റിവെക്കപ്പെട്ടിരുന്നു. എല്ലാ അംഗങ്ങളുമായി മീറ്റിംഗ് മിനിറ്റ്‌സ് പങ്കുവെച്ചിരുന്നു.

കളക്ടിവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു വര്‍ഷത്തിലധികമായുള്ള വിധുവിന്റെ അകലത്തെ തിരിച്ചറിഞ്ഞ പല അംഗങ്ങളും, വ്യക്തിപരമായി വിധുവിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഒന്നിനും ഫലം കണ്ടില്ല. ഒരു ഘട്ടത്തിലും ഒരു തരത്തിലുമുള്ള വിശദീകരണവും വിധുവില്‍ നിന്നും കളക്ടിവ് ആവശ്യപ്പെട്ടിരുന്നുമില്ല. മറിച്ച്, സംഘടനയില്‍ ഒരു സമയത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ സഹപ്രവര്‍ത്തക തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയായിരുന്നു കളക്ടിവിന്റെതേത്. പരസ്പര വിശ്വാസത്തില്‍ ഊന്നു നിന്ന് കൊണ്ട്, സംഘടനക്കുള്ളില്‍ നിലനില്‍ക്കുന്ന എല്ലാ അംഗങ്ങള്‍ക്കുമുള്ള തുല്യമായ അഭിപ്രായ സ്വാതന്ത്ര്യത്തെ, വിധു ഉത്തരവാദിത്തത്തോടെ വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാനായുള്ള ഒരു അഡ്വക്കസി ഫോറമായാണ് കളക്ടിവ് ആരംഭിച്ചത്. WCC ഒരു പ്രശ്‌ന പരിഹാര സെല്‍ അല്ല. എന്നിരുന്നാലും, പിന്തുണ ആവശ്യപ്പെട്ട് കളക്ടിവിനെ സമീപിച്ചിട്ടുള്ള വനിതകള്‍ക്ക്, വിധു അടക്കമുള്ള എല്ലാ അംഗങ്ങളും പൂര്‍ണമായ സഹകരണവും പിന്തുണയും നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.

കളക്ടിവിന്റെ ഘടനയ്ക്ക് ലാറ്ററല്‍ സ്വഭാവമാണ് ഉള്ളത് എന്നതുകൊണ്ട്, അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും, അംഗങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് സ്വമേധയാ ആണ് നടത്തി വരുന്നത്. സംഘടനക്കകത്തു നിന്നും പുറത്തു നിന്നും വരുന്ന ക്രിയാത്മകമായ വിമര്‍ശനങ്ങളില്‍ നിന്നും കരുത്താര്‍ജ്ജിച്ചു കൊണ്ട്, ഞങ്ങള്‍ വിഭാവനം ചെയ്യുന്ന തലത്തിലേക്ക് വളരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരമായ പരിശ്രമങ്ങളിലൂടെ ഞങ്ങള്‍ നേടിയെടുത്തിട്ടുള്ള സുരക്ഷിതമായ ഇടത്തെ മാനിച്ച് കൊണ്ട്, വിധുവുമായി, സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ക്ക്, കളക്ടിവ് സന്നദ്ധമാണ്.

ഒരു സ്ത്രീ സമത്വവാദ സംഘടന എന്ന നിലയില്‍, സ്ത്രീകളുടെ വിവിധ തരം അനുഭവങ്ങളില്‍ നിന്ന് പഠിക്കുവാനും, എല്ലാ നിലകളില്‍ നിന്നുമുള്ള സ്ത്രീശബ്ദങ്ങള്‍ക്കും സുരക്ഷിതമായ ഒരു ഇടം ഉണ്ടാക്കുവാനും ഞങ്ങള്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരായ ഞങ്ങളുടെ അംഗങ്ങള്‍ തമ്മില്‍ സംവാദങ്ങളും തുറന്ന വിമര്‍ശനങ്ങളും പങ്കുവെക്കാന്‍ ഉള്ള ഒരു ഇടമായി നിലകൊള്ളാനാണ് WCC ശ്രമിക്കുന്നത്. .

ഈ ഒരു സാഹചര്യത്തില്‍ കളക്ടിവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും, സംഘടനയില്‍ വിശ്വാസം പുലര്‍ത്തുകയും ചെയ്യ്ത എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. മാധ്യമങ്ങളിലും പൊതുസമൂഹത്തിലുമുള്ള കളക്ടിവിന്റെ അഭ്യുദയകാംക്ഷികളാണ് ഞങ്ങളെ കൂടുതല്‍ ശക്തരാക്കുന്നത്.

ഭാവിയിലെ വിധുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ഈ കോവിഡ് കാലത്ത്, ശാരീരികവും മാനസികവുമായ ആരോഗ്യം ഏവര്‍ക്കും ഉണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.