CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 7 Seconds Ago
Breaking Now

വാക്‌സിന്‍ ദേശീയതയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന; സ്വന്തം പൗരന്‍മാരെ മാത്രമല്ല പാവപ്പെട്ട രാജ്യങ്ങളിലുള്ളവര്‍ക്കും വാക്‌സിന്‍ പങ്കുവെയ്ക്കണം!

കോവാക്‌സ് എന്ന പേരില്‍ അന്താരാഷ്ട്ര സ്‌കീം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിന് ഫണ്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

ഭാവിയില്‍ കൊറോണാവൈറസ് വാക്‌സിന്‍ പുറത്തിറങ്ങുമ്പോള്‍ ആഗോള ഐക്യദാര്‍ഢ്യം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിന് ഇടയില്‍ ചേര്‍ന്ന മൂന്ന് ദിവസത്തെ വേള്‍ഡ് ഹെല്‍ത്ത് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡബ്യുഎച്ച്ഒ മേധാവി. ഒരുമിച്ച് നിന്നാണ് മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടേണ്ടതെന്നും, വാക്‌സിന്‍ പാവപ്പെട്ട രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും മാന്യമായി പങ്കുവെയ്ക്കണമെന്നും ടെഡ്രോസ് അഥാനോം ഗെബ്രെയ്‌സിസ് വ്യക്തമാക്കി. 

'സ്വന്തം പൗരന്‍മാരെ ആദ്യം തന്നെ സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഫലപ്രദമായ വാക്‌സിന്‍ എത്തുമ്പോള്‍ അത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുകയും വേണം. ചില രാജ്യങ്ങളിലെ എല്ലാവരെയും വാക്‌സിന്‍ ചെയ്യുന്നതിന് പകരം എല്ലാ രാജ്യങ്ങളിലെയും ചിലര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് മികച്ച മാര്‍ഗ്ഗം', അദ്ദേഹം വ്യക്തമാക്കി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ വാക്‌സിന്‍ ദേശീയത മഹാമാരിയെ ദീര്‍ഘിപ്പിക്കും, അല്ലാതെ ചുരുക്കില്ല, ഗെബ്രെയ്‌സിസ് ഓര്‍മ്മിപ്പിച്ചു. 

ലോകത്ത് 1.1 മില്ല്യണില്‍ ഏറെ ആളുകളുടെ ജീവനെടുത്ത കൊവിഡ്-19ന് എതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രജ്ഞര്‍. നിരവധി വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍ ഉണ്ടെങ്കിലും പത്തോളം വാക്‌സിനുകളാണ് അന്തിമഘട്ടമായ ഫേസ് 3യില്‍ എത്തിയിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങി ഏതാനും രാജ്യങ്ങള്‍ ഉറപ്പുള്ള വാക്‌സിനുകള്‍ക്ക് ഇപ്പോള്‍ തന്നെ ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഇതോടെ ധനികരല്ലാത്ത രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഏറ്റവും പിന്നില്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ആശങ്ക. 

കോവാക്‌സ് എന്ന പേരില്‍ അന്താരാഷ്ട്ര സ്‌കീം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിന് ഫണ്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കൂടിയാണ് വാക്‌സിന്‍ കണ്ടെത്തിയാല്‍ അത് ആഗോള തലത്തില്‍ പുറത്തിറങ്ങണമെന്ന് ഗെബ്രെയ്‌സിസ് വാദിക്കുന്നതും. 




കൂടുതല്‍വാര്‍ത്തകള്‍.