CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 22 Seconds Ago
Breaking Now

മരിയഭക്തിയുടെ നിറവില്‍ വാല്‍സിംഗ്ഹാം തിരുനാള്‍ ആചരിച്ചു; പ്രതിസന്ധികളില്‍ സംരക്ഷണമായി മറിയം നിലകൊള്ളുന്നുവെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

വാല്‍സിംഗ്ഹാം: ആയിരക്കണക്കിന് വിശ്വാസികള്‍ അഭയം തേടിയെത്താറുള്ള  വാല്‍സിംഗ്ഹാമിലെ മാതൃസന്നിധിയില്‍ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു തിരുന്നാള്‍ ആചരണം. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ നാലാമത്തെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹ്രസ്വമായി ആചരിച്ചു.   

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടന്ന തീര്‍ത്ഥാടനത്തില്‍ രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട വൈദികരും പരിമിതമായ വിശ്വാസസമൂഹവും പങ്കെടുത്തു.  

ജൂലൈ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാലയോടുകൂടി ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരുന്നത്. ജപമാലക്കു ശേഷം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും നടന്നു. 

ഈ മഹാമാരിയുടെ നിഴലില്‍ വാല്‍സിംഗ്ഹാമിലെ പരിശുദ്ധ അമ്മയ്ക്കായി രൂപതാകുടുംബത്തെ മുഴുവന്‍ സമര്‍പ്പിക്കുന്നതായും മറിയത്തിന്റെ മാര്‍ഗനിര്‍ദേശവും സംരക്ഷണവും യാചിക്കുന്നതായും അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. മറിയത്തില്‍ അഭയം തേടുന്നതും പ്രയാസങ്ങളിലും  അപകടങ്ങളിലും അവളുടെ മാതൃനന്മയില്‍ സമാധാനം തേടുന്നതും കത്തോലിക്കരുടെ പതിവാണ്. ഏറ്റവും അനുഗ്രഹീതയായ ഈ കന്യകയിലൂടെ പാടുകളോ ചുളിവുകളോ ഇല്ലാതെ പൂര്‍ണ്ണതയിലെത്തുവാന്‍  സഭക്ക് കഴിഞ്ഞിട്ടുണ്ട്.  ദൈവം അലങ്കരിക്കുന്ന അതേ മഹത്വത്തില്‍ പരിശുദ്ധ കന്യകയെ നാം  സ്വീകരിച്ചാല്‍, സാത്താന്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടും. ഈശോമിശിഹായെ  പരിശുദ്ധ അമ്മ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തതുപോലെ, നമ്മുടെ ജീവിതത്തിലും ദൗത്യത്തിലും മറിയത്തെ  സ്വീകരിക്കാനുള്ള ദൈവത്തിന്റെ പദ്ധതി അംഗീകരിക്കാന്‍ സഭ നമ്മെ വിളിക്കുന്നതായും പിതാവ് ഉദ്‌ബോധിപ്പിച്ചു. 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിനുശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപതയുടെ ആഭിമുഖ്യത്തിലാണ് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം നടന്നുവരുന്നത്. ഓരോ വര്‍ഷവും ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് മാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരാറുള്ളത്. എന്നാല്‍ ഇത്തവണ  കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് തങ്ങള്‍ ആയിരിക്കുന്നിടത്തു നിന്ന് തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ സാധ്യമാകുന്ന രീതിയില്‍ രൂപതയുടെ  ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തിരുനാള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. 

 

ഫാ. ടോമി എടാട്ട് 

 




കൂടുതല്‍വാര്‍ത്തകള്‍.