CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 3 Seconds Ago
Breaking Now

അയോധ്യയില്‍ ബാബ്‌റി മസ്ജിദിന് പകരമായി നിര്‍മ്മിക്കുന്ന പള്ളിയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന് പോകില്ലെന്ന് യോഗി ആദിത്യനാഥ് ; ഹിന്ദുവെന്ന നിലയില്‍ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നും വിശദീകരണം

പള്ളിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ലെന്നും തന്നെ ആരും ക്ഷണിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയില്‍ ബാബ്‌റി മസ്ജിദിന് പകരമായി നിര്‍മ്മിക്കുന്ന പള്ളിയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന് പോകില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ഹിന്ദുവെന്ന നിലയ്ക്ക് ആരാധാന സ്വാതന്ത്ര്യം തനിക്കുണ്ട്. പള്ളിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ലെന്നും തന്നെ ആരും ക്ഷണിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.  ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു മതവുമായും ഒരു പ്രശ്‌നവും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഫ്താര്‍ പരിപാടിയില്‍ തൊപ്പിയുമണിഞ്ഞ് നില്‍ക്കുന്നവര്‍ മതേതരക്കാരാണെന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അക്കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം എബിപി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു മതവിഭാഗത്തില്‍നിന്നും അകലം സൂക്ഷിക്കില്ല. എന്നാല്‍ ഒരു യോഗി എന്ന നിലയില്‍ ഞാന്‍ തീര്‍ച്ചയായും പള്ളിയുടെ പരിപാടിയ്ക്ക് പോകില്ല. ഒരു ഹിന്ദുവെന്ന നിലയ്ക്ക് ആരാധാന സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. എന്നെ ആരും ക്ഷണിക്കില്ല. എനിക്ക് അവിടെ പോകേണ്ട കാര്യമില്ല' അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള ശിലാസ്ഥാപനം നിര്‍വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി മത ചടങ്ങില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന വിമര്‍ശനം ചില കോണുകളില്‍ ഉയര്‍ന്നിരുന്നു. ട്രസ്റ്റിനാണ് ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതലയെന്നും ക്ഷേത്രനിര്‍മ്മാണ പരിപാടികളില്‍നിന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിട്ടുനില്‍ക്കണമെന്നുമായിരുന്നു നിരവധി പേര്‍ ആവശ്യപ്പെട്ടത്. ക്ഷേത്രനിര്‍മ്മാണ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കണമെന്ന ആവശ്യവും ചില കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് താന്‍ ഇല്ലെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.