1999-ല്‍ ഇന്ത്യയുമായി നടത്തിയ യുദ്ധത്തിന് പിന്നില്‍ സൈന്യമല്ല, ഏതാനും ചില ജനറലുമാരെന്ന് പാകിസ്ഥാന് മുസ്ലീം ലീഗ്- എന്‍ മേധാവി നവാസ് ഷെറീഫ്. പാകിസ്ഥാന് സര്‍ക്കാരിനെതിരെയുള്ള 11 പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാമത്തെ സര്‍ക്കാര്‍ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെറീഫ്.
'നിരവധി ധീര സൈനികരുടെ മരണത്തിനും, ലോകത്തിന് മുന്നില്‍ പാകിസ്ഥാനെ നാണംകെടുത്തുകയും ചെയ്ത കാര്‍ഗില്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ച പരിശ്രമങ്ങള്‍ക്ക് പിന്നില്‍ സൈന്യമായിരുന്നില്ല ചില ജനറലുമായിരുന്നു. ഒന്നും നേടാനില്ലാത്ത സ്ഥലത്താണ് സൈന്യത്തെയും, രാജ്യത്തെയും, സമൂഹത്തെയും യുദ്ധത്തിലേക്ക് വലിച്ചെറിഞ്ഞത്. കുന്നുകളിലേക്ക് ഭക്ഷണം പോലുമില്ലാതെ സൈനികരെ അയച്ച വാര്‍ത്ത വേദനാജനകമായിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ പോലും ഉണ്ടായില്ല. അവര്‍ ജീവത്യാഗം ചെയ്തു. ഇതുകൊണ്ട് രാജ്യത്തിനും, സമൂഹത്തിനും എന്ത് നേട്ടമുണ്ടായി?', ലണ്ടനില്‍ നിന്ന് വീഡിയോ ലിങ്ക് വഴി സംസാരിക്കവെ ഷെറീഫ് ചോദിച്ചു.
കാര്‍ഗില്‍ യുദ്ധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജനറലുമാരാണ് 1999 ഒക്ടോബര്‍ 12ന് നടന്ന അട്ടിമറിക്കും ഗൂഢാലോചന നടത്തിയത്. ഇവരുടെ പ്രവൃത്തികള്‍ മറച്ചുവെച്ച് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു അട്ടിമറി. പര്‍വേസ് മുഷാറഫും, അയാളുടെ കൂട്ടാളികളും സൈന്യത്തെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ച് അവരെ നാണംകെടുത്തി, ഷെറീഫ് കൂട്ടിച്ചേര്‍ത്തു. ഇമ്രാന് ഖാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്ത് സമരമുഖത്തുള്ളത്. ഇമ്രാനും പാക് സൈന്യത്തിന്റെ കളിപ്പാവയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.