CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes Ago
Breaking Now

ആയിരം കടന്ന് പുതിയ കേസുകള്‍; ബ്രിട്ടന്‍ രണ്ടാംഘട്ട വ്യാപനമെന്ന ബോറിസിന്റെ പ്രവചനം സത്യമായോ? വൈറസ് ബാധിച്ച് ആര് മരിച്ചാലും മരണസംഖ്യയില്‍ ഉള്‍പ്പെടുന്നത് സര്‍ക്കാരിന് ഇഷ്ടമാകുന്നില്ല; ദൈനംദിന മരണസംഖ്യ സ്ഥിരീകരണം നിര്‍ത്തിയേക്കും?

സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല

'രണ്ടാഴ്ചയ്ക്കുള്ളില്‍ ബ്രിട്ടനില്‍ കൊറോണാവൈറസ് രണ്ടാംഘട്ട വ്യാപനം സംഭവിച്ചേക്കാം', പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ ആശങ്ക പങ്കുവെയ്ക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് പലരും ആശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ രണ്ടാഴ്ചയോട് കാര്യങ്ങള്‍ അടുക്കുമ്പോള്‍ ആശ്വാസം ആശങ്കയ്ക്ക് വഴിമാറുകയാണ്. ആറാഴ്ചയ്ക്ക് ഇടയിലുള്ള ഏറ്റവും വലിയ കുതിപ്പാണ് പോസിറ്റീവ് രോഗികളുടെ കാര്യത്തില്‍ നേരിട്ടിരിക്കുന്നത്. 1062 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടനില്‍ ആകെ രോഗികളുടെ എണ്ണം 310,825 എത്തി. 

ജൂണ്‍ 25ന് 1118 കേസുകള്‍ ഒരൊറ്റ ദിവസം സ്ഥിരീകരിച്ച ശേഷം ഇത്രയും കുതിപ്പ് ഇതാദ്യമാണ്. ജൂലൈ 28നാണ് രണ്ടാംഘട്ട വ്യാപനം സംഭവിക്കമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രിയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ശ്രോതസ്സ് വെളിപ്പെടുത്തിയത്. ബീച്ചുകളിലും മറ്റും യാതൊരു സാമൂഹിക അകലമോ, നിബന്ധനകളോ പാലിക്കാതെ ഒഴുകിയെത്തുന്ന ജനങ്ങളെ കണ്ടതിന്റെ ഞെട്ടല്‍ ഒഴിയും മുന്‍പാണ് കേസുകള്‍ ഉയരുന്നത് മറ്റൊരു ഞെട്ടല്‍ സമ്മാനിക്കുന്നത്. അതേസമയം രാജ്യത്തിന്റെ മരണനിരക്ക് കുറഞ്ഞ് തന്നെ തുടരുന്നു. എട്ട് പേരുടെ മരണം കൂടി ഔദ്യോഗിക പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 

സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെ ബ്രിട്ടനിലെ ഔദ്യോഗിക കൊറോണ മരണങ്ങള്‍ പ്രഖ്യാപിക്കുന്ന പരിപാടി നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മരണങ്ങള്‍ കണക്കാക്കുന്ന രീതിയില്‍ സര്‍ക്കാരിനുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണം. വൈറസ് മരണങ്ങള്‍ അധികൃതര്‍ പെരുപ്പിച്ച് കാണിക്കുന്നതായാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രഖ്യാപിച്ച അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ദൈനംദിന മരണസംഖ്യക്ക് പകരം പ്രതിവാര മരണസംഖ്യ പ്രഖ്യാപിക്കുന്നതിലേക്ക് നീങ്ങാനാണ് നിര്‍ദ്ദേശമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മറ്റ് കാരണങ്ങള്‍ മൂലം മരിക്കുന്നവരെയും ദൈനംദിന മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നതാണ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നത്. കൊറോണ പോസിറ്റീവ് ആകുകയും, ഇവര്‍ക്ക് വിജയകരമായ ചികിത്സ ലഭ്യമാക്കുകയും ചെയ്ത ശേഷം മരിച്ചാല്‍ പോലും ഇവരെ ഔദ്യോഗിക മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നതായാണ് വിമര്‍ശനം. മൂന്ന് മാസത്തിന് ശേഷം ഹൃദയാഘാതം വന്നാലോ, ബസ് ഇടിച്ച് മരിച്ചാലോ ഇതാണ് സ്ഥിതിയെന്ന് അക്കാഡമിക്കുകള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് സര്‍ക്കാര്‍ വിഷയം പുനരാലോചിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.